സർക്കാർ എല്ലാവരുടെയും സര്‍ക്കാറാണെന്ന് തോന്നുന്നില്ല; തെരഞ്ഞെടുപ്പിൽ സമദൂര സിദ്ധാന്തം -കെ.ആർ.എൽ.സി.സി
text_fieldsകൊച്ചി: സംസ്ഥാന സര്‍ക്കാറിന്റെ പ്രവർത്തനങ്ങളിലും നിലപാടിലും അതൃപ്തി അറിയിച്ച് കെ.ആര്.എല്‍.സി.സി പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍. ലത്തീന്‍ കത്തോലിക്ക സമിതിയുടെ നയരൂപവത്കരണ സമിതിയായ കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെ.ആര്.എല്‍.സി.സി) ജനറല്‍ അസംബ്ലിക്കുശേഷം വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ എല്ലാവരുടെയും സര്‍ക്കാറാണെന്ന് തോന്നുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ലത്തീന്‍ സമുദായം ഉന്നയിക്കുന്ന പ്രശ്നങ്ങളോട് നിഷേധാത്മക സമീപനം പുലര്‍ത്തുന്ന സര്‍ക്കാര്‍ നിലപാടില്‍ സഭക്ക് അമര്‍ഷമുണ്ടെന്നും പറഞ്ഞു.
വരുന്ന പാർലമെൻറ് തെരഞ്ഞെടുപ്പിലും പ്രശ്നാധിഷ്ഠിത-മൂല്യാധിഷ്ഠിത സമദൂര രാഷ്ട്രീയ നിലപാടില്‍ സഭ ഉറച്ചുനില്‍ക്കും. മാറ്റേണ്ട അവസ്ഥ വന്നാല്‍ മാറിച്ചിന്തിക്കും. സര്‍ക്കാറിന്റെ ദയാരഹിതവും ശത്രുതാ മനോഭാവത്തോടെയുമുള്ള സമീപനം അതിഗൗരവത്തോടെയാണ് ലത്തീന്‍ കത്തോലിക്കര്‍ നോക്കിക്കാണുന്നത്.
കേരളത്തിന്റെ അധികാരഘടനയിലും ജനാധിപത്യ സംവിധാനത്തിലും പ്രാതിനിധ്യം നിഷേധിക്കപ്പെട്ടിരിക്കുന്ന ജനസമൂഹമാണ് ലത്തീന്‍ കത്തോലിക്കർ. ഇതുസംബന്ധിച്ച് വസ്തുനിഷ്ഠമായി വിലയിരുത്തുന്നതിന് ജാതിസര്‍വേ പരിഗണിക്കണമെന്നും അവശ്യപ്പെട്ടു.
വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, അസോസിയറ്റ് ജനറല്‍ സെക്രട്ടറി ഡോ. ജിജു അറക്കത്തറ, കെ.എല്‍.സി.എ സംസ്ഥാന പ്രസിഡന്റ് ഷെറി ജെ. തോമസ് തുടങ്ങിയവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.