കെ.എസ്.ഹംസയുടെ സ്ഥാനാർഥിത്വം; സുന്നി വോട്ടിൽ കണ്ണുവെച്ച് സി.പി.എം
text_fieldsമലപ്പുറം: മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കിയ കെ.എസ്. ഹംസയെ, പൊന്നാനി ലോക്സഭ മണ്ഡലത്തിൽ സ്ഥാനാർഥിയാക്കാനുള്ള സി.പി.എം തീരുമാനത്തിന് പിന്നില്‍ ബഹുമുഖ ലക്ഷ്യം.
മണ്ഡലം സി.പി.ഐയിൽനിന്ന് ഏറ്റെടുത്തത് മുതൽ മൂന്നു തവണ പയറ്റിയ ‘സ്വതന്ത്ര തന്ത്രം’ പുതിയ ചേരുവകളോടെയാണ് ഇക്കുറി പരീക്ഷിക്കുന്നത്. അപ്രതീക്ഷിത നീക്കത്തിലൂടെയാണ് കെ.എസ്. ഹംസയുടെ രംഗപ്രവേശം. ഇരു സമസ്തകളുമായും മറ്റു മുസ്ലിം സംഘടനകളുമായും ഏറെ ബന്ധമുള്ളയാളാണ് ഹംസ.
ഒരു മുശാവറ അംഗമടക്കം നാല് സമസ്ത നേതാക്കളും കാന്തപുരം വിഭാഗത്തിന്റെ രണ്ടു പ്രതിനിധികളും മുഖ്യമന്ത്രിയെ സന്ദർശിച്ചാണ് ഹംസയെ മത്സരിപ്പിക്കണമെന്ന ആവശ്യമുന്നയിച്ചതെന്നാണ് സൂചന.
അതുവരെ പൊന്നാനിയിലേക്ക് വി. വസീഫിനെ പരിഗണിച്ച സി.പി.എം, അതോടെ നിലപാട് മാറ്റി. സമസ്തയിലെ ഒരു വിഭാഗം ഹംസക്കുവേണ്ടി രംഗത്തിറങ്ങിയത് കോഴിക്കോടും കാസർകോടും അടക്കം മണ്ഡലങ്ങളില്‍ ഗുണം ചെയ്യുമെന്ന വിലയിരുത്തലും സി.പി.എം നടത്തി.
ഇത്തവണ പാർട്ടി ചിഹ്നത്തിൽ സ്ഥാനാർഥി വേണമെന്ന സി.പി.എം ജില്ല നേതൃത്വത്തിന്റെ നിർദേശം മറികടന്നാണ് പൊന്നാനിയിൽ വീണ്ടും പൊതുസ്വതന്ത്രനെ അവതരിപ്പിക്കുന്നത്. ലീഗിനും സമസ്തക്കും ഇടയിലെ അകൽച്ച മുതലെടുക്കുക, കാന്തപുരം ഗ്രൂപ്പ് അടക്കം മറ്റു മുസ്ലിം സംഘടനകളുമായി ഹംസക്കുള്ള അടുപ്പം വോട്ടാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ സി.പി.എമ്മിനുണ്ട്.
ലീഗ് സംഘടന സംവിധാനം അറിയാവുന്ന ഹംസക്ക് ഇത് ഫലപ്രദമായി ഉപയോഗിക്കാനാവുമെന്നാണ് സി.പി.എം കരുതുന്നത്. മുഈനലി തങ്ങൾ ചെയർമാനായ ഹൈദരലി തങ്ങൾ ഫൗണ്ടേഷന്റെ കൺവീനറുമാണ്.
പ്രവർത്തകനിൽ നിന്ന് സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി വരെയായ കെ.എസ്. ഹംസ തൃശൂർ ചേലക്കര തൊഴുപ്പാടം സ്വദേശിയാണ്. കഴിഞ്ഞ മാർച്ചിലാണ് ഹംസയെ അച്ചടക്കലംഘനം ആരോപിച്ച് ലീഗ് പുറത്താക്കിയത്.
പാർട്ടി യോഗങ്ങളിലെ ചർച്ച മാധ്യമങ്ങൾക്ക് ചോർത്തി നൽകിയതിന് സസ്പെൻഡ് ചെയ്യപ്പെട്ട ഹംസ, ലീഗ് സംസ്ഥാന കൗൺസിൽ യോഗത്തിനെതിരെ കോടതിയെ സമീപിച്ച് വാർത്തകളിൽ ഇടംനേടിയിരുന്നു. പിന്നീട് കുഞ്ഞാലിക്കുട്ടി വിരുദ്ധരുടെ കൂട്ടായ്മ രൂപപ്പെടുത്താൻ നേതൃത്വം നൽകി. തൃശൂർ ദേശമംഗലം മലബാർ കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി ചെയർമാനാണ്.
കാലങ്ങളായി സി.പി.ഐ കൈവശംവെച്ച പൊന്നാനി സ്വതന്ത്രരെ ഇറക്കി പിടിക്കാമെന്ന പ്രതീക്ഷയിൽ 2009ലാണ് സി.പി.എം ഏറ്റെടുത്തത്. തുടർന്ന് മൂന്ന് തെരഞ്ഞെടുപ്പുകളിലും മത്സരിപ്പിച്ചത് സ്വതന്ത്രരെ.
2009ൽ കാന്തപുരം ഗ്രൂപ്പിന്റേയും പി.ഡി.പിയുടേയും പിന്തുണയോടെ ഗോദയിലിറങ്ങിയത് ഡോ. ഹുസൈൻ രണ്ടത്താണി. 2014ൽ മുൻ കോൺഗ്രസ് നേതാവ് വി. അബ്ദുറഹിമാൻ, 2019ൽ നിലമ്പൂർ എം.എൽ.എ പി.വി. അൻവർ. മൂന്ന് തെരഞ്ഞെടുപ്പിലും എതിരാളി ഇ.ടി. മുഹമ്മദ് ബഷീർ. ലക്ഷത്തിന് മുകളിലായിരുന്ന ഭൂരിപക്ഷം ആദ്യ രണ്ടു തവണ കുറക്കാനായി എന്നതാണ് നേട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.