പൊന്നാനിയില്‍ സി.പി.എം ചുമക്കുന്നത് പിണറായിയെ അപമാനിച്ച കെ.എസ്. ഹംസയെ -വി.ഡി. സതീശൻ
text_fieldsകോട്ടയം: പൊന്നാനിയില്‍ ലോക്സഭ സ്ഥാനാർഥിയായി സി.പി.എം ചുമക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനെ അപമാനിച്ച കെ.എസ്. ഹംസയെ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പിണറായി വിജയനെ കുത്തിന് പിടിച്ച് പുറത്താക്കണമെന്നും കേരളത്തിന് നാണക്കേടാണെന്നും പറഞ്ഞ കെ.എസ് ഹംസയെയാണ് പൊന്നാനിയില്‍ എല്‍.ഡി.എഫ് സ്ഥാനാർഥിയാക്കിയത്. ഇക്കാര്യത്തില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നുണ്ടോയെന്ന് ഹംസയും പിണറായിയെ അപമാനിച്ച ഹംസയെ ചുമക്കാന്‍ തയാറാണോയെന്ന് സി.പി.എമ്മും വ്യക്തമാക്കണമെന്ന് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
ലാവ്‌ലിന്‍ കേസ് അന്തിമതീര്‍പ്പിനായി മെയ് ഒന്നിന് സുപ്രീംകോടതിയും കിഫ്ബി മസാല ബോണ്ട് ഇടപാട് ഈ മാസം 27നും 28നും ഇഡിയും പരിഗണിക്കുന്ന സാഹചര്യത്തിലാണ് ലാവ്‌ലിന്‍ കേസിലെ സാക്ഷിയും കിഫ്ബി സി.ഇ.ഒയുമായ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം. എബ്രാഹാമിന് കാബിനറ്റ് റാങ്ക് പദവി നൽകിയതെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ചരിത്രത്തില്‍ ആദ്യമായി മുഖ്യമന്ത്രിയുടെ സ്റ്റാഫ് അംഗത്തിന് കാബിനറ്റ് പദവി നല്‍കുന്നത് നിര്‍ണായകമായ രണ്ടു കേസുകളില്‍ മുഖ്യമന്ത്രി പിണറായി വിജയന് മനുഷ്യകവചം തീര്‍ക്കാനാണ്.
സംസ്ഥാന ഖജനാവില്‍ നിന്ന് ഭാരിച്ച പണം ചെലവഴിച്ചാണ് മുഖ്യമന്ത്രി സ്വന്തം തടി സംരക്ഷിക്കാന്‍ നോക്കുന്നത്. കെ.എം. എബ്രഹാം ചീഫ് സെക്രട്ടറിയായി വിരമിച്ചശേഷം കിഫ്ബി സി.ഇ.ഒ ആയി നിയമിക്കപ്പെട്ടപ്പോള്‍ പെന്‍ഷന്‍ തുക കുറച്ച ശേഷമാണ് പുതിയ തസ്തികയില്‍ ശമ്പളം നല്‍കേണ്ടിയിരുന്നത്. എന്നാല്‍, ചീഫ് സെക്രട്ടറിയെന്ന നിലയില്‍ ലഭിച്ചിരുന്ന 2.25 ലക്ഷം രൂപയേക്കാള്‍ അരലക്ഷം രൂപ കൂട്ടി 2.75 ലക്ഷം രൂപയാണ് ശമ്പളം നല്‍കിയത്. 2019 മുതല്‍ എല്ലാവര്‍ഷവും 10 ശതമാനം വര്‍ധനയുമുണ്ട്. ഇതിനു പുറമേയാണ് ഇപ്പോള്‍ കാബിനറ്റ് പദവി നൽകിയത്. മന്ത്രിമാര്‍ക്ക് സമാനമായ ആനുകൂല്യങ്ങളാണ് അദ്ദേഹത്തെ കാത്തിരിക്കുന്നതെന്നും സതീശൻ പറഞ്ഞു.
കിഫ്ബി മസാല ബോണ്ട് വഴി സമാഹരിച്ച 2150 കോടി രൂപ സമാഹരിച്ചത് 9.723 ശതമാനം എന്ന കൊള്ളപ്പലിശക്കായിരുന്നു. ഇത് ആഭ്യന്തര വിപണിയിലെ പലിശയേക്കാള്‍ വളരെ കൂടുതലായിരുന്നു. വിദേശത്ത് മസാല ബോണ്ട് വാങ്ങിക്കൂട്ടിയത് ലാവ്‌ലിന്‍ കമ്പനിയുമായി അടുത്ത ബന്ധമുള്ള സി.ഡി.പി.ക്യൂ. എന്ന കമ്പനിയാണ്. മസാല ബോണ്ട് ഇടപാടില്‍ കിഫ്ബി ഉദ്യോഗസ്ഥര്‍ ഈ മാസം 27, 28 തീയതികളിലാണ് ഇ.ഡിക്കു മുന്നില്‍ ഹാജരാകേണ്ടത്. ലാവ്‌ലിന്‍ കേസില്‍ 72-ാം സാക്ഷിയായി മുഖ്യമന്ത്രിക്കെതിരേ മൊഴി കൊടുത്തതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ സ്വാധീനിക്കാന്‍ വിരമിച്ച ഉടനേ കിഫ്ബി സി.ഇ.ഒ ആയി നിയമിച്ചതെന്ന് ആക്ഷേപമുണ്ട്. ലാവ്‌ലിന്‍ കേസ് അന്തിമ നടപടികളിലേക്കു നീങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ സഹായം പിണറായി വിജയന് അനിവാര്യമാണെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.