കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസ്: പി.എസ്.സിയുടെ മറപിടിച്ച് സംവരണ അട്ടിമറി
text_fieldsതിരുവനന്തപുരം: സർക്കാർ സർവിസിലെ ഉന്നത തസ്തികകളിൽ മുന്നാക്ക വിഭാഗങ്ങളുടെ സമ്പൂർണ ആധിപത്യത്തിന് വഴിയൊരുക്കിയുള്ള കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസിലെ (കെ.എ.എസ്) സംവരണ അട്ടിമറി പി.എസ്.സിയുടെ മറപിടിച്ച്.
സർക്കാർ േജാലിയിലുള്ളവർക്ക് കെ.എ.എസിൽ വീണ്ടും സംവരണം നൽകുന്നതിലെ വ്യക്തത തേടി പി.എസ്.സി സർക്കാറിന് നൽകിയ പ്രത്യേക കുറിപ്പിെൻറ ചുവടുപിടിച്ചാണ് സംവരണ വ്യവസ്ഥയിലെ അപ്രതീക്ഷിത പിന്മാറ്റം. ഇതോടെ, ഏറെ കൊട്ടിഗ്ഘോഷിക്കപ്പെടുന്ന കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസിെൻറ തുടക്കം തന്നെ കല്ലുകടിയായി. സെക്രേട്ടറിയറ്റിലെ അണ്ടർ സെക്രട്ടറി മുതൽ തുടങ്ങുന്ന ഉന്നത തസ്തികകളാണ് കെ.എ.എസിൽ ഉൾപ്പെടുത്തിയത്. സ്ട്രീം ഒന്ന്, രണ്ട്, മൂന്ന് വിഭാഗങ്ങളിലായാണ് നിയമനരീതി. ബിരുദ യോഗ്യതയുള്ള ആർക്കും അപേക്ഷിക്കാവുന്ന സ്ട്രീം ഒന്നിലും സർവിസിലെ ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്ന സ്ട്രീം രണ്ടിലും നേരിട്ടുള്ള നിയമനവും സ്ട്രീം മൂന്നിൽ ബൈ ട്രാൻസ്ഫർ രീതിയിലും നിയമനം നടത്തുമെന്നാണ് സ്പെഷൽ റൂൾ കരടിലുണ്ടായിരുന്നത്.
ഗസറ്റഡ് തസ്തികയിലുള്ളവർക്കായി നടത്തുന്നതാണ് സ്ട്രീം മൂന്നിലെ ബൈ ട്രാൻസ്ഫർ നിയമനം. മന്ത്രിസഭ അംഗീകരിച്ച ഇൗ കരട് പി.എസ്.സിക്ക് വിട്ടതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. കെ.എ.എസ് സ്പെഷൽ റൂൾ ചർച്ചചെയ്യാൻ മാത്രമായി പി.എസ്.സി പ്രത്യേക യോഗവും ചേർന്നു. സർവിസിലുള്ള സംവരണ വിഭാഗങ്ങൾക്ക് നിയമനത്തിെൻറ ആദ്യഘട്ടത്തിൽ സംവരണാനുകൂല്യം ലഭിച്ചതിനാൽ വീണ്ടും നൽകുന്നത് ശരിയല്ലെന്ന നിർദേശം യോഗത്തിൽ ചിലർ ഉന്നയിച്ചു.
സമാന വിഷയത്തിലുണ്ടായ കോടതിവിധികളും തെളിവായി അംഗങ്ങൾ ചൂണ്ടിക്കാട്ടി. പുതിയ നിയമനമെന്ന നിലക്ക് സംവരണം വേണമെന്ന നിലപാട് പി.എസ്.സിയിൽ ഉയർന്നെങ്കിലും ഭൂരിപക്ഷം പേരും അത് അംഗീകരിച്ചില്ല. യോഗത്തിലെ ധാരണപ്രകാരം സംവരണ കാര്യത്തിൽ വ്യക്തത ആവശ്യപ്പെട്ട് പി.എസ്.സി സർക്കാറിന് കത്തെഴുതി. പി.എസ്.സി ഉന്നയിച്ച കാര്യത്തിന് സർക്കാർ മറുപടി നൽകിയിട്ടില്ലെങ്കിലും കരടിൽ ഭേദഗതി വരുത്തുന്നതാണ് പിന്നീട് കണ്ടത്.സർക്കാർ സർവിസിലുള്ള ബിരുദ യോഗ്യതയുള്ള ആർക്കും അപേക്ഷിക്കാവുന്ന സ്ട്രീം രണ്ടിലെ സംവരണ നിബന്ധന സ്പെഷൽ റൂൾ കരടിൽനിന്ന് പൂർണമായും നീക്കി. എന്നാൽ, പിന്നാക്ക വിഭാഗങ്ങൾക്ക് അപേക്ഷിക്കുന്നതിനുള്ള ഉയർന്ന പ്രായപരിധി നിലനിർത്തുകയും ചെയ്തു.
സംവരണം പ്രായപരിധിയിൽ മാത്രം ഒതുക്കിയെന്നതാണ് ഏറെ കൗതുകകരം. സംവരണ വ്യവസ്ഥ മാറ്റിയ പുതിയ കരട് നടപ്പാക്കണമെന്നാണ് ജീവനക്കാരുടെയും സംഘടനകളുടെയും നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.