കെ.എ.എസിൽ സംവരണ അട്ടിമറിക്ക് വീണ്ടും നീക്കം
text_fieldsതിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസിൽ (കെ.എ.എസ്) രണ്ട്, മൂന്ന് ധാരകളിലെ നിയമന സംവരണം അട്ടിമറിക്കാൻ വീണ്ടും തിരക്കിട്ട നീക്കം. രണ്ട്, മൂന്ന് ധാരകളിൽ സംവരണം ഉറപ്പാക്കണമെന്നാണ് നിയമസെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ് സർക്കാറിന് നിയമോപദേശം നൽകിയത്. ഇത് അവഗണിച്ച്, അഡ്വക്കറ്റ് ജനറൽ അഡ്വ.സി.പി. സുധാകരപ്രസാദിെൻറ റിപ്പോർട്ട് അംഗീകരിച്ച് മുന്നോട്ടു പോകാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. നിയമസെക്രട്ടറിയുടെയും അഡ്വക്കറ്റ് ജനറലിെൻറയും നിയമോപദേശം പരസ്പരവിരുദ്ധമാണ്. എന്നാൽ, രണ്ട്, മൂന്ന് ധാരകളിൽ സംവരണം ബാധകമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞിരുന്നു.
എല്ലാ നിയമനങ്ങളിലും സംവരണം ഉറപ്പാക്കണമെന്നാണ് നിയമസെക്രട്ടറിയുടെ റിപ്പോർട്ട്. സംസ്ഥാന പട്ടിക വിഭാഗ കമീഷനും ന്യൂനപക്ഷ കമീഷനും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. സംവരണ നിഷേധത്തിനെതിരെ പട്ടികജാതി ക്ഷേമ സമിതി നേതാവ് കെ. സോമപ്രസാദ് എം.പി മുഖ്യമന്ത്രിക്ക് നിവേദനം നൽകുകയും പട്ടിക വിഭാഗ സംവരണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മുഖ്യമന്ത്രിയുടെ കത്തും സോമപ്രസാദിെൻറ നിവേദനവുമാണ് നിയമോപദേശത്തിനായി എ.ജിക്ക് നൽകിയത്. അതേസമയം, നിരവധി പിന്നാക്ക സംഘടനകൾ സംവരണ നഷ്ടം ചൂണ്ടിക്കാട്ടി നിവേദനം നൽകിയിരുന്നു. ഇക്കാര്യം സർക്കാർ പരിഗണിച്ചില്ല. നിയമോപദേശത്തിനായി കൈമാറിയിട്ടുമില്ല. പട്ടിക വിഭാഗ സംവരണ ആവശ്യം മാത്രമേ സർക്കാർ പരിഗണിച്ചുള്ളൂ.
കെ.എ.എസ് പുതിയ തസ്തികയാണെന്നതും എല്ലാ തസ്തികയിലേക്കും മത്സര പരീക്ഷയുടെ അടിസ്ഥാനത്തിലാണ് നിയമനമെന്നതും പരിഗണിക്കാതെയാണ് എ.ജിയുടെ നിയമോപദേശം. സീനിയോറിറ്റി പരിശോധിച്ച് ഡി.പി.സി (വകുപ്പുതല പ്രമോഷൻ കമ്മിറ്റി) ചേർന്നാണ് സ്ഥാനക്കയറ്റം നൽകുന്നത്. എന്നാൽ, കെ.എ.എസിൽ എല്ലാം മത്സര പരീക്ഷകളുടെ അടിസ്ഥാനത്തിലാണ്. രണ്ടാം ധാരയിൽ കരട് സ്പെഷൽ റൂൾസിൽ സംവരണം ഉറപ്പാക്കിയിരുന്നു. അവസാന നിമിഷത്തിൽ അത് വെട്ടി. പട്ടിക-പിന്നാക്ക വിഭാഗങ്ങൾക്ക് സ്ഥാനക്കയറ്റത്തിലൂടെ എത്താൻ കഴിയുന്ന തസ്തികകളാണ് കെ.എ.എസിലേക്ക് മാറ്റിയത്.
മത്സര പരീക്ഷ വരുന്ന കെ.എ.എസിൽ അവർക്ക് എത്തുക പ്രയാസമാകും. ഒരു കാഡറിലെ മൂന്നിൽ രണ്ടും സ്ഥാനക്കയറ്റത്തിനായി മാറ്റിവെക്കുന്ന രീതിയില്ല. മൂന്നിൽ രണ്ട് തസ്തികകളും നിയമവിരുദ്ധമായി സ്ഥാനക്കയറ്റമാക്കിയ ശേഷം അവയിൽ സംവരണം ബാധകമല്ലെന്ന നിലപാടാണ് കൈക്കൊണ്ടത്. ഇത്തരം വിഷയങ്ങളൊന്നും എ.ജി പരിഗണിച്ചില്ല.
സംവരണം വേണ്ട –എ.ജി
ബൈട്രാൻസ്ഫറിനും പ്രമോഷനും സംവരണം ബാധകമെല്ലന്നും നേരിട്ട് നിയമനത്തിനേ ബാധകമാകൂവെന്നും അഡ്വക്കറ്റ് ജനറൽ. അതിനാൽ കെ.എ.എസിലെ രണ്ട്, മൂന്ന് ധാരകളിൽ കെ.എസ്.എസ്.ആറിെല 14 മുതൽ 17 വരെയുള്ള വകുപ്പുകൾ പ്രകാരമുള്ള സംവരണം ബാധമല്ല. സ്ഥാനക്കയറ്റത്തിനോ ബൈട്രാൻസ്ഫറിനോ കേരളത്തിൽ സംവരണമില്ല. അതുകൊണ്ടുതന്നെ രണ്ട്, മൂന്ന് ധാരകളിലെ സംവരണം നിയമാനുസൃതമല്ല. കെ.എ.എസിൽ ഇതു നടപ്പാക്കിയാൽ പ്രത്യാഘാതം ഉണ്ടാകും. മറ്റു ബൈട്രാൻസ്ഫർ നിയമനങ്ങളെ ബാധിക്കും. സംവരണ ആവശ്യമുയരും. ഇന്ദിരാസാഹ്നി കേസിൽ സ്ഥാനക്കയറ്റത്തിന് സംവരണം ബാധകമാക്കരുതെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. രണ്ട്, മൂന്ന് ധാരകളിൽ സംവരണം വേണ്ടെന്നാണ് അഭിപ്രായം. െസലക്ഷനിൽ വിവേചനം പാടില്ല. മികവാണ് നോക്കേണ്ടത്.
വേണം –നിയമസെക്രട്ടറി
കെ.എ.എസ് നിയമനങ്ങളിൽ പട്ടിക വിഭാഗ സംവരണം ഉറപ്പാക്കണമെന്ന് പട്ടിക വിഭാഗ കമീഷൻ നിർദേശിച്ചിരുന്നു. ഇതിലാണ് സർക്കാർ നിയമസെക്രട്ടറിയുടെ അഭിപ്രായം ആരാഞ്ഞത്. പട്ടിക വിഭാഗത്തിന് രണ്ട്, മൂന്ന് ധാരകളിലും സംവരണം നൽകണമെന്ന് നിയമോപദേശത്തിലുണ്ട്. ഇപ്പോൾ 100ൽ ആറ് തസ്തികകളാണ് കിട്ടുക.
രണ്ട് ധാരകളിൽ അവരെ ഒഴിവാക്കിയാൽ 100ൽ രണ്ട് മാത്രമാകും. ബൈട്രാൻസ്ഫർ, പ്രേമാഷൻ എന്നിവയിലും പട്ടിക വിഭാഗ സംവരണം ആകാമെന്ന് റിപ്പോർട്ടിലുണ്ട്. മതിയായ പ്രാതിനിധ്യം ഇല്ലെങ്കിൽ സ്ഥാനക്കയറ്റത്തിന് സംവരണം ആകാമെന്ന സുപ്രീംകോടതി വിധിയുണ്ട്. ചട്ടത്തിെൻറ തലക്കെട്ട് എന്തായാലും നിയമന രീതി മത്സര പരീക്ഷയുടെ അടിസ്ഥാനത്തിലാണ്. സർക്കാർ ജീവനക്കാർക്കായി മത്സരം പരിമിതപ്പെടുത്തി എന്നേയുള്ളൂ. സർക്കാർ ജീവനക്കാർക്ക് സംവരണം ബാധകമാക്കാൻ ജോലി രാജിെവച്ച് മത്സര പരീക്ഷ എഴുതുകയേ മാർഗമുള്ളൂ. ഇൗ വ്യവസ്ഥ കോടതിയിൽ പിടിച്ചു നിൽക്കില്ല -നിയമസെക്രട്ടറിയുടെ റിപ്പോർട്ട് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.