കുറഞ്ഞ നിരക്കിൽ അർബുദ മരുന്ന് ഉൽപാദനത്തിനൊരുങ്ങി കെ.എസ്.ഡി.പി
text_fieldsകലവൂർ: മിതമായ നിരക്കിൽ കാൻസർ മരുന്നുകളുടെ ഉൽപാദന പദ്ധതികളുമായി കെ.എസ്.ഡി.പി. ഇതിനായി ആലപ്പുഴ കലവൂരിലെ ഓങ്കോളജി ഫാർമ പാർക്കിൽ പുതിയ പ്ലാന്റ് സ്ഥാപിക്കും. 20ഓങ്കോളജി മരുന്നുകൾ കമ്പനി കണ്ടെത്തിയിട്ടുണ്ട്. സാധാരണക്കാരന് താങ്ങാവുന്ന വിലയിൽ മരുന്നുകളുടെ ഉൽപാദനം നടത്തുന്നതിനായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിനെയും (ഐ.സി.എം.ആർ), സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനെയും (സി.ഡി.എസ്.സി.ഒ) സമീപിച്ചിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമുള്ള പ്രശസ്ത ഓങ്കോളജിസ്റ്റുകളുമായി കമ്പനി ചർച്ച നടത്തുകയും ചെയ്തു. റീജിയനൽ കാൻസർ സെന്ററുമായും മലബാർ കാൻസർ സെന്ററുമായും കെ.എസ്.ഡി.പിയുടെ സഹകരണമുണ്ട്.
കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് മുഖേനയുള്ള ഫണ്ട് ഉപയോഗിച്ച് ഏകദേശം 231 കോടി രൂപയുടെ മൊത്തം നിക്ഷേപത്തിൽ കലവൂരിലെ 6.38 ഏക്കർ സ്ഥലത്താണ് കാൻസർ മരുന്ന് ഉൽപാദന കേന്ദ്രം ആരംഭിക്കുന്നത്. വിശദമായ പ്രോജക്ട് റിപ്പോർട്ടിന് സംസ്ഥാനസർക്കാർ അംഗീകാരം നൽകി. കേന്ദ്രം പ്രവർത്തന സജ്ജമാകുന്നതോടെ പ്രതിവർഷം ആറ് കോടി ഗുളികകളും നാലര കോടി ക്യാപ്സ്യൂളുകളും 37 ലക്ഷം ഇൻട്രാവനസ് മരുന്നുകളും നിർമിക്കാനാകും.
കേരള സർക്കാരിന് മരുന്നുകൾ എത്തിക്കുക എന്ന പ്രാഥമിക ലക്ഷ്യത്തോടെ 1971-ൽ സ്ഥാപിതമായ കെ.എസ്ഡി.പി, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ സർക്കാർ ആശുപത്രികളിലേക്കും സ്ഥാപനങ്ങളിലേക്കും മരുന്നുകൾ എത്തിക്കുന്നുണ്ട്. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ക്യാൻസർ രോഗബാധിതരുടെ എണ്ണം വർധിക്കുകയാണ്. മറ്റ് സാംക്രമികേതര രോഗങ്ങളെ അപേക്ഷിച്ച് ഏകദേശം മൂന്നിരട്ടി കൂടുതലാണ് കാൻസർ പരിചരണത്തിന്റെ ചെലവ്. കെ.എസ്.ഡി.പിയിൽ ഉത്പാദനം തുടങ്ങുന്നതോടെ കാൻസർ രോഗികൾക്ക് മിതമായ നിരക്കിൽ മരുന്നുകൾ ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.