‘ഓഫ് പീക്കി’ലും വർധിച്ച ഉപയോഗം; ഇരുട്ടിൽതപ്പി കെ.എസ്.ഇ.ബി
text_fieldsതിരുവനന്തപുരം: ‘പീക്ക്’ സമയം കടന്ന് ‘ഓഫ് പീക്കിലും’ വൈദ്യുതി ഉപഭോഗം വർധിക്കുന്നത് കെ.എസ്.ഇ.ബിയുടെ പ്രതിസന്ധി കൂട്ടുന്നു. നിലവിൽ പീക്ക് സമയം വൈകീട്ട് ആറു മുതൽ പത്ത് വരെയാണ്. രാത്രി 12 വരെ ഇത് നീട്ടേണ്ട വിധമാണ് വൈദ്യുതി ഉപഭോഗം. ഇതുമായി ബന്ധപ്പെട്ട നഷ്ടം നികത്തണമെന്ന വാദം കെ.എസ്.ഇ.ബിയിൽ ശക്തമാണ്.
പ്രതിമാസം 500 യൂനിറ്റിന് മുകളിൽ ഉപയോഗിക്കുന്ന ടി.ഒ.ഡി ബില്ലിങ് രീതിയുള്ള ഉപഭോക്താക്കൾക്ക് രാത്രി 10 മുതൽ രാവിലെ ആറു വരെയുള്ള ‘ഓഫ് പീക്ക്’ സമയത്ത് പകൽ സമയ നിരക്കിനേക്കാൾ 10 ശതമാനം നിരക്കിളവ് നൽകുന്നുണ്ട്. പീക്ക് സമയത്ത് പകൽ നിരക്കിനേക്കാൽ 20 ശതമാനം തുക അധികമായി നൽകണം. രാത്രി 10ന് ശേഷവും വലിയതോതിൽ വൈദ്യുതി ഉപയോഗിക്കുന്നതും പകൽ സമയത്തേതിനേക്കാൽ കുറഞ്ഞ നിരക്ക് തുടരുന്നതും വലിയ സാമ്പത്തിക ബാധ്യത വരുത്തുന്നുവെന്നാണ് കെ.എസ്.ഇ.ബി വിലയിരുത്തൽ. വർഷം ശരാശരി 15 കോടിയോളം രൂപ ഇങ്ങനെ നഷ്ടമാകുന്നു. 500 യൂനിറ്റിൽ താഴെ ഉപയോഗിക്കുന്നവർക്ക് എല്ലാ സമയത്തും ഒരേനിരക്കാണ്. വർഷങ്ങളായി പീക്ക് സമയം കഴിഞ്ഞും വലിയതോതിൽ വൈദ്യുതി ഉപഭോഗം ഉണ്ടാകുന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2022 മാർച്ച്, മേയ് മാസങ്ങളിലെ ചില ദിവസങ്ങളിൽ രാത്രി 10.30 കഴിഞ്ഞ് പീക് ഡിമാന്ഡുണ്ടായി. 2023 മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലും പല ദിവസവും 10.30ന് ശേഷം ഉയർന്ന ഉപയോഗം രേഖപ്പെടുത്തി. ഈ സാഹചര്യത്തിൽ പീക്ക് സമയമാറ്റം അനിവാര്യമാണെന്ന പൊതു അഭിപ്രായമാണ് കെ.എസ്.ഇ.ബിയിലുള്ളത്.
ഇതിന് റെഗുലേറ്ററി കമീഷൻ അനുമതി ആവശ്യമാണ്. വൈദ്യുതി ലഭ്യതയിലേയും ഉപഭോഗത്തിലേയും അന്തരം വർധിച്ചുവരുന്നതിനാൽ കണക്കുകൾ സഹിതം കമീഷനെ ഇത് ബോധ്യപ്പെടുത്തിയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.