ഇല്ലാത്ത നഷ്ടം ഈടാക്കാൻ ശ്രമം; കെ.എസ്.ഇ.ബി ജീവനക്കാർക്ക് പ്രതിഷേധം
text_fieldsപാലക്കാട്: വൈദ്യുതിശേഷി കമ്പ്യൂട്ടറിൽ രേഖപ്പെടുത്തിയതിൽ വന്ന പിഴവിന്റെ പേരിൽ, ഉണ്ടാകാത്ത നഷ്ടം ഈടാക്കാനുള്ള കെ.എസ്.ഇ.ബി നീക്കത്തിൽ ജീവനക്കാർക്ക് പ്രതിഷേധം. തൃശൂർ നടത്തറ ഇലക്ട്രിക്കൽ സെക്ഷനിൽ ജോലിചെയ്തിരുന്ന ജീവനക്കാരിൽനിന്നാണ് ഒമ്പതു ലക്ഷം രൂപയിൽ കൂടുതൽ പിഴ ഈടാക്കാൻ ശ്രമം തുടങ്ങിയിരിക്കുന്നത്. ഉപഭോക്താവിന്റെ ഫിക്സഡ് ചാർജ് ഈടാക്കാൻ ഉപയോഗിക്കുന്ന കോൺട്രാക്ട് ഡിമാൻഡ് കമ്പ്യൂട്ടറിൽ അടിച്ചപ്പോൾ 107 കെ.വി.എ എന്നതിനു പകരം 10.7 കെ.വി.എ ആയി രേഖപ്പെടുത്തിയതാണ് പരാതിക്കിടയാക്കിയത്. 2005ലെ തെറ്റ് 2015-2018 വരെയുള്ള ഓഡിറ്റ് പരിശോധനയിലാണ് കണ്ടെത്തിയത്.
തുടർനടപടിയെന്ന നിലയിൽ റീജനൽ ഓഡിറ്റ് ഓഫിസറുടെ നിർദേശപ്രകാരം ഉപഭോക്താവിന് ഒമ്പതു ലക്ഷം രൂപയുടെ ബിൽ കെ.എസ്.ഇ.ബിയിൽ നിന്ന് നൽകി. ഉപഭോക്താവ് വൈദ്യുതി തർക്കപരിഹാര ഫോറത്തിൽ പരാതി നൽകുകയും ബിൽ റദ്ദാകുകയും ചെയ്തു. തർക്കപരിഹാര ഫോറം ഉത്തരവിൽ കെ.എസ്.ഇ.ബിക്ക് ഇത്തരത്തിൽ സാമ്പത്തികനഷ്ടമുണ്ടായിട്ടില്ലെന്ന് വ്യക്തമായി പറഞ്ഞിട്ടും ജീവനക്കാരിൽനിന്ന് തുക ഈടാക്കാൻതന്നെയാണ് കെ.എസ്.ഇ.ബി തീരുമാനം. ഉത്തരവ് ഒക്ടോബർ 15ന് ഇറങ്ങി.
107 കെ.വി.എ ആയിരുന്നു കമ്പ്യൂട്ടറിൽ എൻറർ ചെയ്തിട്ടുണ്ടായിരുന്നതെങ്കിൽ ഫിക്സഡ് ചാർജിനത്തിൽ മൂന്നു ലക്ഷം രൂപയും ലോ വോൾട്ടേജ് സർചാർജിനത്തിൽ ആറു ലക്ഷം രൂപയും ഉപഭോക്താവിൽനിന്ന് അധികമായി ഈടാക്കാൻ പറ്റുമായിരുന്നെന്ന് റീജനൽ ഓഡിറ്റ് ഓഫിസർ നിരീക്ഷിച്ചിരുന്നു.
എന്നാൽ, ‘ഡിമാൻഡ്’ അടിസ്ഥാനത്തിൽ ബിൽ ചെയ്യുന്നതിനാൽ ഫിക്സഡ് ചാർജിനത്തിലും എനർജി ചാർജിനത്തിലും കൃത്യമായി കിട്ടേണ്ട തുക കെ.എസ്.ഇ.ബിക്ക് കിട്ടിയിട്ടുണ്ട്. കെ.എസ്.ഇ.ബിയുടെ നിരീക്ഷണത്തിലെ ‘നഷ്ടം’ എന്നു പറയുന്നത് സാങ്കൽപികം മാത്രമാണെന്നും സംഭവിക്കാത്ത നഷ്ടം ജീവനക്കാരിൽനിന്ന് ഈടാക്കണമെന്നത് നീതീകരിക്കാൻ പറ്റുന്നതല്ലെന്നുമാണ് ജീവനക്കാരുടെ അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.