കെ.എസ്.ഇ.ബി; ഇന്ധന സർചാർജ് വർധന നീക്കത്തിന് തിരിച്ചടി
text_fieldsതിരുവനന്തപുരം: വൈദ്യുതി നിരക്ക് വർധനക്കൊപ്പം ഇന്ധന സർചാർജിൽ കൂടി വർധന വരുത്താനുള്ള കെ.എസ്.ഇ.ബി നീക്കത്തിന് തിരിച്ചടി.
നിലവിൽ ഈടാക്കുന്ന ഇന്ധന സർചാർജ് വർധിപ്പിക്കാതെ പിടിച്ചുനിൽക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള കെ.എസ്.ഇ.ബി അപേക്ഷയിൽ വിയോജിപ്പ് പ്രകടിപ്പിച്ച റെഗുലേറ്ററി കമീഷൻ ഉപഭോക്താക്കൾക്ക് മേൽ കൂടുതൽ ഭാരം അടിച്ചേൽപിക്കാനാവില്ലെന്ന് വ്യക്തമാക്കി.
ഇന്ധന സർചാർജായി കെ.എസ്.ഇ.ബി സ്വന്തം നിലക്ക് 10 പൈസയും റെഗുലേറ്ററി കമീഷൻ അനുവദിച്ച തുകയായി ഒമ്പത് പൈസയും പിരിക്കുന്നുണ്ട്. ഒമ്പത് പൈസക്ക് പകരം 17 പൈസയാക്കണമെന്ന ആവശ്യമാണ് കെ.എസ്.ഇ.ബി ഉന്നയിച്ചത്.
കഴിഞ്ഞമാസം സമർപ്പിച്ച അപേക്ഷ പരിഗണിച്ച് ചൊവ്വാഴ്ച നടത്തിയ തെളിവെടുപ്പിലാണ് വൈദ്യുതി നിരക്ക് വർധിപ്പിച്ച ഉടൻ ഇന്ധന സർചാർജ് വർധനയുടെ കൂടി ഭാരം ജനങ്ങളിൽ ചുമത്തുന്നതിലുള്ള വിയോജിപ്പ് കമീഷൻ അറിയിച്ചത്. ഇന്ധന സർചാർജ് ഇനത്തിൽ പിരിക്കേണ്ട നാലുമാസത്തെ തുക ഒരുമിച്ച് കണക്കാക്കി സമർപ്പിച്ചതിൽ തിരുത്തൽ ആവശ്യപ്പെട്ട കമീഷൻ, മൂന്നുമാസത്തെ കണക്ക് സമർപ്പിക്കാൻ കെ.എസ്.ഇ.ബിക്ക് നിർദേശം നൽകി. പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിന്റെ അധികഭാരം മനസ്സിലാക്കുന്നുവെങ്കിലും ഉപഭോക്താക്കളുടെ ഭാഗവും കാണാതിരിക്കാനാവില്ലെന്ന് കമീഷൻ വ്യക്തമാക്കി. ഉപഭോക്താക്കൾക്ക് അധികഭാരം വരുത്താത്തവിധം കണക്കുകൾ തയാറാക്കി സമർപ്പിക്കാനും കെ.എസ്.ഇ.ബിയോട് ആവശ്യപ്പെട്ടു.
2024 ഏപ്രിൽ മുതൽ ജൂലൈവരെ കാലയളവിൽ യൂനിറ്റിന് പത്ത് പൈസ നിരക്കിൽ ഇന്ധന സർചാർജ് ഇൗടാക്കിയ ശേഷമുള്ള അധികബാധ്യതയായ 37.70 കോടി രൂപ ഉപഭോക്താക്കളിൽനിന്ന് ഈടാക്കാൻ അനുവദിക്കണമെന്നായിരുന്നു കെ.എസ്.ഇ.ബിയുടെ ആവശ്യം. അതേസമയം ഇന്ധന സർചാർജ് സംബന്ധിച്ച തെളിവെടുപ്പിൽ ഉപഭോക്താക്കളുടെ നാമമാത്ര പങ്കളിത്തമാണുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.