218.51 കോടി രൂപ ലാഭമല്ല, 738 കോടി നഷ്ടമെന്ന് കെ.എസ്.ഇ.ബി രേഖ
text_fieldsപാലക്കാട്: സർക്കാർ സഹായത്തിന്റെ ആനുകൂല്യത്തിൽ 2023-24ൽ 218.51 കോടി രൂപയുടെ ലാഭം കെ.എസ്.ഇ.ബി അവകാശപ്പെടുമ്പോഴും അതേ വർഷത്തെ അക്കൗണ്ട്സ് സ്റ്റേറ്റ്മെന്റിലെ താൽക്കാലിക കണക്കിൽ നഷ്ടം 737.78 കോടി രൂപ. 767.51 കോടി രൂപ സർക്കാർ സഹായം ലഭിച്ചതോടെ കെ.എസ്.ഇ.ബി 218.51 കോടി രൂപയുടെ ലാഭത്തിലായെന്നാണ് മലപ്പുറം പുത്തൂർ സ്വദേശി കെ. ഷംസുദ്ദീന് കെ.എസ്.ഇ.ബിയിൽനിന്ന് ലഭിച്ച വിവരാവകാശ മറുപടി. ഇക്കാര്യം കെ.എസ്.ഇ.ബി സി.എം.ഡി ബിജു പ്രഭാകർ റെഗുലേറ്ററി കമീഷന്റെ താരിഫ് തെളിവെടുപ്പിൽ തിരുവനന്തപുരത്തും സൂചിപ്പിച്ചിരുന്നു. എന്നാൽ, കെ.എസ്.ഇ.ബി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച അക്കൗണ്ട്സ് സ്റ്റേറ്റ്മെന്റ് 2023-24ൽ 1505.50 കോടിയുടെ നഷ്ടത്തിലാണെന്ന് വെളിപ്പെടുത്തുന്നു.
നഷ്ടമേറ്റെടുത്ത് സംസ്ഥാന സർക്കാർ 767.51 കോടി രൂപ നൽകിയ കണക്കുകൂടി ഉൾപ്പെട്ടാൽ നഷ്ടക്കണക്ക് 737.78 കോടിയായി ചുരുങ്ങിയെന്നാണ് സ്റ്റേറ്റ്മെന്റ് വ്യക്തമാക്കുന്നത്. മാർച്ച് 31 ഓഡിറ്റിന് മുമ്പുള്ള താൽക്കാലിക കണക്കാണിത്. 2022-23ൽ 725.79 കോടി നഷ്ടത്തിലായിരുന്നെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ മാർച്ച് 31ന് സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ കെ.എസ്.ഇ.ബിക്ക് 21,235.89 രൂപ വരവും 22,741.39 രൂപ ചെലവുമുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
അതേസമയം, കെ. ഷംസുദ്ദീന് ഈ മാസം രണ്ടിന് കെ.എസ്.ഇ.ബി നൽകിയ മറുപടിയിൽ 2023-24 വർഷത്തെ താൽക്കാലിക കണക്കുകൾപ്രകാരം കെ.എസ്.ഇ.ബി 218.51 കോടി ലാഭത്തിലാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 2023-24ൽ ശമ്പളയിനത്തിൽ ജീവനക്കാർക്ക് 3110.52 കോടി രൂപ നൽകി. പെൻഷൻ ഇനത്തിൽ പ്രതിമാസം 143 കോടി രൂപ ചെലവ് വരുന്നുണ്ടെന്നും വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം വൈദ്യുതി ഉൽപാദിപ്പിക്കാൻ 1185.68 കോടി രൂപ ചെലവിട്ടു.
ഇതിൽ ജീവനക്കാരുടെ ശമ്പളം, അറ്റകുറ്റപ്പണി ചെലവ്, തേയ്മാനച്ചെലവ്, ഫിനാൻസ് കോസ്റ്റ്, മറ്റ് പൊതുചെലവുകൾ എന്നിവയുൾപ്പെട്ടിട്ടുണ്ടെന്നും വിവരാവകാശ മറുപടിയിൽ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.