കെ.എസ്.ഇ.ബി കടമെടുപ്പിന് സ്മാർട്ട് മീറ്ററിനടക്കം വേണ്ടത് കോടികൾ
text_fieldsതിരുവനന്തപുരം: സ്മാർട്ട് മീറ്റർ നടപ്പാക്കുന്നതടക്കം വിവിധ ചെലവുകൾക്ക് പണത്തിന് വഴിതേടി കെ.എസ്.ഇ.ബി. കേന്ദ്രം നിർദേശിച്ച മാതൃകക്ക് പകരം കേരളം സ്വന്തം നിലയ്ക്ക് സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചതോടെ ഇതിനുള്ള തുക ബോർഡ് വഹിക്കേണ്ടിവരും.
സ്മാർട്ട് മീറ്റർ ഒന്നാംഘട്ടം നടപ്പാക്കാൻ 277 കോടിയാണ് വേണ്ടത്. സ്മാർട്ട് മീറ്ററിന്റെ ആദ്യഘട്ട അനുമതിക്കായി കെ.എസ്.ഇ.ബി തിങ്കളാഴ്ച വൈദ്യുതി റെഗുലേറ്ററി കമീഷന് നൽകിയ ഡി.പി.ആറിലും പദ്ധതിക്കുള്ള പണം സ്വന്തം ഫണ്ടിൽനിന്ന് വിനിയോഗിക്കേണ്ടിവരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
‘കേന്ദ്രം നിർദേശിച്ച ടോട്ടക്സ് മാതൃകയിൽ പദ്ധതി നടപ്പാക്കാത്തതിനാൽ കേന്ദത്തിന്റെ ആർ.ഡി.എസ്.എസ് ഫണ്ടിൽനിന്ന് ഗ്രാൻഡ് കിട്ടില്ലെന്നും കാപക്സ് രീതി ആയതിനാൽ സ്വന്തം പണം കെ.എസ്.ഇ.ബി ചെലവിടേണ്ടിവരും’ എന്നുമാണ് വിശദീകരിക്കുന്നത്.
ഇതുസംബന്ധിച്ച തെളിവെടുപ്പിൽ റെഗുലേറ്ററി കമീഷനും പദ്ധതിക്ക് ഫണ്ട് എങ്ങനെ കണ്ടെത്തുമെന്ന ചോദ്യം കെ.എസ്.ഇ.ബിയോട് ഉന്നയിച്ചിരുന്നു. സംസ്ഥാന സർക്കാർ നിലപാടിന്റെ അടിസ്ഥാനത്തിൽകൂടി നടപ്പാക്കുന്ന പദ്ധതിയായതിനാൽ സർക്കാർ സഹായം പ്രതീക്ഷിക്കുന്നുണ്ട്. സർക്കാർ ഗാരന്റിയോടെയുള്ള വായ്പ സാധ്യതകളും പരിശോധിക്കുന്നു.
വൈദ്യുതി നിരക്ക് വർധന നടപ്പായാൽ വരുമാനത്തിൽ വർധനവ് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അനിവാര്യമായ വിവിധ ചെലവുകൾക്ക് സാധ്യമായ വായ്പകൾക്കുള്ള നീക്കം കെ.എസ്.ഇ.ബി തലപ്പത്ത് നടക്കുന്നുണ്ട്. വരുമാന വർധന ലക്ഷ്യമിട്ട് വേനൽകാലത്ത് അധിക നിരക്ക് ഈടാക്കാനുള്ള ‘സമ്മർതാരിഫ്’ അടക്കം ആവശ്യങ്ങൾ കെ.എസ്.ഇ.ബി ഉന്നയിച്ചിരുന്നു.
ഉപതെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ നീട്ടിവെച്ച നിരക്ക് വർധന വൈകാതെ റെഗുലേറ്ററി കമീഷൻ പ്രഖ്യാപിക്കാനാണ് സാധ്യത.
അതിനിടെ, കെ.എസ്.ഇ.ബിയുടെ വായ്പ അപേക്ഷയിൽ ധനലക്ഷ്മി ബാങ്ക് 75 കോടി വായ്പ അനുവദിച്ചു. ഒമ്പത് ശതമാനം വാർഷിക പലിശ നിരക്കിൽ പ്രതിമാസം അഞ്ച് വർഷംകൊണ്ട് തിരിച്ചടക്കാമെന്ന വ്യവസ്ഥയിലാണിത്. സാമ്പത്തിക ബാധ്യതയുടെ പശ്ചാത്തലത്തിൽ അടുത്തിടെ 500 കോടി റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപറേഷൻ ഓഫ് ഇന്ത്യയിൽനിന്ന് ഹ്രസ്വകാല വായ്പയെടുത്തിരുന്നു. രണ്ട് ഗഡുക്കളായി ഇൗ തുക ഇതിനകം ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.