സമരക്കാർ വെയിലും മഴയും കൊണ്ടിട്ട് കാര്യമില്ല, ഇത് ബിസിനസ് സ്ഥാപനം -കെ.എസ്ഇ.ബി ചെയർമാൻ ബി അശോക്
text_fieldsതിരുവനന്തപുരം: സമരം ചെയ്യുന്നവർ വെയിലും മഴയും കൊണ്ടിട്ട് കാര്യമില്ലെന്ന് കെ.എസ്.ഇ.ബി ചെയർമാൻ ബി അശോക്. കെ.എസ്.ഇ.ബിയിലെ തൊഴിലാളി സമരം നീണ്ടു പോകുന്നതിനിടെയാണ് പ്രതികരണം. കെ.എസ്. ഇ ബി യിൽ യാതൊരു പ്രശ്നവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'കെ.എസ്ഇ.ബി ബിസിനസ് സ്ഥാപനമാണ്, എല്ലാവരും സഹകരിച്ച് മുന്നോട്ട് പോയാലെ രക്ഷപ്പെടുകയുള്ളൂ, കെ.എസ് ഇ ബി സംവിധാനത്തിന്റെ മൗലിക സ്വഭാവം ബലികഴിക്കാൻ തയ്യാറല്ല' -അശോക് കൂട്ടിച്ചേർത്തു.
അതേസമയം കെ.എസ്.ഇ.ബി സമരം അടിയന്തരമായി അവസാനിപ്പിക്കാൻ സിപിഎം ഇടപെടൽ തുടങ്ങി. എ.കെ. ബാലനും എളമരം കരീമും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുമായി ചർച്ച നടത്തി. സർക്കാരും യൂണിയനും വിട്ടുവീഴ്ച ചെയ്യണമെന്നാണ് പാർട്ടി നിലപാട്.
കെ.എസ്.ഇ.ബി സമരം തുടരും
തിരുവനന്തപുരം: സസ്പെൻഷൻ പിൻവലിെച്ചങ്കിലും നേതാക്കളെ വിദൂരങ്ങളിലേക്ക് സ്ഥലംമാറ്റിയ സാഹചര്യത്തിൽ സമരവുമായി മുന്നോട്ടുപോകാൻ കെ.എസ്.ഇ.ബി ഓഫിസേഴ്സ് അസോസിയേഷൻ. രണ്ടുദിവസത്തെ അവധിക്ക് ശേഷം ശനിയാഴ്ച റിലേ സത്യഗ്രഹം പുനരാരംഭിക്കും. മുന്നണിയും വകുപ്പ് മന്ത്രിയും വിഷയത്തിൽ ഇടപെടാതിരിക്കുന്ന സാഹചര്യത്തിൽ ബോർഡിലെ നടപടികൾ അസോസിയേഷന് തിരിച്ചടിയായി. മന്ത്രി ചർച്ച നടത്തണമെന്ന ആവശ്യം സി.പി.എമ്മിലെ ചില നേതാക്കൾ ഉന്നയിച്ചിട്ടുണ്ട്. തിങ്കളാഴ്ചയാകും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ഇനി തലസ്ഥാനത്ത് എത്തുക.
ബുധനാഴ്ച ഫിനാൻസ് ഡയറക്ടറുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ സസ്പെൻഷൻ റദ്ദാക്കാമെന്ന് ഉറപ്പ് നൽകിയെങ്കിലും സ്ഥലംമാറ്റം ഒഴിവാക്കാനാകില്ലെന്ന നിലപാടാണ് കെ.എസ്.ഇ.ബി സ്വീകരിച്ചത്. അത് അസോസിയേഷന് സ്വീകാര്യമായില്ല.
സസ്പെൻഷൻ പിൻവലിച്ച അസോസിയേഷൻ പ്രസിഡന്റ് എം.ജി. സുരേഷ് കുമാറിനെ പെരിന്തൽമണ്ണയിലേക്കും സംസ്ഥാന ഭാരവാഹിയായ ജാസ്മിൻ ബാനുവിനെ സീതത്തോട്ടിലേക്കുമാണ് മാറ്റിയത്. സെക്രട്ടറി ബി. ഹരികുമാറിന്റെ സ്ഥാനക്കയറ്റം തടയുകയും ചെയ്തു. അദ്ദേഹത്തിന്റെ സസ്പെൻഷൻ പിൻവലിച്ച ഉത്തരവിറങ്ങിയിട്ടില്ല. ചെയർമാന്റെ പ്രതികാര നടപടി അംഗീകരിക്കില്ലെന്നും സമരം തുടരുമെന്നും സംഘടന വ്യക്തമാക്കി. ജനാധിപത്യപരമായി സംഘടനകളുമായി കൂടിയാലോചന നടത്തി കാര്യങ്ങൾ നടത്തുന്ന സാഹചര്യം വേണമെന്നാണ് അവരുടെ ആവശ്യം.
പൊതുമേഖലസ്ഥാപനങ്ങൾ ലാഭകരമായും ഫലപ്രദമായും പ്രവർത്തിക്കാനാകുന്ന സാഹചര്യം വേണമെന്ന സി.പി.എം സംസ്ഥാന സമ്മേളനം അംഗീകരിച്ച നയരേഖക്ക് വിരുദ്ധമാണ് സമരമെന്ന ആക്ഷേപം ബോർഡ് ചെയർമാനെ പിന്തുണക്കുന്നവർ ഉയർത്തുന്നുണ്ട്.
വൈദ്യുതി ബോർഡിൽ ജീവനക്കാരുടെ റഫറണ്ടം ഏപ്രിൽ 28ന് നടക്കുന്നുണ്ട്. ഇതിന്റെ പ്രചാരണം നടക്കുന്ന സാഹചര്യത്തിൽ സമരം തുടരുന്നത് സി.ഐ.ടി.യു വർക്കേഴ്സ് അസോസിയേഷനും പ്രയാസം സൃഷ്ടിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.