കെ.എസ്.ഇ.ബി ചെയർമാൻ ബി.ആർ അശോകിനെ മാറ്റി
text_fieldsതിരുവനന്തപുരം: സി.പി.എം അനുകൂല സംഘടനകൾക്ക് അനഭിമതനായ ഡോ. ബി. അശോകിനെ കെ.എസ്.ഇ.ബി ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റി.
കൃഷി വകുപ്പ് സെക്രട്ടറിയായാണ് മാറ്റം. ജല വിഭവ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന രാജൻ ഖൊബ്രഗഡെയാണ് പുതിയ കെ.എസ്.ഇ.ബി ചെയർമാൻ. രണ്ടുമാസത്തേക്ക് ഇദ്ദേഹം അവധിയായതിനാൽ ഊർജ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹക്കായിരിക്കും തൽക്കാലം ചുമതല.
കെ.എസ്.ഇ.ബിയിൽ തൊഴിലാളികളുടെയും ഓഫിസർമാരുടെയും സംഘടനകൾ തുടക്കം മുതൽ ബി. അശോകിനെതിരെ സമരരംഗത്തായിരുന്നു.
ഓഫിസേഴ്സ് അസോസിയേഷൻ നേതാക്കളെ സസ്പെൻഡ് ചെയ്യുകയും സ്ഥലംമാറ്റുകയും ചെയ്തതടക്കമുള്ള നടപടികൾ പോര് മുറുകാൻ കാരണമായി. സ്ഥലംമാറ്റങ്ങളുടെ പേരിലായിരുന്നു തുടക്കം. വൈദ്യുതി ബോർഡ് ആസ്ഥാനത്തിന്റെ സുരക്ഷ വ്യവസായ സുരക്ഷ സേനയെ ഏൽപ്പിക്കാനുള്ള തീരുമാനം പ്രത്യക്ഷസമരത്തിന് കാരണമായി. സി.ഐ.ടി.യു യൂനിയന്റെ നേതൃത്വത്തിൽ ബോർഡ് ആസ്ഥാനത്തിന് മുന്നിൽ സമരം നടന്നു. സുരക്ഷചുമതല പഴയ രീതിയിലേക്ക് മാറ്റാനുള്ള ധാരണയിലാണ് സമരം തീർന്നത്. ഇതിനു പിന്നാലേയാണ് ഓഫിസർമാരുടെ സംഘടനയും ചെയർമാനുമായി കൊമ്പുകോർത്തത്. ദേശീയപണിമുടക്കുമായി ബന്ധപ്പെട്ടായിരുന്നു ഇത്.
അനുമതിയില്ലാതെ അവധിയെടുത്തതിന് വനിതാ എക്സിക്യുട്ടിവ് എൻജിനീയറെ സ്ഥലംമാറ്റിയതാണ് സമരത്തിലേക്ക് നയിച്ചത്. പിന്നീട് ഓഫിസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സുരേഷ് കുമാറിനെ പെരിന്തൽമണ്ണയിലേക്കും സെക്രട്ടറി ഹരികുമാറിനെ പാലക്കാട്ടേക്കും സ്ഥലം മാറ്റി.
സമരങ്ങൾ തുടർന്നതോടെ ഇവരെ സസ്പെൻഡ് ചെയ്തു. ഹരികുമാറിന്റെ സ്ഥാനക്കയറ്റം തടഞ്ഞു. മുന്നണി നേതൃത്വം ഇടപെട്ടാണ് സമരം അവസാനിപ്പിച്ചത്. മന്ത്രിസഭ തീരുമാനിച്ചാൽ ചോറ്റുപാത്രമെടുത്ത് പുതിയ സ്ഥലത്തേക്ക് പോകുമെന്നാണ് തനിക്കെതിരെ കെ.എസ്.ഇ.ബിയിൽ സമരം നടന്ന ഘട്ടത്തിൽ ബി. അശോക് പറഞ്ഞിരുന്നത്.
വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ചെയർമാനെ പൂർണമായും പിന്തുണക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ഒടുവിൽ ഇടതുമുന്നണിയിൽ നടന്ന ചർച്ചയുടെ ഭാഗമായാണ് ബോർഡിലെ സമരം കഴിഞ്ഞ മേയിൽ അവസാനിപ്പിച്ചത്.
രണ്ടു മാസത്തിനു ശേഷമാണ് ബി. അശോകിനെ മാറ്റാനുള്ള സർക്കാർ തീരുമാനം. ബി. അശോക് വൈദ്യുതി ബോർഡ് ചെയർമാൻ സ്ഥാനത്ത് ഒരു വർഷം പൂർത്തിയാകാൻ ഒരു ദിവസം മാത്രം ശേഷിക്കെയാണിത്. മാറ്റം സ്വാഭാവികമാണെന്നും അശോക് മികച്ച ഉദ്യോഗസ്ഥനാണെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.