കെ.എസ്.ഇ.ബിയുടെ ഇരുചക്ര ചാർജിങ് സംവിധാനം മറ്റുസംസ്ഥാനങ്ങളും മാതൃകയാക്കുന്നു
text_fieldsതൃശൂർ: രാജ്യത്താദ്യമായി കേരളത്തിൽ കെ.എസ്.ഇ.ബി പരീക്ഷിച്ച വൈദ്യുതിത്തൂണുകളിലെ ചാർജിങ് പോയന്റ് സംവിധാനം (പോൾ മൗണ്ടഡ് ചാർജിങ് സ്റ്റേഷനുകൾ) മറ്റുസംസ്ഥാനങ്ങളും മാതൃകയാക്കുന്നു.
ആന്ധ്രപ്രദേശ്, ഹൈദരാബാദ്, ഡൽഹി എന്നിവിടങ്ങളിലാണ് വൈദ്യുതിത്തൂണുകളിലെ പോയന്റുകൾ വഴി ഇരുചക്ര-മുച്ചക്ര വാഹനങ്ങളിൽ ചാർജ് ചെയ്യാൻ സൗകര്യമൊരുങ്ങുന്നത്. ആ സംസ്ഥാനങ്ങളിലെ പ്രതിനിധികൾ കെ.എസ്.ഇ.ബി അധികൃതരുമായി ചർച്ചനടത്തി. ഹൈദരാബാദിൽ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു.
അതിനിടെ, സംസ്ഥാനത്ത് തൂണുകളിൽ സജ്ജീകരിക്കുന്ന വൈദ്യുതി ചാർജിങ് സംവിധാനം വ്യാപകമാകുകയാണ്. ഇതുവരെ വിവിധ ജില്ലകളിലായി 412 പോയന്റ് സജ്ജമാക്കി. രണ്ട് മാസത്തിനുള്ളിൽ 1159 എണ്ണം പൂർത്തിയാകുമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.
കോഴിക്കോട്ടാണ് ആദ്യമായി പരീക്ഷണാടിസ്ഥാനത്തിൽ 10 പോയന്റിലുള്ള പദ്ധതി തുടങ്ങിയത്. മൊബിലിറ്റി പ്രമോഷനൽ ഫണ്ടിൽനിന്ന് രണ്ടര ലക്ഷം ചെലവിട്ട പദ്ധതി കഴിഞ്ഞ ഒക്ടോബറിൽ പൂർത്തിയാക്കി.
കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം എന്നിവിടങ്ങളിലെ സ്ഥാപിക്കലും പൂർത്തിയായിട്ടുണ്ട്. ബാക്കി ജില്ലകളിൽ നടപടി പുരോഗതിയിലാണ്.
തൂണുകളിലെ ചാർജിങ് പോയന്റ്
റോഡരികിലും പാർക്കിങ് ഏരിയയിലും പൊതുസ്ഥലങ്ങളിലുമാണ് സ്റ്റേഷനുകൾ സ്ഥാപിക്കുക. വൈദ്യുതിത്തൂണിൽ വൈദ്യുതി അളക്കാനുള്ള എനർജി മീറ്ററും വാഹനം ചാർജ് ചെയ്യുമ്പോൾ അളക്കാനുള്ള സംവിധാനവും ഘടിപ്പിച്ചിരിക്കും. മൊബൈൽ സ്കാനർ ഉപയോഗിച്ച് കോഡ് രേഖപ്പെടുത്തി ചാർജ് ചെയ്തശേഷം തുക മൊബൈൽ ആപ് വഴി വഴി ക്യുആർ കോഡ് സ്കാൻ ചെയ്ത് അടക്കാം.
ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോകൾക്കും മാത്രമല്ല, അടിയന്തര സാഹചര്യങ്ങളിൽ വൈദ്യുതി കാറുകൾക്കും ചാർജ് ചെയ്യാനാകും. ഒമ്പതുരൂപയും ജി.എസ്.ടിയുമാണ് യൂനിറ്റിന് കെ.എസ്.ഇ.ബി ഈടാക്കുന്നത്.
മിന്നും സ്റ്റാർട്ടപ്
വൈദ്യുതി പോസ്റ്റുകളിലെ ചാർജിങ് പോയന്റുകൾ (പോൾ മൗണ്ടഡ് ചാർജിങ് സ്റ്റേഷനുകൾ) രാജ്യത്ത് ആദ്യമായി കേരളത്തിൽ സജ്ജീകരിച്ചതിന് പിന്നിൽ ആറ് വിദ്യാർഥികളുടെ സ്റ്റാർട്ടപ്പാണ്. കോഴിക്കോട് ഗവ. എൻജിനീയറിങ് കോളജിൽനിന്ന് പുറത്തിറങ്ങിയ എം. രാമനുണ്ണി, വി. അനൂപ്, ക്രിസ് തോമസ്, സി. അദ്വൈത്, മിഥുൻ കൃഷ്ണൻ, വിശാഖ് വി. രാജ് എന്നിവരുടെ സ്റ്റാർട്ടപ് സംരംഭമായ 'ചാർജ് മോഡ്' ആണ് സംവിധാനത്തിന്റെ സോഫ്റ്റ്വെയറും ഉൽപന്നങ്ങളും സജ്ജീകരിക്കുന്നത്. 2018ൽ കോളജിൽനിന്ന് ഇറങ്ങിയശേഷം ഇവരാണ് ആശയവുമായി കെ.എസ്.ഇ.ബിയെ സമീപിച്ചത്.
ഇപ്പോൾ കെ.എസ്.ഇ.ബിയിലെ ചുമതലക്കൊപ്പം ഇതേ ഉൽപന്നത്തിന് മറ്റ് സംസ്ഥാനങ്ങളിലും വൻ ഡിമാൻഡാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.