കെ.എസ്.ഇ.ബിക്ക് രൂക്ഷവിമർശനം; മലപ്പുറത്ത് ആവശ്യമായ വൈദ്യുതി നൽകണം- റെഗുലേറ്ററി കമീഷൻ
text_fieldsതിരുവനന്തപുരം: മലപ്പുറം ജില്ലക്ക് ആവശ്യമായ വൈദ്യുതി തടസ്സമില്ലാതെ നൽകണമെന്നും വിതരണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കാര്യക്ഷമമായി ഇടപെടണമെന്നും വൈദ്യുതി റെഗുലേറ്ററി കമീഷൻ. സർക്കാർ നിയന്ത്രണത്തിലെ കമ്പനി എന്ന പരിഗണന പ്രതീക്ഷിക്കരുതെന്നും സേവനങ്ങളിലെ വീഴ്ചക്ക് പിഴയൊടുക്കേണ്ടിവരുമെന്നും കെ.എസ്.ഇ.ബിക്ക് കമീഷൻ മുന്നറിയിപ്പ് നൽകി. മലപ്പുറം ജില്ലയിലെ വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട ഹിയറിങ്ങിലാണ് വിമർശനം.
കെ.എസ്.ഇ.ബി തിരൂർ ഇലക്ട്രിക്കൽ സർക്കിൾ ഓഫിസിന് കീഴിൽ പുതിയ ഹൈടെൻഷൻ കണക്ഷനുകൾ നൽകാത്ത വിഷയത്തിലായിരുന്നു തെളിവെടുപ്പെങ്കിലും മലപ്പുറം, ഇടുക്കി ഉൾപ്പെടെ ജില്ലകളിൽ വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ കമീഷൻ ചൂണ്ടിക്കാട്ടി. മലപ്പുറത്ത് വ്യവസായ ആവശ്യങ്ങൾക്കടക്കം വൈദ്യുതി കിട്ടുന്നില്ലെന്ന പരാതി പരിഹരിക്കാൻ കാര്യമായ ശ്രമമൊന്നും കെ.എസ്.ഇ.ബി നടത്തുന്നില്ല. ഉപഭോക്താവിന് ആവശ്യപ്പെടുന്ന വൈദ്യുതി നൽകാൻ വിതരണ കമ്പനിയെന്ന നിലയിൽ കെ.എസ്.ഇ.ബിക്ക് ഉത്തരവാദിത്വമുണ്ട്. അടുത്ത മൂലധന നിക്ഷേപ പ്ലാനിൽ മലപ്പുറം, ഇടുക്കി ഉൾപ്പെടെ ജില്ലകൾക്ക് പരിഗണന നൽകണം. കണക്ഷനുകൾ നൽകൽ, വോൾട്ടേജ് ക്ഷാമം തുടങ്ങിയവക്ക് എല്ലാ മേഖലക്കും ആവശ്യമായ ഫണ്ട് നീക്കിവെക്കണം. കെ.എസ്.ഇ.ബിയുടെ വികസന പദ്ധതികൾക്ക് ചെറിയ എതിർപ്പുകളുണ്ടെന്ന് കരുതി അതിനെ സമാന്യവത്കരിക്കരുത്. മലപ്പുറത്തെ വ്യവസായ മേഖലയുടെ വളർച്ചക്ക് വൈദ്യുതി കിട്ടാത്തതുമൂലം പ്രതിസന്ധി ഉണ്ടാകാൻ പാടില്ലെന്നും കമീഷൻ അഭിപ്രായപ്പെട്ടു.
ചെയർമാൻ ടി.കെ. ജോസ്, അംഗങ്ങളായ ബി. പ്രദീപ്, അഡ്വ.എ.ജെ. വിൽസൺ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ഹിയറങ്ങിൽ മലപ്പുറം ജില്ലയിൽനിന്നുള്ള ഉപഭോക്താക്കളും വ്യവസായ മേഖല പ്രതിനിധികളും പങ്കെടുത്തു. വോൾട്ടേജ് ക്ഷാമവും അപ്രഖ്യാപിത വൈദ്യുതി മുടക്കവും വ്യാപകമാണെന്ന പരാതി നിരവധിപേർ ശ്രദ്ധയിൽപ്പെടുത്തി.
രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകണം
തിരുവനന്തപുരം: മലപ്പുറത്തെ പ്രശ്നപരിഹാരത്തിന് നടപ്പാക്കാനുള്ള പ്രതിവിധികളടക്കം വിവരിച്ച് രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകാൻ കെ.എസ്.ഇ.ബിക്ക് റെഗുലേറ്ററി കമീഷൻ നിർദേശം നൽകി. കെ.എസ്.ഇ.ബിക്കുവേണ്ടി സീനിയർ കോൺസൽ ഒരു മാസം സമയം അഭ്യർഥിച്ചെങ്കിലും രണ്ടാഴ്ക്കകം നൽകാൻ കമീഷൻ ആവശ്യപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.