കോവിഡ് ബാധിത കുടുംബത്തിന്‍റെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച് കെ.എസ്.ഇ.ബിയുടെ ക്രൂരത
text_fieldsശ്രീകാര്യം: കോവിഡ് ബാധിതരായ കുടുംബം കഴിയുന്ന വീട്ടിലെ വൈദ്യുതി കണക്ഷൻ മുന്നറിയിപ്പില്ലാതെ വിച്ഛേദിച്ച് വൈദ്യുതി ബോർഡിന്‍റെ ക്രൂരത. തിരുവനന്തപുരം പോങ്ങുംമൂട് ശോഭ ഗാർഡൻസ് ഹൗസ് നമ്പർ 38, ആര്യ നന്ദനത്തിൽ കെ.എസ്.ഇ.ബി. റിട്ട. എൻജിനിയർ 83കാരനായ രാജന്‍റെ വീട്ടിലാണ് സംഭവം.
ബില്ല് അടക്കാൻ വൈകിയെന്ന് പറഞ്ഞാണ് കെ.എസ്.ഇ.ബി മെഡിക്കൽ കോളജ് സെക്ഷൻ ജീവനക്കാരുടെ ക്രൂരത. രണ്ട് ദിവസം മുമ്പ് വൈദ്യുതി വിച്ഛേദിക്കുന്നതിനായി കെ.എസ്.ഇ.ബിയിൽ നിന്നും ജീവനക്കാർ എത്തിയിരുന്നു. എന്നാൽ, വീട്ടിൽ എല്ലാവർക്കും കോവിഡ് പോസിറ്റിവ് ആയതിനാൽ പണം അടയ്ക്കാൻ കഴിഞ്ഞില്ല എന്നും അസുഖം മാറി പുറത്തിറങ്ങിയാൽ ഉടൻ തന്നെ പണം അടക്കാമെന്നും പറഞ്ഞിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ തിരികെ പോയി. എന്നാൽ, മുന്നറിയിപ്പില്ലാതെയും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയും ഇന്നലെ ജീവനക്കാരെത്തി ഫ്യൂസ് ഊരി കൊണ്ടുപോവുകയായിരുന്നു.
താൻ കെ.എസ്.ഇ.ബിയിൽ അസി. എൻജിനീയറായിരുന്ന ആളാണ് എന്ന് പറഞ്ഞിട്ടും കേൾക്കാതെയാണ് കണക്ഷൻ വിച്ഛേദിച്ചതെന്ന് രാജൻ പറഞ്ഞു. 83കാരനായ രാജനും വിധവയായ മകളും മകളുടെ രണ്ടു പെൺമക്കളുമാണിവിടെ താമസം. ഇതിൽ മകൾക്കും അവരുടെ പെൺമക്കൾക്കുമാണ് ഇക്കഴിഞ്ഞ 23ന് കോവിഡ് സ്ഥിരീകരിച്ചത്.
മൂന്ന് വർഷം മുൻപ് വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് മകളുടെ ഭർത്താവ് മരണപ്പെട്ടതോടെ 83കാരനായ രാജന്‍റെ തണലിലാണ് ഈ കുടുംബം കഴിയുന്നത്. എന്നാൽ ഒരു മുന്നറിയിപ്പുമില്ലാതെ മനുഷ്യത്വരഹിതമായി ഇന്നലെ രാവിലെയെത്തി വൈദ്യുതി വിച്ഛേദിക്കുകയായിരുന്നു. ഉച്ചയ്ക്ക് ശേഷം തൊട്ടടുത്ത വീട്ടുകാരിലൊരാൾ കെ.എസ്.ഇ.ബിയിൽ പണം അടച്ച ശേഷമാണ് വൈദ്യുതി കണക്ഷൻ പുനസ്ഥാപിച്ചത്. സംഭവം വിവാദമായതോടെ വൈദ്യുതി മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.