കെ.എസ്.ഇ.ബി: വ്യവഹാര വീഴ്ചകൾ ഒഴിവാക്കാൻ ‘ഇ-കേസ് മാനേജ്മെന്റ്’
text_fieldsതിരുവനന്തപുരം: കേസുകളുടെ എണ്ണം വർധിച്ചതോടെ, അവ കൈകാര്യം ചെയ്യുന്നതിലെ വീഴ്ചകൾ ഒഴിവാക്കാൻ ‘ഇ-കേസ് മാനേജ്മെന്റ്’ സംവിധാനം സജ്ജമാക്കാനൊരുങ്ങി കെ.എസ്.ഇ.ബി. ഫയലുകളിൽനിന്ന് ഡിജിറ്റൽ ശേഖരത്തിലേക്ക് വിവിധ കേസുകൾ, തർക്കങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട രേഖകളും വിവരങ്ങളും മാറ്റുകയാണ് ലക്ഷ്യം.
ഇതിനായുള്ള സോഫ്റ്റ്വെയർ തയാറാക്കുന്നതിന് ടെൻഡർ ക്ഷണിച്ച് യോഗ്യരായ ഐ.ടി സ്ഥാപനത്തെ ചുമതലപ്പെടുത്തും. കെ.എസ്.ഇ.ബിയുമായി ബന്ധപ്പെട്ട കേസ് വിവരങ്ങളുടെ ക്രോഡീകരണവും പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നു. കേസുകൾ, കരാറുകളുമായി ബന്ധപ്പെട്ട തർക്കങ്ങൾ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ യഥാസമയം സമാഹരിക്കുക നിലവിൽ ഏറെ ശ്രമകരമാണ്. ഇത് കേസുകളുടെ വിവരങ്ങൾ അടിയന്തരഘട്ടങ്ങളിൽ പരിശോധിക്കുന്നതിനും ഹാജരാക്കുന്നതിനുമടക്കം തടസ്സമാവുന്നുണ്ട്.
കേസ് വിവരങ്ങൾ ഓൺലൈനായി ലഭ്യമാക്കുന്നത് വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട അവലോകനങ്ങൾക്കും അനുബന്ധ പ്രവർത്തനങ്ങൾക്കും ഗുണകരമാവുമെന്നാണ് മാനേജ്മെന്റ് വിലയിരുത്തൽ. കേസുകളുടെ ട്രാക്കിങ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുന്നത് നിയമവിദഗ്ധരുടെ സേവനം അനിവാര്യമായ ഘട്ടങ്ങളിലും സഹായകമാവും. കേസുകൾ പരിഗണിക്കുന്ന തീയതി, വിചാരണഘട്ടം തുടങ്ങി കോടതികളിലെ സ്ഥിതിയും സോഫ്റ്റ്വെയറിൽ ഉൾപ്പെടുത്താനാവുമോയെന്ന് പരിശോധിക്കുന്നുണ്ട്.
കെ.എസ്.ഇ.ബിയുടെ നിലവിലെ സോഫ്റ്റ്വെയറുകളുമായി യോജിപ്പിച്ച് പ്രവർത്തിക്കാനുള്ള സാധ്യതയും ഉപയോഗപ്പെടുത്തും. കേസ് രജിസ്ട്രേഷൻ, ട്രാക്കിങ്, അസൈൻമെന്റ്, ഡോക്യുമെന്റ് മാനേജ്മെന്റ് തുടങ്ങി വിവിധ സൗകര്യങ്ങൾ ഉൾപ്പെടുത്തിയാവും ‘ഇ-കേസ് മാനേജ്മെന്റ്’ സജ്ജമാവുക. പുതുവർഷത്തിൽ പുതിയ സംരംഭം യാഥാർഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.