വിലക്ക് തള്ളി; കെ.എസ്.ഇ.ബി വളഞ്ഞ് ഓഫിസർമാർ, സ്ഥലംമാറ്റം പിൻവലിക്കില്ലെന്ന് ബോർഡ്
text_fieldsതിരുവനന്തപുരം: സമരം വിലക്കിയ ഉത്തരവ് തള്ളി കെ.എസ്.ഇ.ബി ഓഫിസേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ ഓഫിസർമാർ വൈദ്യുതി ബോർഡ് ആസ്ഥാനം വളഞ്ഞു. നേതാക്കളുടെ സ്ഥലംമാറ്റം പിൻവലിക്കണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. എന്നാൽ, സ്ഥലംമാറ്റം റദ്ദാക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് വൈദ്യുതി ബോർഡ്. അതിനിടെ കെ.എസ്.ഇ.ബി ചെയർമാനെതിരെ കടുത്തവിമർശനവുമായി സി.ഐ.ടി.യു രംഗത്തുവന്നു. സമരം മന്ത്രിക്കെതിരല്ലെന്നും ബോർഡ് മാനേജ്മെന്റിനെതിരെയാണെന്നും സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ പറഞ്ഞു.
പ്രശ്നപരിഹാരത്തിന് അസോസിയേഷൻ നേതാക്കൾ രാഷ്ട്രീയ നേതൃത്വത്തെ സമീപിച്ചെങ്കിലും ഇതുവരെയും ധാരണ ഉണ്ടായില്ല. വകുപ്പുമന്ത്രി കെ. കൃഷ്ണൻകുട്ടിയും അസോസിയേഷനുമായുള്ള ചർച്ച ചൊവ്വാഴ്ച നടന്നില്ല. കെ.എസ്.ഇ.ബി ആസ്ഥാനം വളയലാണ് പ്രഖ്യാപിച്ചതെങ്കിലും പ്രധാന ഗേറ്റിൽ പൊലീസ് മാർച്ച് തടഞ്ഞതിനെ തുടർന്ന് മതിലിന് പുറത്താണ് സമരം നടത്തിയത്. ബോർഡ് ഏർപ്പെടുത്തിയ വിലക്ക് അവഗണിച്ച് വിവിധ ജില്ലകളിൽനിന്നായി നൂറുകണക്കിനുപേർ സമരത്തിൽ പങ്കെടുത്തു. അതേസമയം, ചെയർമാന്റെ വാഹനം ജീവനക്കാർ തടഞ്ഞില്ല. ഡ്യൂട്ടിക്കെത്തിയവരെയും കടത്തിവിട്ടു.
ഏതു തമ്പുരാൻ വിചാരിച്ചാലും തൊഴിലാളികളെ വിശ്വാസത്തിലെടുക്കാതെ സ്ഥാപനം വിജയകരമാകില്ലെന്ന് സമരം ഉദ്ഘാടനം ചെയ്ത സി.ഐ.ടി.യു നേതാവ് ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. തൊഴിൽ അവകാശങ്ങൾ ഒരു ഭരണാധികാരിയുടെയും മുന്നിൽ അടിയറ വെക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമരം വകുപ്പു മന്ത്രിയുമായുള്ള സമവായ ചർച്ചക്ക് തടസ്സമാകില്ലെന്ന് അസോസിയേഷൻ നേതാക്കൾ അറിയിച്ചു.
ഈ ഘട്ടത്തിൽ ഇടപെടേണ്ടതില്ലെന്ന് ഹൈകോടതി
കൊച്ചി: കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ നടത്തുന്ന പണിമുടക്കിൽ ഈ ഘട്ടത്തിൽ ഇടപെടൽ ആവശ്യമില്ലെന്ന് ഹൈകോടതി. സമരക്കാർക്കെതിരെ ബോർഡ് കർശന നടപടിയെടുക്കുന്ന സാഹചര്യത്തിൽ നടപടിക്ക് ഹൈകോടതിയുടെ പ്രത്യേക നിർദേശം വേണ്ടതില്ലെന്ന് ഡിവിഷൻ ബെഞ്ച് വാക്കാൽ പറഞ്ഞു. സമരം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് വയനാട് വൈത്തിരി സ്വദേശി അരുൺ ജോസ് നൽകിയ ഹരജിയാണ് കോടതി പരിഗണിക്കുന്നത്. സമരം മൂലം വൈദ്യുതി വിതരണം തടസ്സപ്പെടാനിടയുണ്ടെന്നും പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുമെന്നുമാണ് ഹരജിക്കാരന്റെ വാദം. അതേസമയം, സമരം തുടരുമെന്ന് പ്രഖ്യാപിച്ച കെ.എസ്.ഇ.ബി ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം.ജി. സുരേഷ് കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി കെ.വി. ജയചന്ദ്രൻ നായർ നൽകിയ മറ്റൊരു പൊതുതാൽപര്യഹരജി ഡിവിഷൻ ബെഞ്ച് വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി.
സമരം താൽക്കാലികമായി നിർത്തി
തിരുവനന്തപുരം: വൈദ്യുതി ബോർഡിലെ സി.പി.എം അനുകൂല ഓഫിസർമാരുടെ സംഘടനയുടെ അനിശ്ചിത കാല റിലേ സത്യഗ്രഹം തൽക്കാലം നിർത്തി. വർക്കേഴ്സ് സംഘടനകളുടെ ഹിതപരിശോധന നടക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്നാണ് വിശദീകരണം. പ്രക്ഷോഭം പിൻവലിച്ചിട്ടില്ലെന്നും മേയ് രണ്ടു മുതൽ രണ്ടു മേഖല ജാഥകളും 16 മുതൽ അനിശ്ചിതകാല നിരാഹാര സത്യഗ്രഹവും നടത്താൻ തീരുമാനിച്ചതായി ഓഫിസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം.ജി. സുരേഷ് കുമാർ അറിയിച്ചു. സമരം താൽക്കാലിമായി നിർത്തിയെങ്കിലും നേതാക്കളുടെ സ്ഥലംമാറ്റം റദ്ദാക്കണമെന്ന ആവശ്യം നടപ്പായില്ല. സ്ഥലംമാറ്റം പിൻവലിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ബോർഡ്. ഓഫിസർമാരുടെ സമരം ഒത്തുതീർക്കാൻ മന്ത്രി കെ. കൃഷ്ണൻകുട്ടി അസോസിയേഷൻ നേതാക്കളുമായി ബുധനാഴ്ച ചർച്ച നടത്തും. ചൊവ്വാഴ്ച പ്രതീക്ഷിച്ചിരുന്നെങ്കിലും ചർച്ച നടന്നില്ല. സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട വിഷയത്തിൽ തൊഴിലാളി യൂനിയനുകളുമായി മന്ത്രി ചർച്ച നടത്തുകയും ചെയ്തു. സമരം അടിയന്തരമായി ഒത്തുതീർക്കണമെന്ന ആവശ്യമാണ് സി.പി.എമ്മിൽനിന്ന് ഉയരുന്നത്.
തൊഴിലാളികൾക്ക് സ്ഥാനക്കയറ്റത്തിന് ധാരണ
തിരുവനന്തപുരം: വൈദ്യുതി ബോർഡിൽ 1800ഓളം പേർക്ക് വർക്കറിൽനിന്ന് ലൈൻമാൻ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകാൻ മന്ത്രി കെ. കൃഷ്ണൻകുട്ടി വിളിച്ച ട്രേഡ് യൂനിയനുകളുടെ യോഗത്തിൽ ധാരണയായി. 896 ലൈൻമാൻമാർക്ക് ഗ്രേഡ് ഒന്നിലേക്കും സ്ഥാനക്കയറ്റം നൽകും. നിശ്ചിത വിദ്യാഭ്യാസ യോഗ്യത നേടുന്നതിന് സമയപരിധി നിശ്ചയിച്ച് താൽക്കാലിക സ്ഥാനക്കയറ്റം നൽകുന്നതിന് തടസ്സമില്ലെന്ന് അഡ്വക്കറ്റ് ജനറല് നിയമോപദേശം നൽകിയിരുന്നു. ജീവനക്കാർക്ക് ഐ.ടി.ഐ / തത്തുല്യ യോഗ്യത നേടുന്നതിന് അഞ്ചു വർഷവും ഡിപ്ലോമ / തത്തുല്യ യോഗ്യത നേടുന്നതിന് ഏഴു വർഷവും കാലാവധി നിശ്ചയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.