സെക്ഷൻ ഓഫിസിൽ കരാർ നിയമനത്തിന് കെ.എസ്.ഇ.ബി
text_fieldsപാലക്കാട്: സ്ഥാനക്കയറ്റവും വിരമിക്കലുംമൂലം ആൾക്ഷാമം രൂക്ഷമായ ഇലക്ട്രിക്കൽ സെക്ഷൻ ഓഫിസുകളുടെ പ്രവർത്തനം സുഗമമാക്കാൻ കരാർ നിയമനങ്ങൾക്ക് കെ.എസ്.ഇ.ബി നിർദേശം. അടുത്ത സ്ഥലംമാറ്റ ഉത്തരവിറങ്ങും വരെയാണ് നിയമനങ്ങൾ. 2023ലെ പൊതുസ്ഥലംമാറ്റ ഉത്തരവിലെ ജീവനക്കാരുടെ എണ്ണം കണക്കാക്കി കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ യോഗ്യത അനുസരിച്ച് വേണം കരാർ നിയമനങ്ങളെന്ന് വിതരണ വിഭാഗം ഡയറക്ടർ നിർദേശിച്ചു.
916 ലൈൻമാന്മാരെ ഓവർസിയറാക്കിയ സ്ഥാനക്കയറ്റ ഉത്തരവോടെ സെക്ഷൻ ഓഫിസുകളുടെ പ്രവർത്തനം സ്തംഭിച്ചത് ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ യോഗ്യത മാനദണ്ഡമായിരുന്നു വർക്കർമാരുടെ സ്ഥാനക്കയറ്റ നടപടിക്ക് തിരിച്ചടിയായത്. കരാർ നിയമനങ്ങൾക്ക് ഇലക്ട്രിക്കൽ വർക്കേഴ്സിന് (പെറ്റി കോൺട്രാക്ടർ ജീവനക്കാരൻ) ഇലക്ട്രിക്കൽ ജോലിയിൽ പരിചയം വേണം. ലൈൻമാനും ഓവർസിയർക്കും ഐ.ടി.ഐ യോഗ്യതയും സബ് എൻജിനീയർമാർക്ക് ഡിേപ്ലാമയുമാണ് യോഗ്യത.
15,000 ഉപഭോക്താക്കളിൽ കുറവുള്ള സെക്ഷനുകളിൽ അവധിദിനങ്ങളിൽ ബ്രേക്ക്ഡൗൺ ജോലികൾക്ക് രണ്ട് ലൈൻ സ്റ്റാഫുകളും കൂടുതലുള്ള സ്ഥലങ്ങളിൽ നാല് ലൈൻ ജീവനക്കാരെയും ഉറപ്പാക്കണം.
മൺസൂൺ സമയത്ത് അസി. എൻജിനീയർമാർക്ക് കൂടുതൽ ലൈൻ സ്റ്റാഫുകളെ എക്സിക്യൂട്ടിവ് എൻജിനീയറുടെ സമ്മതത്തോടെ നിയമിക്കാം. എത്താൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ കൂടുതൽ ജീവനക്കാരെ ആവശ്യമുണ്ടെങ്കിൽ എക്സിക്യൂട്ടിവ് എൻജിനീയറുടെ അംഗീകാരത്തോടെ കരാർ നിയമനം നടത്താം. കരാറിലെടുക്കുന്ന ഓവർസിയർമാർക്ക് ഫോൺ ഡ്യൂട്ടി നൽകി സ്ഥിരം ഓവർസിയർമാർ ഫീൽഡ് ഡ്യൂട്ടിക്ക് പോകണം.
സുരക്ഷ പരിശീലന സെഷനുകളിൽ കരാർ ജീവനക്കാർ പങ്കെടുക്കണം. സ്ഥിരം ഓവർസിയർമാർക്കും സബ് എൻജിനീയർമാർക്കുമാണ് മേൽനോട്ടച്ചുമതല. കരാർ ജീവനക്കാരെ കിട്ടിയില്ലെങ്കിൽ വാർഷിക അറ്റകുറ്റപ്പണിക്കുള്ള കരാറുകളിലും ഏർപ്പെടാം. അതേസമയം, ഉത്തരവിനെതിരെ ജീവനക്കാർക്കിടയിൽ പ്രതിഷേധമുയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.