ഹരിത ഹൈഡ്രജൻ പ്ലാന്റടക്കം പരീക്ഷണങ്ങൾക്ക് കെ.എസ്.ഇ.ബി
text_fieldsതിരുവനന്തപുരം: നിർമാണം നടക്കുന്നതും പരിഗണനയിലുള്ളതുമായ ജല വൈദ്യുത പദ്ധതികൾ വേഗത്തിലാക്കുന്നതിനൊപ്പം ഹരിത ഹൈഡ്രജൻ പ്ലാന്റടക്കം നൂതന മേഖലകളിൽകൂടി സജീവമാകാൻ കെ.എസ്.ഇ.ബി. വരുംവർഷങ്ങളിൽ വർധിക്കാനിടയുള്ള ഊർജ ആവശ്യകത നിറവേറ്റാൻ സമയബന്ധിതവും കാര്യക്ഷമവുമായ പദ്ധതികൾ അനിവാര്യമെന്ന വിലയിരുത്തലിലാണിത്.
കൊച്ചിയിൽ ഹരിത ഹൈഡ്രജൻ പ്ലാന്റ് ഉൾപ്പെടെ പദ്ധതികളാണ് പരിഗണനയിൽ. പ്ലാന്റിന് സാധ്യതപഠനം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. പ്രതിദിനം 30 മുതൽ 40 വരെ ടൺ ഉൽപാദന ശേഷിയുള്ള പ്ലാന്റാണ് ലക്ഷ്യമിടുന്നത്. ഹരിത ഹൈഡ്രജൻ പദ്ധതികൾക്ക് കേന്ദ്ര സർക്കാറടക്കം അനുകൂല സമീപനം സ്വീകരിക്കുന്നതിനാൽ തുടർനടപടി വേഗത്തിലാക്കാനാവും.
ഇതോടൊപ്പം സോളാർ അടക്കം പുനരുപയോഗ ഊർജമേഖലയിൽ ‘ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (ബി.ഇ.എസ്.എസ്) കൊണ്ടുവരുന്നതും വിതരണ രംഗത്ത് മേഖല തിരിച്ച് സമഗ്ര ‘ഹോട്ട്ലൈൻ മെയിന്റനൻസ് സംവിധാന’വും പരിഗണനയിലുണ്ട്. ഇതു വിതരണ ശൃംഖലയിൽ തടസ്സമില്ലാത്ത വൈദ്യുതി ഉറപ്പാക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. കാലാവസ്ഥ മാറ്റമടക്കം മനസ്സിലാക്കി വൈദ്യുതോൽപാദനം ആസൂത്രണം ചെയ്യാൻ ‘എ.ഐ’ സാങ്കേതികവിദ്യ സാധ്യതകളും തേടും. ജലവൈദ്യുതോൽപാദന രംഗത്ത് പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾക്ക് കൂടുതൽ പരിഗണന നൽകാൻ നേരത്തേ തീരുമാനിച്ചിരുന്നു. ഇതിന്റെ തുടർപ്രവർത്തനങ്ങൾ വേഗത്തിലാക്കും.
ജലവൈദ്യുത പദ്ധതികൾ പൂർത്തിയാക്കുന്നതിലെ കാലതാമസം പ്രതിസന്ധി സൃഷ്ടിക്കുന്നെന്ന് കെ.എസ്.ഇ.ബി സമ്മതിക്കുന്നുണ്ട്. വിവിധ അനുമതികളുടെ വൈകൽ, രൂപകൽപനയിലെ മാറ്റങ്ങൾ, ഭൂമി ലഭിക്കാതിരിക്കൽ എന്നിങ്ങനെ പലകാരണങ്ങളാണ് പദ്ധതികൾക്ക് തടസ്സം.
ചീമേനിയിലെ 100 മെഗാവാട്ടിന്റെ സോളാർ പാർക്കിന് തടസ്സവും ഭൂമി ലഭിക്കാത്തതാണെന്ന് കെ.എസ്.ഇ.ബി റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.