പെരുമഴക്കിടയിൽ കെ.എസ്.ഇ.ബി ഉൽപാദിപ്പിച്ച വൈദ്യുതിയുടെ കണക്ക് കേട്ടാൽ ഞെട്ടും
text_fieldsമൂലമറ്റം: സംസ്ഥാനത്ത് ആഭ്യന്തര വൈദ്യുതി ഉൽപാദനം റെക്കോഡിൽ. ബുധനാഴ്ച രാവിലെ എട്ട് മണി വരെയുള്ള കണക്ക് പ്രകാരം ആഭ്യന്തര ഉപഭോഗം 72.17 ദശലക്ഷം യൂനിറ്റാണ്. ഇതിൽ 40.61 ദശലക്ഷവും സംസ്ഥാനത്ത് തന്നെ ഉൽപാദിപ്പിച്ചു. മൊത്തം ഉപഭോഗത്തിെൻറ 56.2 ശതമാനമാണിത്. സമീപകാലത്തെ ഏറ്റവും കൂടിയ ഉൽപാദനമാണിത്.
മുൻ കാലങ്ങളിൽ മൊത്തം ഉപഭോഗത്തിെൻറ 30 ശതമാനം മാത്രമായിരുന്നു ആദ്യന്തര ഉൽപാദനം. ബാക്കി 70 ശതമാനവും പുറത്തുനിന്ന് വാങ്ങുകയാണ് പതിവ്. ഇന്നലെ 31.55 ദശലക്ഷം യൂനിറ്റ് വൈദ്യുതി മാത്രമെ പുറത്തുനിന്നും വാങ്ങേണ്ടി വന്നുള്ളൂ.
ശക്തമായ മഴയിൽ ഡാമുകളിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് വൈദ്യുതി ഉൽപാദനം വർധിപ്പിച്ചതാണ് പരമാവധിയിൽ എത്താൻ കാരണം. ഏറ്റവും വലിയ ജലവൈദ്യുതി നിലയമായ ഇടുക്കിയിൽ ബുധനാഴ്ച രാവിലെ എട്ട് വരെ 14.85 ദശലക്ഷം യൂനിറ്റ് ഉൽപാദിപ്പിച്ചു. ആറ് ജനറേറ്ററുകളിൽ ഒന്ന് അറ്റകുറ്റപ്പണിയിൽ ആയിരുന്നു. വ്യാഴാഴ്ച മുതൽ ആറ് ജനറേറ്ററുകളും പ്രവർത്തിക്കും. ഇതു വഴി 30 ലക്ഷം യൂനിറ്റ് വൈദ്യുതി കൂടി ഉൽപാദിപ്പിക്കാനാകും. ശബരിഗിരി 5.2 ദശലക്ഷം യൂനിറ്റ്, ഇടമലയാർ 1.7, ഷോളയാർ 1.30, കുറ്റ്യാടി 3.94, ലോവർപ്പെരിയാർ 3.65, നേര്യമംഗലം 1.7 എന്നിങ്ങനെയാണ് മറ്റ് പ്രധാന നിലയങ്ങളിലെ ഉൽപാദനം.
മഴ മൂലം മിക്ക ഡാമുകളും നിറഞ്ഞതിനാൽ വെള്ളം ഒഴുക്കിക്കളയുകയാണ്. ഇതുമൂലം കെ.എസ്.ഇ.ബിക്ക് ഉണ്ടാകുന്ന നഷ്ടം കുറക്കാനാണ് ഉൽപാദനം പരമാവധി ആക്കിയത്. ഒക്ടോബർ ഒന്ന് മുതൽ ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് ലഭിക്കേണ്ടിയിരുന്ന മഴ 203.7 മില്ലിമീറ്ററാണ്. എന്നാൽ, 455.1 മില്ലീമീറ്റർ ലഭിച്ചു. ഇത് 123 ശതമാനം അധികമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.