കെ.എസ്.ഇ.ബി: സമരം ചെയ്യുന്ന ഓഫിസർമാർക്ക് തൊഴിലാളി യൂനിയന്‍റെ പരിരക്ഷ ലഭിക്കുന്നതെങ്ങനെ -ഹൈകോടതി
text_fieldsകൊച്ചി: വൈദ്യുതി ബോർഡിൽ സമരം ചെയ്യുന്ന ഓഫിസർമാർക്ക് തൊഴിലാളി യൂനിയന്‍റെ പരിരക്ഷ ലഭിക്കുന്നതെങ്ങനെയെന്ന് ഹൈകോടതി. ഉദ്യോഗസ്ഥ പദവിയിലുള്ളവർക്ക് ട്രേഡ് യൂനിയൻ അവകാശങ്ങളില്ലെന്നിരിക്കെ എങ്ങനെയാണ് ഓഫിസർമാർക്ക് സമരം ചെയ്യാനാവുകയെന്നും കോടതി വാക്കാൽ ആരാഞ്ഞു.
കെ.എസ്.ഇ.ബി ഓഫിസേഴ്‌സ് അസോസിയേഷൻ നടത്തുന്ന സമരത്തിനെതിരായ ഹരജികളിൽ ജസ്റ്റിസ് സി.എസ്. ഡയസ്, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഇക്കാര്യം ആരാഞ്ഞത്. തൊഴിലാളി സംഘടനകളടക്കം എതിർകക്ഷികൾക്ക് നോട്ടീസ് ഉത്തരവായ കോടതി ഹരജികൾ വീണ്ടും അടുത്ത ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റി.
കെ.എസ്.ഇ.ബി ഓഫിസേഴ്‌സ് അസോസിയേഷൻ നടത്തുന്ന സമരം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് വൈത്തിരി സ്വദേശി അരുൺ ജോസ്, സമരം തുടരുമെന്ന പ്രഖ്യാപനം നടത്തിയ സംഘടന നേതാവ് എം.ജി. സുരേഷ് കുമാറിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി കെ. വിജയചന്ദ്രൻ നായർ തുടങ്ങിയവർ നൽകിയ ഹരജികളാണ് കോടതി പരിഗണിച്ചത്.
കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ സമരം മൂലം വൈദ്യുതി വിതരണം തടസ്സപ്പെടാനിടയുണ്ടെന്നും ജനങ്ങളെ ഇത് ബുദ്ധിമുട്ടിലാക്കുമെന്നുമാണ് ഹരജിക്കാരുടെ വാദം. സമരം തിരിച്ചടിയാകുമെന്നും ഹരജികളിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.