വൈദ്യുതി ചാർജ് കൂട്ടുമ്പോഴും ബ്രഹ്മപുരം നിലയത്തെ പാടെ അവഗണിച്ച് കെ.എസ്.ഇ.ബി
text_fieldsകരിമുകൾ: വൈദ്യുതി ചാർജ് അടിക്കടി വർധിപ്പിക്കുമ്പോഴും ബ്രഹ്മപുരം താപവൈദ്യുതി നിലയത്തെ പൂർണമായി അവഗണിച്ച് വൈദ്യുതി ബോർഡ്. 100 മെഗാവാട്ട് ഉല്പാദനശേഷിയുള്ള നിലയം 2020 ജൂണ്‍ മുതല്‍ പ്രവര്‍ത്തനരഹിതമാണ്. നിലയത്തിലെ അഞ്ച് ജനറേറ്ററില്‍ മൂന്നെണ്ണം ഇപ്പോഴും പ്രവര്‍ത്തന സജ്ജമാണ്. ബ്രഹ്മപുരം നിലയത്തിന് ചെലവ് കൂടുതലാണെന്ന് പറയുന്ന ബോര്‍ഡ് അതിലേറെ വിലകൊടുത്ത് വൈദ്യുതി പുറത്തുനിന്ന് വാങ്ങുകയാണ് ചെയ്യുന്നത്. ഇവിടെ ഒരു യൂനിറ്റ് ഉല്പാദിപ്പിക്കുന്നതിന് എട്ടുരൂപയില്‍ താഴെയാണ് ചെലവ് വരുന്നത്. ഇന്ധനമായി ഉപയോഗിക്കുന്ന എല്‍.എസ്.എച്ച്.എസ് കൊച്ചി റിഫൈനറിയില്‍നിന്നും ലഭിക്കുമെന്നതിനാല്‍ അതിന് ക്ഷാമവുമില്ല.
നഷ്ടമെന്ന് പ്രചാരണം നടത്തി കോടികള്‍ വിലമതിക്കുന്നതും നന്നായി പ്രവര്‍ത്തിക്കുന്നതുമായ യന്ത്രഭാഗങ്ങള്‍ നിസ്സാര വിലയ്ക്ക് വിറ്റഴിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് ആരോപണം. 20 മെഗാവാട്ട് വീതം ശേഷിയുള്ള അഞ്ച് ജനറേറ്ററില്‍ രണ്ടെണ്ണം സ്ക്രാപ് ആക്കി പൊളിച്ചിരുന്നു. കൂടാതെ, ഉപയോഗശൂന്യമായ ഇന്ധനം വാങ്ങിയതുമായി ബന്ധപ്പെട്ട് അഴിമതി ആരോപണവുമുയര്‍ന്നിരുന്നു. ഇത് പുറത്തുവരാതിരിക്കാനാണ് തിരക്കിട്ട് പ്ലാന്റ് പൂട്ടിയതെന്നും സ്ക്രാപ് ആക്കിയതെന്നും നേരത്തേ പരാതിയുണ്ട്. ജൂണില്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം നിലച്ചതോടെ ഇവിടെയുണ്ടായിരുന്ന എല്‍.എസ്.എച്ച്.എസ് (റിഫൈനറിയിൽനിന്നുള്ള ഇന്ധനം) കോഴിക്കോട് നല്ലളം പ്ലാന്റിലേക്ക് മാറ്റി.
ഇതിനും ലക്ഷങ്ങള്‍ ചെലവായി. നിലയം അടച്ചുപൂട്ടിയതോടെ ജീവനക്കാരെ ബോർഡിന്റെ മറ്റ് ഓഫിസുകളിലേക്കും മാറ്റി. 25ഓളം കരാർ ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. ഇപ്പോഴും പ്ലാന്റിൽ എ.ഇയും ഓവർസിയറും ഉൾപ്പെടെ എട്ട് ജീവനക്കാരുണ്ട്. കൂടാെത സെക്യൂരിറ്റി ജീവനക്കാരും. വൈദ്യുതി പ്രതിസന്ധി നേരിട്ടപ്പോൾ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കിയെങ്കിലും പിന്നീട് ആ തീരുമാനം ഉപേക്ഷിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.