കെ.എസ്.ഇ.ബിയെ തഴഞ്ഞു; മൂന്ന് ജലവൈദ്യുതി പദ്ധതികളുടെ നടത്തിപ്പ് സ്വകാര്യ മേഖലക്ക്
text_fieldsതൊടുപുഴ: കെ.എസ്.ഇ.ബി പ്രാഥമിക നടപടികൾ പൂർത്തിയാക്കി നിർമാണത്തിലേക്ക് കടക്കാനിരിക്കുന്ന മൂന്ന് ചെറുകിട ജലവൈദ്യുതി പദ്ധതികളുടെ നടത്തിപ്പ് എനർജി മാനേജ്മെന്റ് സെന്റർ (ഇ.എം.സി) വഴി സ്വകാര്യ മേഖലക്ക് കൈമാറാൻ നീക്കം. നിർമാണ, ഉൽപാദനച്ചെലവ് വൻ തോതിൽ ഉയരാൻ ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടി ഇതിനെതിരെ ബോർഡിൽനിന്ന് തന്നെ പ്രതിഷേധമുണ്ട്. ഇടുക്കി ജില്ലയിലെ വെസ്റ്റേൺ കല്ലാർ, പീച്ചാട്, പത്തനംതിട്ടയിലെ കീരിത്തോട് ജലവൈദ്യുതി പദ്ധതികളുടെ നടത്തിപ്പിൽനിന്നാണ് കെ.എസ്.ഇ.ബിയെ ഒഴിവാക്കുന്നത്.
പദ്ധതികളുടെ നടത്തിപ്പ് ഏറ്റെടുക്കാൻ ഇ.എം.സിക്ക് വൈദ്യുതി മന്ത്രി നിർദേശം നൽകിയിരുന്നു. പദ്ധതികൾ നടപ്പാക്കാനുള്ള നിരാക്ഷേപ പത്രവും ഡി.പി.ആറും ഇ.എം.സിക്ക് കൈമാറാനും ഡി.പി.ആറിന് ചെലവായ തുക അറിയിക്കാനും കെ.എസ്.ഇ.ബിയോടും ആവശ്യപ്പെട്ടിട്ടുണ്ട്. കെ.എസ്.ഇ.ബിയുടെ മൂലധന നിക്ഷേപ പദ്ധതികളിൽ ഉൾപ്പെടുത്തിയ മൂന്നെണ്ണവും നിർമാണം തുടങ്ങാനുള്ള വിവിധ ഘട്ടങ്ങളിൽ എത്തിനിൽക്കുമ്പോഴാണ് ബോർഡിനെ ഒഴിവാക്കുന്നത്. അഞ്ച് മെഗാവാട്ടിന്റെ വെസ്റ്റേൺ കല്ലാർ, മൂന്ന് മെഗാവാട്ടിന്റെ പീച്ചാട് പദ്ധതികൾ താരതമ്യേന ഉൽപാദനച്ചെലവ് കുറഞ്ഞവയാണ്. 146 കോടി ചെലവ് വരുന്ന 12 മെഗാവാട്ടിന്റെ കീരിത്തോട് പദ്ധതിയുടെ പ്രീ കൺസ്ട്രക്ഷൻ സർവേ ഉൾപ്പെടെ പൂർത്തിയാക്കിയ ബോർഡ്, സ്ഥലമേറ്റെടുപ്പിന് സർക്കാർ അനുമതിക്കായി കാത്തിരിക്കുകയായിരുന്നു. മൂന്ന് പദ്ധതികളുടെയും ടെൻഡർ ഡ്രോയിങ്ങും എസ്റ്റിമേറ്റും കെ.എസ്.ഇ.ബിയാണ് തയാറാക്കിയത്. പദ്ധതികളുടെ വിവിധ സർവേകൾക്കായി ബോർഡ് നല്ലൊരു തുക ചെലവഴിക്കുകയും ചെയ്തു. നിർമാണഘട്ടത്തിൽ എത്തിനിൽക്കുന്ന പദ്ധതികൾ മറ്റ് ഏജൻസികൾക്ക് കൈമാറുന്നത് ബോർഡിന് ഗുണം ചെയ്യില്ലെന്നാണ് വിമർശനം.
ഇ.എം.സി സാധാരണഗതിയിൽ ഇത്തരം പദ്ധതികൾ ടെൻഡർവഴി സ്വകാര്യ കമ്പനികളെ ഏൽപിക്കുകയാണ് ചെയ്യുക. ഇത്തരത്തിൽ പദ്ധതികൾ പൂർത്തിയാകുമ്പോൾ യഥാർഥ ചെലവ് ഡി.പി.ആറിനെക്കാൾ ഉയരും. സ്വകാര്യ സംരംഭകർ വഴി ഇ.എം.സി നടപ്പാക്കിയ ആനക്കാംപൊയിൽ പദ്ധതിയുടേത് 54.94 കോടിയിൽനിന്ന് 80.84 കോടിയായും അരിപ്പാറ പദ്ധതിയുടേത് 35.25 കോടിയിൽനിന്ന് 60.68 കോടിയായും ഉയർന്നിരുന്നു. ഉപഭോക്താക്കൾക്ക് കുറഞ്ഞ ചെലവിൽ വൈദ്യുതി നൽകുക എന്ന ബോർഡിന്റെ താൽപര്യത്തിന് വിരുദ്ധമാണ് നടപടിയെന്ന് കെ.എസ്.ഇ ബോർഡ് ഓഫിസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബി. ഹരികുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.