കുറഞ്ഞ വിലയ്ക്ക് വൈദ്യുതി വാങ്ങാൻ ശ്രമമില്ല; കെ.എസ്.ഇ.ബിക്കെതിരെ കമീഷൻ
text_fieldsതിരുവനന്തപുരം: കുറഞ്ഞ വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബി ശ്രമം നടത്താത്തതിനെതിരെ കടുത്ത വിമർശനവുമായി റെഗുലേറ്ററി കമീഷൻ. കേന്ദ്ര സർക്കാർ-ഹിമാചൽ പ്രദേശ് സർക്കാർ സംയുക്ത സംരംഭമായ സത്ലജ് ജൽവൈദ്യുത് നിഗമിൽ (എസ്.ജെ.വി.എൻ)നിന്ന് 166 മെഗാവാട്ടിന്റെ വൈദ്യുതി കരാറിന് അനുമതി തേടി കെ.എസ്.ഇ.ബി സമീപിച്ചതിനെത്തുടർന്ന് നടന്ന ഹിയറിങ്ങിലാണ് കമീഷൻ വിമർശനം.
രാജ്യത്തെ വൈദ്യുത മേഖലയിൽ എന്തു നടക്കുന്നെന്ന് കെ.എസ്.ഇ.ബിയിലെ ഉത്തരവാദപ്പെട്ടവർ പഠിക്കുന്നില്ലെന്ന് കമീഷൻ കുറ്റപ്പെടുത്തി. ഹിമാചൽ കമ്പനിയിൽനിന്നടക്കം കുറഞ്ഞ വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള നിരീക്ഷണവും ഇടപെടലുകളും യഥാസമയം നടത്തിയില്ല. കമ്പനി താൽപര്യം പ്രകടിപ്പിച്ച് വന്നപ്പോൾ മാത്രമാണ് കെ.എസ്.ഇ.ബി ഇതുമായി മുന്നോട്ടുപോയത്. ഇത്തരത്തിലെ കാലതാമസം മൂലം വൈദ്യുതോൽപാദന കമ്പനികളുമായി മറ്റു സംസ്ഥാനങ്ങളിലെ വിതരണക്കമ്പനികൾ കരാറിൽ ഏർപ്പെടുന്ന സാഹചര്യമുണ്ടാകുന്നു. ലാഭകരമായ കരാറുകൾ, വില എന്നിവ നിരീക്ഷിക്കാനും നിരന്തര ഇടപെടൽ നടത്താനും കെ.എസ്.ഇ.ബിയിലെ ചുമതലപ്പെട്ട ഉദ്യോഗസ്ഥർ ശ്രമിക്കുന്നില്ലെന്നും കമീഷൻ അംഗങ്ങളായ ബി. പ്രദീപ്, അഡ്വ.എ.ജെ. വിൽസൺ എന്നിവർ കുറ്റപ്പെടുത്തി. വെബ്സൈറ്റുകൾ പരിശോധിച്ച് ഊർജ മേഖലയിൽ എന്തൊക്കെ സംഭവിക്കുന്നുണ്ടെന്ന് നോക്കാനെങ്കിലും ഉത്തവാദപ്പെട്ടവർ ശ്രമം നടത്തണമെന്നും കമീഷൻ നിർശേദിച്ചു.
എന്നാൽ, കരാറുകളിൽ ഏർപ്പെടുന്നതിൽ കാലതാമസമോ വീഴ്ചയോ ഉണ്ടായിട്ടില്ലെന്ന് കെ.എസ്.ഇ.ബിക്കുവേണ്ടി ഹാജരായ ഉദ്യോഗസ്ഥർ വിശദീകരിച്ചു. വേനൽക്കാലത്തടക്കം വൈദ്യുതി ആവശ്യകത നിറവേറ്റാൻ 500 മെഗവാട്ടിന്റെ ദീർഘകാല കരാറിന് തീരുമാനിച്ചിട്ടുണ്ടെന്നും കെ.എസ്.ഇ.ബി അറിയിച്ചു. 15 വർഷത്തേക്കുള്ള കരാറാണ് ലക്ഷ്യമിടുന്നത്. വൈദ്യുതി വിതരണക്കമ്പനികൾ വിതരണം ചെയ്യുന്ന വൈദ്യുതിയുടെ നിശ്ചിത ശതമാനം പുനരുപയോഗ ഊർജ സ്രോതസ്സുകളിൽനിന്ന് ഉൽപാദിപ്പിക്കുന്നതോ വാങ്ങുന്നതോ ആകണമെന്ന് വ്യവസ്ഥയുണ്ട്. അതിനാലാണ് 25 വർഷത്തേക്ക് ഹിമാചൽ കമ്പനിയിൽനിന്ന് വൈദ്യുതി വാങ്ങാൻ അനുമതി തേടി കെ.എസ്.ഇ.ബി റെഗുലേറ്ററി കമീഷനെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.