നാമമാത്ര വർധന മാത്രം; വൈദ്യുതി നിരക്ക് വർധനയെ ന്യായീകരിച്ച് കെ.എസ്.ഇ.ബി
text_fieldsതിരുവനന്തപുരം: വൈദ്യുതി നിരക്കിൽ നാമമാത്ര വർധനവാണുണ്ടായതെന്ന അവകാശവാദവുമായി കെ.എസ്.ഇ.ബി. വർധിച്ചുവരുന്ന പ്രവർത്തന-പരിപാലന ചെലവുകളുടെയും പ്രവർത്തന മൂലധന നിക്ഷേപ പ്രവൃത്തികൾക്കുള്ള ചെലവുകളുടെയും വർധന, സ്ഥാപനത്തിന്റെ നിലനിൽപ് എന്നിവ കണക്കിലെടുത്താണ് താരിഫ് പരിഷ്കരണം ആവശ്യപ്പെട്ടതെന്ന് അധികൃതർ വിശദീകരിച്ചു.
50 യൂനിറ്റ് വരെ പ്രതിമാസം ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് പ്രതിമാസ വർധനവ് 10 രൂപ മാത്രമാണ്. 250 യൂനിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താവിനുണ്ടാകുന്ന വർധനവ് 48 രൂപ. 250 യൂനിറ്റിന് മുകളിൽ ഉപഭോഗമുള്ള ഗാർഹിക ഉപഭോക്താക്കൾക്ക് താരിഫിൽ വർധനവുണ്ടാകുമെങ്കിലും പകൽ ടി.ഒ.ഡി നിരക്കിൽ ഇളവനുവദിച്ചതിനാൽ പ്രതിമാസ വൈദ്യുതി ചാർജിൽ കുറവുവരുമെന്നാണ് കണക്കാക്കുന്നത്. എല്ലാ വിഭാഗത്തിലുമായി 76 ലക്ഷം ഉപഭോക്താക്കൾക്ക് വിവിധ സബ്സിഡി ആനുകൂല്യങ്ങൾ ലഭിക്കുന്നു.
2024-25ൽ റെഗുലേറ്ററി കമീഷൻ അംഗീകരിച്ച വൈദ്യുതിയുടെ ശരാശരി വില യൂനിറ്റിന് 7.30 രൂപയാണ്. ഒരു യൂനിറ്റ് വൈദ്യുതിയുടെ വിലയായി നിലവിൽ അനുവദിച്ചത് 6.96 രൂപ മാത്രമാണ്. ഓരോ യൂനിറ്റ് വിൽക്കുമ്പോഴും 34 പൈസ വരുമാനത്തിൽ കുറവുവരുന്നു. റെഗുലേറ്ററി കമീഷൻ നിലവിൽവന്നശേഷം സംസ്ഥാനത്താദ്യമായി വൈദ്യുതി താരിഫ് പരിഷ്കരണം നടന്നത് 2002ലാണ്. 2012ലായിരുന്നു അടുത്ത പരിഷ്കരണം. പിന്നീട് 2013, 2014, 2017 വർഷങ്ങളിലും താരിഫ് പരിഷ്കരണം നടന്നു. ഈ പരിഷ്കരണങ്ങളൊന്നും റവന്യൂ കമ്മി നികത്തുന്ന തരത്തിലായിരുന്നില്ല. 01.04.2023 വരെയുള്ള സഞ്ചിത റവന്യൂ കമ്മി 6408.37 കോടി രൂപയും 2023-24ലെ ട്രൂ അപ് പെറ്റീഷൻ പ്രകാരമുള്ള റവന്യൂ കമ്മി 1323.95 കോടി രൂപയും കൂടിച്ചേരുമ്പോൾ 31.03.2024ലെ സഞ്ചിത കമ്മി 7732.32 കോടി രൂപയാകും. 2016ലെ ദേശീയ വൈദ്യുതി നയമനുസരിച്ച് ഇപ്രകാരം അംഗീകരിക്കപ്പെട്ട വരുമാന കമ്മി ഏഴ് വർഷംകൊണ്ട് അതിന്റെ പലിശ ഉൾപ്പെടെ നികത്തണം. ഈ മുൻകാല കമ്മി കുറഞ്ഞൊരളവിലെങ്കിലും നികത്തിയില്ലെങ്കിൽ സ്ഥാപനത്തിന്റെ നിലനിൽപിനെത്തന്നെ ദോഷകരമായി ബാധിക്കുമെന്നും കെ.എസ്.ഇ.ബി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.