കുടിശ്ശിക 2441 കോടി; നിരക്ക് വർധന സൂചിപ്പിച്ച് കെ.എസ്.ഇ.ബി
text_fieldsതൃശൂർ: കുടിശ്ശിക പിരിച്ചെടുത്തതുകൊണ്ട് മാത്രം കാര്യമില്ലെന്നും താരിഫ് ക്രമപ്പെടുത്തണമെന്നും വൈദ്യുതി വകുപ്പ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കെ.എസ്.ഇ.ബിയാണ് പ്രതിസന്ധി മറികടക്കാൻ ‘നിരക്ക് വർധനവ്’ആവശ്യം പരോക്ഷമായി സർക്കാറിനെ അറിയിച്ചിരിക്കുന്നത്. പെൻഷൻ മുടങ്ങിയേക്കുമെന്ന ആശങ്കയറിയിച്ച് ചെയർമാൻ സംഘടനകൾക്ക് കത്തയച്ചതിന് പിന്നാലെയാണ് വകുപ്പ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് സർക്കാറിനെ അറിയിച്ചിരിക്കുന്നത്. നാല് വർഷത്തെ വൈദ്യുതി നിരക്ക് ഒന്നിച്ച് പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് വൈദ്യുതി റഗുലേറ്ററി കമീഷൻ പരിശോധന തുടങ്ങിയിരിക്കേയാണ് ബോർഡിെൻറ തന്ത്രപരമായ നീക്കം.
2017 ഡിസംബർ വരെയുള്ള കണക്കെടുത്തതിൽ 2441.22 കോടിയാണ് വിവിധ സർക്കാർ, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നായി കെ.എസ്.ഇ.ബിക്ക് കിട്ടാനുള്ളത്. സർക്കാർ വകുപ്പുകൾ- 109.09 കോടി, പൊതുമേഖല സ്ഥാപനങ്ങൾ- 1424.91 കോടി, സ്വകാര്യ മേഖല സ്ഥാപനങ്ങൾ- 550.28 കോടി രൂപ എന്നിങ്ങനെയാണ് കുടിശ്ശിക കണക്ക്. വാട്ടർ അതോറിറ്റിയുടെ മാത്രം കുടിശ്ശിക1219.33 കോടി രൂപയുണ്ട്. ഇടത് സർക്കാർ വന്നതിന് ശേഷം 151.52 കോടി കുടിശ്ശിക പിരിച്ചെടുക്കാനായെങ്കിലും പൂർണമായും പിരിച്ചെടുക്കാനാവില്ലെന്നത് ഇപ്പോഴും വകുപ്പിനെ അലട്ടുന്നുണ്ട്. വർഷങ്ങളായുള്ള കുടിശ്ശികയുണ്ടെങ്കിലും ഇത് പിരിച്ചെടുക്കുന്നതിൽ കടുത്ത അലംഭാവമാണ് ബോർഡ് കാണിക്കുന്നതെന്ന വിമർശനം ശക്തമാണ്.
റവന്യു വിടവ് നികത്തുന്നതിൽ വൈദ്യുതി നിരക്ക് കുടിശ്ശിക ഉൾപ്പെടാത്തതിനാൽ കുടിശ്ശിക പിരിക്കുന്നതിലൂടെ മാത്രം സാമ്പത്തിക ഭദ്രത കൈവരിക്കാൻ കഴിയില്ലെന്നാണ് ബോർഡ് വാദിക്കുന്നത്. അത്കൊണ്ട് കുടിശ്ശിക പിരിച്ചെടുക്കുന്നതിനൊപ്പം വരവും ചെലവും തമ്മിലുള്ള വിടവ് പരിഹരിക്കുന്നതിന് താരിഫ് ക്രമപ്പെടുത്തുകയും സാമ്പത്തിക കാര്യക്ഷമത കൈവരിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്താലേ പ്രതിസന്ധി മറികടക്കാനാവൂ എന്നാണ് ബോർഡ് അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ ഏപ്രിലിലാണ് ഗാർഹിക ഉപഭോക്താക്കളുടെ നിരക്കിൽ യൂനിറ്റിനു 10 മുതൽ 50 വരെ പൈസവരേയും ഹൈടെൻഷൻ, എക്സ്ട്രാ ഹൈടെൻഷൻ വിഭാഗങ്ങളുടെ നിരക്കിൽ 30 പൈസ വരെയും വർധിപ്പിച്ചത്. ഇപ്പോൾ ഓരോ വർഷവും നിരക്ക് നിശ്ചയിക്കുന്ന രീതിയാണ്. ഓരോ വർഷവും നാല് ശതമാനം വർധന കമീഷൻ അനുവദിച്ചിട്ടുണ്ട്. ഇന്ധന സർചാർജ് ആയി യൂനിറ്റിന് 14 പൈസ വർധിപ്പിക്കണമെന്ന് നേരത്തേ ആവശ്യപ്പെട്ടതിന് പുറമെ യൂനിറ്റിന് നാല് പൈസ കൂടി കൂട്ടണമെന്ന് കഴിഞ്ഞ ഡിസംബറിൽ കമീഷനോടു ബോർഡ് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. നിരക്ക് വർധന സംബന്ധിച്ച് കരട് ചട്ടങ്ങളിൽ നാല് വർഷത്തെ വൈദ്യുതി നിരക്ക് ഒന്നിച്ച് പ്രഖ്യാപിക്കുമെന്ന് കമീഷൻ വ്യക്തമാക്കിയിട്ടുണ്ട്.മറ്റ് പല സംസ്ഥാനങ്ങളിലും ഇത്പ്രാബല്യത്തിലുണ്ട്. ഇതിെൻറ അവസാന നടപടികളിലാണ് കമീഷൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.