അസ്വാഭാവിക ശബ്ദംകേട്ട് നോക്കിയപ്പോൾ സഹപ്രവർത്തകൻ ഷോക്കേറ്റ് പിടയുന്നു; ജോലിക്കിടെ കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം
text_fieldsഇരിട്ടി: ലൈൻ ഓഫ് ചെയ്ത് വൈദ്യുതിത്തൂണിൽ കയറി ജോലി ചെയ്യുന്നതിനിടെ ഷോക്കേറ്റ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം. കാക്കയങ്ങാട് ഇലക്ട്രിക്കൽ സെക്ഷനിലെ ലൈൻമാൻ വട്ടക്കയം എളമ്പയിലെ സജിന നിവാസിൽ വി.വി. സന്തോഷ് (50) ആണ് മരിച്ചത്. താഴെ റോഡിലുണ്ടായിരുന്ന സഹജീവനക്കാർ അസ്വാഭാവികമായ ശബ്ദംകേട്ട് മുകളിലേക്ക് നോക്കിയപ്പോൾ സന്തോഷ് ഷോക്കേറ്റ് ലൈനിൽ കുടുങ്ങിയ നിലയിലായിരുന്നു. ഉടൻ നാട്ടുകാരുടെ സഹായത്തോടെ തില്ലങ്കേരിയിലുണ്ടായിരുന്ന ക്രെയിൻ എത്തിച്ച് സന്തോഷിനെ താഴെയിറക്കി ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തിങ്കളാഴ്ച രാവിലെ 11.30 ഓടെ തില്ലങ്കേരി കാവുംപടി അംഗൻവാടിക്ക് സമീപത്തായിരുന്നു അപകടം. ലൈൻ ഓഫ് ചെയ്താണ് പ്രവൃത്തി നടത്തിയതെന്നും ലൈനിൽ വൈദ്യുതി എങ്ങനെയെത്തി എന്നതുസംബന്ധിച്ച് അന്വേഷണം നടത്തുമെന്നും കെ.എസ്.ഇ.ബി കാക്കയങ്ങാട് സെക്ഷൻ അസി. എൻജിനീയർ കെ.കെ. പ്രമോദ് കുമാർ അറിയിച്ചു. മൃതദേഹം മുഴക്കുന്ന് പൊലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ ആശുപത്രിയിലെത്തി.
പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്ന് ഉച്ചയോടെ എത്തിക്കുന്ന മൃതദേഹം കാക്കയങ്ങാട് കെ.എസ്.ഇ.ബി ഓഫിസ് പരിസരത്തും കൊതേരി തറവാട്ട് വീട്ടിലും തുടർന്ന് കൂരൻമുക്ക് എളമ്പയിലും പൊതുദർശനത്തിന് വെക്കും. മട്ടന്നൂർ മുതലക്കലിലെ പുതുക്കളത്തിൽ ഹൗസിൽ സി. കുഞ്ഞിരാമന്റെയും വി.വി. കൗസല്യയുടെയും മകനാണ്. ഭാര്യ: സജിനി. മക്കൾ: ദേവനന്ദ, വൈഗ (ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങൾ: ബാബു, സുഭാഷ് (ഇരുവരും ഓട്ടോ ഡ്രൈവർമാർ), സുമിത്ര, അനുപമ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.