കെ.എസ്.ഇ.ബി: മീറ്റർ റീഡർമാർക്ക് മേയിലെ വേതന വർധന നഷ്ടമായി
text_fieldsപാലക്കാട്: പത്തുശതമാനം അധികസേവന നിരക്ക് പ്രഖ്യാപിച്ചെങ്കിലും കെ.എസ്.ഇ.ബി കരാർ മീറ്റർ റീഡർമാർക്ക് മേയിലെ വർധന നഷ്ടമായി. സേവനനിരക്ക് സംബന്ധിച്ച കരാർ നൽകിക്കഴിഞ്ഞതിനാൽ തീരുമാനം പുനഃപരിശോധിക്കാനാവില്ലെന്ന് പറഞ്ഞാണ് വർധന നിഷേധിക്കപ്പെട്ടത്. ഇതോടെ കരാറായി മീറ്റർ റീഡിങ് നടത്തിവന്ന രണ്ടായിരത്തിലേറെ ജീവനക്കാർക്ക് ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപയാണ് നഷ്ടമായത്.
കരാർ ജീവനക്കാരുടെ സംഘടനകളുടെ നിരന്തര ആവശ്യം പരിഗണിച്ച് മീറ്റർ റീഡർമാർക്ക് നൽകിവരുന്ന ആനുകൂല്യം സംബന്ധിച്ച് പഠിക്കാൻ നിയോഗിച്ച സമിതിയുടെ ശിപാർശ അംഗീകരിച്ചാണ് തുക 10 ശതമാനം വർധിപ്പിക്കാൻ തീരുമാനമായത്. വിതരണ വിഭാഗം ഡയറക്ടർ, ഫിനാൻസ് ഡയറക്ടർ, ചീഫ് പഴ്സനൽ ഓഫിസർ എന്നിവരടങ്ങുന്നതായിരുന്നു സമിതി.
മേയ് 18ന് ചേർന്ന കെ.എസ്.ഇ.ബി ബോർഡ് യോഗത്തിലാണ് നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചത്. തുടർന്ന് മേയ് 20ന് കെ.എസ്.ഇ.ബി വിതരണ വിഭാഗം ചീഫ് എൻജിനീയർമാർക്ക് നിർദേശം നൽകി. മീറ്റർ റീഡർമാരുടെ മേയിലെ തൊഴിൽ കരാറിന് (റേറ്റ് ക്വട്ടേഷൻ) ഏപ്രിൽ അവസാനത്തോടെ അംഗീകാരം നൽകിയതിനാൽ നടപടി പുനഃപരിശോധിക്കാനാവില്ലെന്നായിരുന്നു ഉദ്യോഗസ്ഥ നിലപാട്.
നടപടി സ്വീകരിക്കാതെ വന്നതോടെ ഇത് സംബന്ധിച്ച് 30ന് മേയ് മാസം മുതൽ വർധന അംഗീകരിക്കണമെന്ന് വീണ്ടും കെ.എസ്.ഇ.ബി നിർദേശം നൽകി. പക്ഷേ, മീറ്റർ റീഡിങ് എടുത്ത് കരാർ നടപ്പാക്കിക്കഴിഞ്ഞതിനാൽ നടപടി പുനഃപരിശോധിക്കാനാവില്ലെന്നും ജൂൺ മുതൽ വർധന നൽകാമെന്നുമാണ് ഡിവിഷൻ എൻജിനീയർമാർ ഇപ്പോൾ അറിയിക്കുന്നത്.
ജനം തിങ്ങിപ്പാർക്കുന്ന സിറ്റി പരിധിയിൽ ഒരു മീറ്റർ റീഡിങ്ങിന് അഞ്ച് രൂപയാണ് നൽകിയിരുന്നതെങ്കിൽ ശമ്പള വർധനവോടെ 5.81 രൂപയാണ് ഇനി നൽകുക. പ്രതിദിനം 160 മീറ്റർ റീഡിങ്ങാണ് എടുക്കേണ്ടത്.പ്രതിദിനം 140 റീഡിങ് എടുക്കേണ്ട നഗരപ്രദേശങ്ങൾ ഉൾക്കൊള്ളുന്ന അർബർ പരിധിയിൽ ഒരു മീറ്റർ റീഡിങ്ങിന് ലഭിക്കുമായിരുന്ന 5.81 രൂപ 6.39 ആക്കി വർധിപ്പിച്ചിട്ടുണ്ട്.
ഭാഗിക നഗരപ്രദേശ പരിധിയിൽ 6.78ൽനിന്ന് 7.46 ആക്കിയും ഗ്രാമീണ മേഖലയിൽ 8.11ൽ നിന്ന് 8.92 രൂപ ആക്കിയും മീറ്റർ റീഡിങ് തുക പരിഷ്കരിച്ചു. ഉൾഗ്രാമങ്ങളിൽ (റിമോട്ട്) മീറ്റർ റീഡിങ്ങിന് 12.1 രൂപയിൽ നിന്ന് 13.31 രൂപയാക്കി. ശമ്പള വിതരണം പോർട്ടൽ വഴിയാക്കിയതോടെ സാങ്കേതിക പ്രശ്നത്തിന്റെ പേരിൽ പലയിടങ്ങളിലും വൈകുന്നതായും പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.