മീറ്റർ റീഡർമാർ ഇനി വൈദ്യുതി ബില്ലും സ്വീകരിക്കും
text_fieldsപാലക്കാട്: വീട്ടിൽ വൈദ്യുതി റീഡിങ്ങിനെത്തുന്ന മീറ്റർ റീഡർമാർ ഇനി വൈദ്യുതി ബില്ലും സ്വീകരിക്കും. മീറ്റർ റീഡർമാരുടെ കൈവശമുണ്ടാകുന്ന സ്പോട്ടിങ് ബിൽ മെഷീൻ വഴി ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, യു.പി.ഐ പേയ്മെന്റ് ഉപയോഗിച്ച് പണമടക്കാം.
ആൻഡ്രോയ്ഡ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന പുതിയ സ്പോട്ട് ബില്ലിങ് മെഷീനിൽ ഒരുക്കിയ സ്വൈപിങ് കാർഡ് സംവിധാനം വഴിയാണ് ഇത് സാധ്യമാകുന്നത്. കെ.എസ്.ഇ.ബി ഓഫിസിലും കാർഡ് ഉപയോഗിച്ച് പണമടക്കാനാകും.
കാനറ ബാങ്കിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി 5286 മെഷീനുകൾ കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസുകളിലെത്തും. ഇതിന്റെ ധാരണാപത്രം കെ.എസ്.ഇ.ബിയും കാനറ ബാങ്കും ഒപ്പിട്ടു.
90 രൂപ മാസവാടകയിലാണ് കാനറ ബാങ്ക് മെഷീൻ നൽകുന്നത്. ബിൽതുക പിറ്റേന്ന് രാവിലെ 10.30ന് കെ.എസ്.ഇ.ബി അക്കൗണ്ടിലേക്ക് കൈമാറും. മെഷീന്റെ നെറ്റ്വർക്ക് പരിപാലനവും ഇന്റർനെറ്റ് ഒരുക്കുന്നതും കാനറ ബാങ്കാണ്. 2023 മാർച്ചിൽ തുടങ്ങിയ നടപടിക്രമങ്ങളാണ് ജനുവരി മൂന്നിലെ കരാറിലൂടെ പൂർത്തിയായത്. 60 ദിവസത്തിനുള്ളിൽ സംവിധാനമൊരുക്കാനാണ് കെ.എസ്.ഇ.ബി, കാനറ ബാങ്കിന് കരാറിലൂടെ നിർദേശം നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.