കെ.എസ്.ഇ.ബി മീറ്റർ റീഡർ: റാങ്ക് പട്ടിക പുനഃക്രമീകരിക്കണം
text_fieldsകൊച്ചി: കെ.എസ്.ഇ.ബി മീറ്റർ റീഡർ നിയമനവുമായി ബന്ധപ്പെട്ട പി.എസ്.സി റാങ്ക് പട്ടിക പുനഃക്രമീകരിക്കണമെന്ന് ഹൈകോടതി. നിയമന വിജ്ഞാപനത്തിൽ പറഞ്ഞ യോഗ്യത പ്രകാരം അർഹതയുള്ളവരെ മാത്രം ഉൾപ്പെടുത്തി പട്ടിക പുനഃക്രമീകരിക്കണമെന്നാണ് ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.
നിലവിൽ പ്രസിദ്ധീകരിച്ച പട്ടികയിൽ ഇലക്ട്രീഷ്യൻ, വയർമെൻ, ഇലക്ട്രോണിക് ട്രേഡ് എന്നിവയിൽ ഏതിലെങ്കിലും യോഗ്യതയുള്ളവരും കൂടാതെ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻ.ടി.സി) യോഗ്യതക്ക് പകരം എൻജിനീയറിങ് ഡിഗ്രി/ഡിപ്ലോമക്കാരും ഉൾപ്പെട്ട സാഹചര്യത്തിലാണ് ഉത്തരവ്. നടപടി ശരിവെച്ച് സിംഗ്ൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവും ഡിവിഷൻ ബെഞ്ച് റദ്ദാക്കി. യോഗ്യതയില്ലാത്തവരെ ഉൾപ്പെടുത്തിയത് ചോദ്യം ചെയ്ത് ഉദ്യോഗാർഥികളായ തൃശൂർ സ്വദേശി മുഹമ്മദ് നയീം, കൊല്ലം സ്വദേശി നിസാമുദ്ദീൻ തുടങ്ങിയവരാണ് ഹരജി നൽകിയത്. 2015 ജനുവരിയിലെ വിജ്ഞാപന പ്രകാരം അപേക്ഷ നൽകിയവരാണ് ഹരജിക്കാർ.
എന്നാൽ, വിജ്ഞാപനത്തിനുശേഷം ഡിഗ്രി, ഡിപ്ലോമ കോഴ്സുകളും യോഗ്യതയാണെന്ന് പ്രഖ്യാപിച്ച് ഉത്തരവുണ്ടായി. ഇത് ചോദ്യം ചെയ്ത് നൽകിയ ഹരജി യോഗ്യരായവർ മാത്രമേ പട്ടികയിൽ ഉൾപ്പെടുന്നുള്ളൂവെന്ന് ഉറപ്പുവരുത്തണമെന്ന നിർദേശത്തോടെ ഹൈകോടതി തീർപ്പാക്കി. എന്നാൽ, 2021 മാർച്ച് 19ലെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ഡിഗ്രി, ഡിപ്ലോമക്കാരും അതിൽ ഉൾപ്പെട്ടു. ഇത് ചോദ്യം ചെയ്യുന്ന ഹരജിയാണ് സിംഗ്ൾ ബെഞ്ച് തള്ളിയത്. ഹരജിക്കാരുടെ വാദം പരിഗണിച്ച കോടതി എൻജിനീയറിങ് ഡിഗ്രിക്കോ ഡിപ്ലോമക്കോ താഴെയല്ല എൻ.ടി.സി യോഗ്യതയെന്ന് വ്യക്തമാക്കി. വിജ്ഞാപനത്തിനുശേഷം തത്തുല്യ യോഗ്യത സംബന്ധിച്ച് പുറപ്പെടുവിക്കുന്ന ഉത്തരവിന് മുൻകാല പ്രാബല്യമില്ലാത്തതിനാൽ നിലവിലെ വിജ്ഞാപനപ്രകാരമുള്ള നിയമന പട്ടികക്ക് ഇത് ബാധകമാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
നിരവധി പേർക്ക് ജോലി നഷ്ടമായേക്കും
കൊച്ചി: കെ.എസ്.ഇ.ബിയുടെ മീറ്റർ റീഡർ/ സ്പോട്ട് ബില്ലർ തസ്തികയിലേക്കുള്ള റാങ്ക് പട്ടിക പുനഃക്രമീകരിക്കാനുള്ള ഹൈകോടതി ഉത്തരവ് ഈ പട്ടികയിൽനിന്ന് നിയമനം ലഭിച്ച ഒട്ടേറെപ്പേർക്ക് ജോലി നഷ്ടമാക്കും. എൻജിനീയറിങ് ഡിഗ്രി, ഡിപ്ലോമക്കാർ നിയമനത്തിന് യോഗ്യരല്ല എന്നാണ് ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്. വിജ്ഞാപന പ്രകാരം നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻ.ടി.സി) യോഗ്യതയുള്ളവരെ മാത്രം ഉൾപ്പെടുത്തി പട്ടിക പുനഃക്രമീകരിക്കാനാണ് ഉത്തരവിൽ പറയുന്നത്. ഈ യോഗ്യതയില്ലാത്ത ഒട്ടേറെപ്പേർ പട്ടികയിൽനിന്ന് നിലവിൽ സർവിസിൽ കയറിയിട്ടുണ്ട്. ഇവരെല്ലാം പുറത്തുപോകേണ്ട അവസ്ഥയാണുള്ളത്.റാങ്ക് പട്ടികയിൽനിന്ന് ഇരുന്നൂറോളം പേർക്ക് അഡ്വൈസ് മെമോ അയച്ചുകഴിഞ്ഞെന്ന് പി.എസ്.സി കോടതിയിൽ അറിയിച്ചിരുന്നു. നിലവിൽ നിയമനം ലഭിച്ച നിശ്ചിത യോഗ്യതയില്ലാത്തവർ കേസിൽ കക്ഷിചേർന്നിരുന്നു. ഒരുവർഷത്തോളമായി ജോലി ചെയ്യുകയാണെന്നും പ്രായം 35 കഴിഞ്ഞെന്നും ഇനിയൊരു അവസരം ഉണ്ടാകില്ലെന്നും അവർ വാദമുന്നയിക്കുകയും ചെയ്തു. എന്നാൽ, ഡിവിഷൻ ബെഞ്ച് ഈ വാദങ്ങളെല്ലാം തള്ളിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവിനെതിരെ നിയമനടപടിയാണ് ഇനിയുള്ള പോംവഴി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.