കെ.എസ്.ഇ.ബി പെൻഷൻ ബാധ്യതയും ഉപഭോക്താവിലേക്ക്
text_fieldsപാലക്കാട്: ശമ്പളച്ചെലവിന് പുറമെ പെൻഷൻ കൂടി കെ.എസ്.ഇ.ബിയുടെ ബാധ്യതയാക്കി ഇലക്ട്രിസിറ്റി റഗുലേറ്ററി കമീഷൻ ഭേദഗതി ചെയ്തു. ഇനി പെൻഷൻ ബാധ്യത നിറവേറ്റാൻ രൂപവത്കരിച്ച മാസ്റ്റർ ബോണ്ടിലേക്കുള്ള മുതലും പലിശയും കെ.എസ്.ഇ.ബിയുടെ ചെലവിനത്തിൽ ഉൾപ്പെടും. ഇതോടെ വരാനിരിക്കുന്ന താരിഫ് വർധനയിൽ പെൻഷൻ ബാധ്യത കൂടി ചേർത്ത് യൂനിറ്റിന് 16 പൈസ അധികതീരുവ ഈടാക്കാൻ സാധ്യതയുണ്ട്.
2013ൽ കെ.എസ്.ഇ.ബി കമ്പനിയാക്കിയതോടെ അതിനും മുമ്പും ശേഷവുമുള്ള ജീവനക്കാരുടെ പെൻഷൻ ബാധ്യത നിറവേറ്റാൻ മാസ്റ്റർ ട്രസ്റ്റ് സംവിധാനമുണ്ടാക്കിയിരുന്നു. ഇതിനായി 8144 കോടിയുടെ ബോണ്ട് കെ.എസ്.ഇ.ബിയും 3751കോടിയുടേത് സർക്കാരുമിറക്കി.
കെ.എസ്.ഇ.ബിയുടെ പലിശച്ചെലവ് പൊതുചെലവിൽപ്പെടുത്തി അത് പൊതുജനങ്ങളിൽ നിന്ന് ഈടാക്കാനും ധാരണയായിരുന്നു. എന്നാൽ, 2021 മുതൽ പലിശ മാത്രമല്ല പെൻഷനുമായി ബന്ധപ്പെട്ട് സർക്കാർ നൽകുന്ന വിഹിതത്തിന് പുറമെ വരുന്ന ചെലവും പൊതുജനങ്ങളിൽ നിന്ന് താരിഫായി ഈടാക്കാൻ കെ.എസ്.ഇ.ബി തീരുമാനിച്ചു.
കരട് രേഖയിൽ ഇല്ലാതിരുന്ന ഈ നിർദേശം അന്തിമ രേഖയിൽ ഉൾപ്പെടുത്തിയത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഹൈടെൻഷൻ ആൻഡ് എക്സ്ട്രാ ഹൈടെൻഷൻ ഇൻഡസ്ട്രിയൽ ഇലക്ട്രിസിറ്റി കൺസ്യൂമേഴ്സ് അസോസിയേഷൻ ഹൈകോടതിയിൽ ഹരജി നൽകി.
ചട്ടത്തിൽ ഭേദഗതി വരുത്തി നടപടിക്രമം പാലിക്കാനായിരുന്നു കോടതി ഉത്തരവ്. ഇതിന്റെ ഭാഗമായി പൊതുതെളിവെടുപ്പ് നടത്തുകയും പെൻഷനേഴ്സ് കൂട്ടായ്മയും മറ്റ് സംഘടനകളും പങ്കെടുക്കുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ ജനുവരി ആറ് വരെ നടന്ന ഹിയറിങ്ങിന് ശേഷമാണ് റഗുലേറ്ററി കമീഷൻ കഴിഞ്ഞദിവസം ഭേദഗതി പ്രസിദ്ധപ്പെടുത്തിയത്.
2013 മുതൽ 2023 വരെ 5861 കോടി രൂപ പെൻഷൻ ഫണ്ടിനത്തിൽ കെ.എസ്.ഇ.ബിക്ക് നൽകിയതായി റഗുലേറ്ററി കമീഷൻ പുറത്തുവിട്ട രേഖകൾ വ്യക്തമാക്കുന്നു. മാസ്റ്റർ ട്രസ്റ്റിലേക്കുള്ള തുകയിൽ വീഴ്ച വരുത്തിയ കെ.എസ്.ഇ.ബിയാകട്ടെ 753.72 കോടി രൂപ കൂടി അടക്കാനുണ്ട്. പുതിയ നിയമഭേദഗതിയോടെ വരുമാനത്തിൽ നിന്ന് മാസ്റ്റർ ട്രസ്റ്റിലേക്ക് പ്രതിവർഷം 407 കോടി രൂപ നീക്കിവെക്കേണ്ടി വരും.
വരുമാനവുമായി ബന്ധപ്പെടുത്തി കണക്കാക്കിയാൽ ഇതിന്റെ പേരിൽ 16 പൈസയുടെ അധിക തീരുവയാകും പൊതുജനങ്ങളിൽ അടിച്ചേൽപ്പിക്കപ്പെടുക. നിലവിൽ പെൻഷൻ ഇനത്തിൽ 2000 കോടി പ്രതിവർഷം ചെലവ് വരുന്നുണ്ട്. 630 കോടി ഇപ്പോൾ നീക്കിവെക്കുന്നതിന് പുറമെ 407 കോടി കൂടി വകയിരുത്തിയാലും പെൻഷൻ കുടിശ്ശിക കെ.എസ്.ഇ.ബിക്ക് കീറാമുട്ടിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.