പെൻഷൻ മാസ്റ്റർ ട്രസ്റ്റ്; കെ.എസ്.ഇ.ബിയുടെ ബാധ്യത ജനങ്ങളുടെ തലയിലേക്ക്
text_fieldsപാലക്കാട്: കെ.എസ്.ഇ.ബി പെൻഷൻ ഫണ്ടായ മാസ്റ്റർ ട്രസ്റ്റിലേക്കുള്ള പണത്തിനായി സംസ്ഥാന സർക്കാർ ചുമത്തിവന്നിരുന്ന തീരുവ ഇനി കെ.എസ്.ഇ.ബിക്ക് നൽകില്ലെന്ന സർക്കാർ ഉത്തരവ് ഉപഭോക്താക്കൾക്ക് വലിയ ആഘാതമാകും. പെൻഷൻ ബാധ്യത പൂർണമായി ഏറ്റെടുക്കേണ്ടിവരുന്നതോടെ പ്രതിവർഷം 2400 കോടി രൂപ അധിക ചെലവായി കെ.എസ്.ഇ.ബിയുടെ കണക്കിൽവരും. ഇതുകാണിച്ച് താരിഫ് വർധന ആവശ്യവുമായി കെ.എസ്.ഇ.ബി സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമീഷന് മുന്നിലെത്തുകയും ആവശ്യം അംഗീകരിക്കുന്നതോടെ വൈദ്യുതി നിരക്ക് വർധനക്ക് വഴിയൊരുങ്ങുകയും ചെയ്യും.
അടുത്ത 50 വർഷത്തേക്ക് നിലനിൽക്കുന്ന വിധം 36,000 കോടി രൂപയാണ് കെ.എസ്.ഇ.ബിയുടെ പെൻഷൻ ബാധ്യത. ഇതിൽ 12,000 കോടി രൂപയുടെ ബോണ്ട് കെ.എസ്.ഇ.ബി നേരത്തേ ഇറക്കിയിട്ടുണ്ട്. ബാക്കി 24,000 കോടിയോളം രൂപയുടെ ബോണ്ടാണ് ഇറക്കേണ്ടിവരുക. ബോണ്ടിറക്കിയാൽ തിരിച്ചടവ് തുകയും പലിശയും കെ.എസ്.ഇ.ബിക്ക് താരിഫ് വർധനക്കുള്ള പെറ്റീഷനിൽ ഉൾപ്പെടുത്താം.
24,000 കോടി രൂപയോളം ബാധ്യത 20 പ്രതിവർഷ ഗഡുക്കളാക്കിയാണ് നൽകേണ്ടത്. അഞ്ചു ശതമാനം തിരിച്ചടവ് തുകയും അഞ്ചു ശതമാനം പലിശയും കണക്കാക്കിയാൽ ബാധ്യത പ്രതിവർഷം 2400 കോടി രൂപയോളം വരും.
50 പ്രതിവർഷ ഗഡുക്കളാക്കാക്കാൻ തീരുമാനിച്ചാൽ പ്രതിവർഷ ബാധ്യത 1200 കോടിയിലേക്ക് ചുരുക്കാനാകുമെന്നും അക്കാര്യം പരിഗണിക്കണമെന്നും ഇതുസംബന്ധിച്ച് പ്രാഥമിക ചർച്ചകളിൽ ആവശ്യമുയർന്നിരുന്നു.
പെൻഷൻ ട്രസ്റ്റിലേക്ക് നീക്കിവെച്ചിരുന്ന 10 ശതമാനം വൈദ്യുതിത്തീരുവ സർക്കാറിന്റെ വൈദ്യുതി ചാർജ് കുടിശ്ശികയിൽ തട്ടിക്കിഴിച്ചുള്ള സർക്കാറിന്റെ ഉത്തരവിനെതിരെ പെൻഷനേഴ്സ് കൂട്ടായ്മ ഫയൽചെയ്ത മറ്റൊരു ഹരജി ഹൈകോടതിയുടെ പരിഗണനയിലാണ്. അക്കാര്യത്തിൽ തീരുമാനമായ ശേഷമേ വിഷയത്തിൽ കെ.എസ്.ഇ.ബിയിൽനിന്ന് നടപടിയുണ്ടാകൂവെന്നാണ് അറിയുന്നത്.
കഴിഞ്ഞ ദിവസമിറങ്ങിയ സർക്കാർ ഉത്തരവ് 2014ൽ സർക്കാറും കെ.എസ്.ഇ.ബിയും സംഘടനകളും ചേർന്നുണ്ടാക്കിയ ത്രികക്ഷി കരാറിനെതിരാണെന്ന് ചൂണ്ടിക്കാട്ടി പെൻഷനേഴ്സ് കൂട്ടായ്മ വീണ്ടും നിയമനടപടിക്കൊരുങ്ങുകയാണ്. പെൻഷൻ ബാധ്യതയുടെ 35 ശതമാനം സർക്കാർ വഹിക്കണമെന്നായിരുന്നു ത്രികക്ഷി കരാറിലെ വ്യവസ്ഥയെന്നും അതിനാൽ ഉത്തരവ് കരാറിൽനിന്നുള്ള പിൻവലിയലാണെന്നും പെൻഷനേഴ്സ് കൂട്ടായ്മ ഭാരവാഹികൾ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.