സാധാരണക്കാരുടെ വൈദ്യുതി നിരക്ക് വർധന; ശിപാർശ മയപ്പെടുത്തി കെ.എസ്.ഇ.ബി
text_fieldsതിരുവനന്തപുരം: മാസം 200 മുതൽ 250 യൂനിറ്റ് വരെ ഉപയോഗിക്കുന്ന വീട്ടുകാർക്ക് ശിപാർശ ചെയ്ത വൻ വൈദ്യുതി നിരക്ക് വർധന നിർദേശത്തിൽ നേരിയ മാറ്റംവരുത്തി കെ.എസ്.ഇ.ബി. ഉപയോഗിക്കുന്ന മുഴുവൻ യൂനിറ്റിനും 6.50 രൂപയായി വർധിപ്പിക്കണമെന്ന് റെഗുലേറ്ററി കമീഷനെ കെ.എസ്.ഇ.ബി നേരത്തേ അറിയിച്ചിരുന്നു. ഇത് 5.50 രൂപയായാണ് കുറക്കുന്നത്.
ആദ്യ യൂനിറ്റുകളിൽ കുറഞ്ഞ നിരക്ക് ബാധകമാകുന്ന (ടെലിസ്കോപ്പിക്) വിഭാഗത്തിലാണ് ഇവർ നേരത്തേ ഉൾപ്പെട്ടിരുന്നത്. എന്നാൽ, ഉപയോഗിക്കുന്ന മുഴുവൻ യൂനിറ്റിനും ഒരേ നിരക്ക് വരുന്ന (നോൺ ടെലിസ്കോപ്പിക്) വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.
ഈ വിഭാഗത്തെ നോൺ ടെലിസ്കോപ്പിക് ആക്കിയത് കനത്തവർധനക്ക് കാരണമാകുമെന്ന് നേരത്തേ ‘മാധ്യമം’ ചൂണ്ടിക്കാണിച്ചിരുന്നു. കഴിഞ്ഞദിവസം കമീഷന് നൽകിയ കത്തിൽ ഈ വിഭാഗത്തിന്റെ നിരക്ക് നിർദേശം യൂനിറ്റിന് 6.50 രൂപയിൽനിന്ന് 5.50 രൂപയായി കുറക്കുകയാണെന്ന് ബോർഡ് വ്യക്തമാക്കി.
എന്നാൽ, നോൺ ടെലിസ്കോപ്പിക് വിഭാഗത്തിൽനിന്ന് ഇവരെ ഒഴിവാക്കിയിട്ടില്ല. സാധാരണക്കാരാണ് ഈ ഗണത്തിൽ വരുന്നത്. 2024-25ൽ 30 പൈസയും 2025-26ൽ അഞ്ച് പൈസയും യൂനിറ്റിന് വർധിപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്. അടുത്ത അഞ്ചുവർഷവും നിരക്ക് വർധനക്കാണ് ബോർഡ് ശിപാർശ. തെളിവെടുപ്പിന് ശേഷം കമീഷൻ നിരക്ക് വർധന തീരുമാനിക്കും.
നോൺടെലിസ്കോപ്പിക് താരിഫ് നിലവിൽ 251 യൂനിറ്റ് മുതലായിരുന്നത് 201 യൂനിറ്റിന് മുകളിലേക്കാണ് മാറ്റിയിരിക്കുന്നത്. അതേസമയം, മാസം 401-500 യൂനിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് ബോർഡ് നിരക്ക് വർധന ആവശ്യപ്പെട്ടിരുന്നില്ല.
മറ്റു വിഭാഗങ്ങൾക്കെല്ലാം നിരക്ക് വർധിപ്പിക്കാൻ ലക്ഷ്യമിട്ട ബോർഡ് ഉയർന്ന സാമ്പത്തികശേഷിയുള്ള ഇവർക്ക് നിലവിലെ നിരക്കുതന്നെ ശിപാർശ ചെയ്തിരുന്നു.
വിമർശനം വന്നതോടെ ഇവർക്ക് കൂടി വർധന ബാധകമാക്കാൻ പുതിയ ശിപാർശ നൽകി. 0-500 വിഭാഗത്തിൽ 7.60 തുടരുന്നതിനു പകരം യൂനിറ്റിന് എട്ട് രൂപയായി വർധിപ്പിക്കണമെന്നാണ് നിർദേശം.
2024-25ൽ 20 പൈസയും തുടർവർഷം അഞ്ചു പൈസയും വർധിപ്പിക്കണമെന്നും ആവശ്യമുണ്ട്. എന്നാൽ, ഫിക്സഡ് ചാർജ് വർധനയിൽ മാറ്റമില്ല.
സ്മാർട്ട് മീറ്ററുകൾ വരുന്നതിന്റെ ഭാഗമാണ് 200 യൂനിറ്റിന് മുകളിൽ മാസം ഉപയോഗിക്കുന്നവരെ കൂടി നോൺ ടെലിസ്കോപ്പിലേക്ക് മാറ്റുന്നതെന്ന വിശദീകരണവും ബോർഡ് നൽകുന്നു. ഓഫ് പീക്ക് സമയത്ത് ഉപയോഗിക്കുന്ന വൈദ്യുതിക്ക് നൽകുന്ന ഇളവ് കുറക്കാനും ബോർഡ് ആവശ്യപ്പെട്ടു.
പീക്ക് സമയത്തെ നിരക്കിന്റെ 75 ശതമാനം എന്നത് 90 ശതമാനമാക്കി ഉയർത്താനാണ് ആവശ്യം. പീക്ക്, ഓഫ് പീക്ക് സമയത്തിന്റെ ഉപയോഗത്തിൽ മാറ്റമില്ലെന്നാണ് കെ.എസ്.ഇ.ബി കണ്ടെത്തൽ.
കുറഞ്ഞ നിരക്ക് ഓഫ് പീക്കിൽ നൽകിയാൽ ബോർഡിന് സാമ്പത്തിക പ്രയാസമുണ്ടാവുകയും സാധാരണക്കാരെ ബാധിക്കുകയും ചെയ്യുമെന്നാണ് വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.