കെ.എസ്.ഇ.ബി: ചെയർമാനെ മന്ത്രി പിന്തുണച്ചിട്ടും വിജയിച്ചത് സംഘടനകളുടെ സമ്മർദം
text_fieldsതിരുവനന്തപുരം: വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ പൂർണപിന്തുണ കിട്ടിയിട്ടും ഡോ.ബി. അശോകിനെ കെ.എസ്.ഇ.ബി ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റിയത് സി.പി.എം അനുകൂല സംഘടനകളുടെ കടുത്ത നിലപാട് മൂലം. സംഘടനകളും ചെയർമാനുമായി ഒരു വർഷം നീണ്ട പരസ്യപോരിൽ ചെയർമാനെ പൂർണമായും വിശ്വാസത്തിലെടുത്താണ് മന്ത്രി കെ. കൃഷ്ണൻകുട്ടി മുന്നോട്ടു പോയത്.
കെ.എസ്.ഇ.ബി സർക്കാർ കമ്പനിയാണെന്നും ഇടപെടാൻ പരിമിതിയുണ്ടെന്നുമായിരുന്നു മന്ത്രിയുടെ നിലപാട്. എന്നാൽ, ചെയർമാനെതിരെ സി.പി.എം-സി.ഐ.ടി.യു നേതാക്കൾ പരസ്യ വിമർശനം തന്നെ ഉയർത്തി. വൈദ്യുത ബോർഡിനെ എക്കാലവും നിയന്ത്രിച്ചിരുന്ന സി.പി.എം. അനുകൂല ഓഫിസർമാരുടെ സംഘടന, ചെയർമാന്റെ കടുത്ത നടപടിയിൽ വല്ലാതെ വിഷമിക്കുകയും ചെയ്തു. പ്രശ്നപരിഹാരത്തിന് ആദ്യ ഘട്ടത്തിൽ കാര്യമായ ഇടപെടൽ മന്ത്രിയിൽനിന്നും ഉണ്ടായതുമില്ല.
സംഘടനയുടെ പ്രസിഡന്റും സെക്രട്ടറിയും അടക്കമുള്ള നേതാക്കളെ സ്ഥലംമാറ്റുകയും സസ്പെൻഡ് ചെയ്യുകയും ചെയ്തത് അവർക്ക് വലിയ ക്ഷീണമായി. ചെയർമാനെ മാറ്റണമെന്ന കടുത്ത നിലപാടിലായിരുന്നു സി.ഐ.ടി.യുവും ഓഫിസർമാരുടെ സംഘടനയും. ഡോ. അശോകിന്റെ മാറ്റത്തോടെ സംഘടനകളുടെ സമ്മർദം മാസങ്ങൾക്കു ശേഷം വിജയം കാണുകയായിരുന്നു.
സ്ഥലംമാറ്റങ്ങളുമായി ബന്ധപ്പെടാണ് ബോർഡിൽ സി.ഐ.ടി.യു യൂനിയനും ചെയർമാനുമായി അസ്വാരസ്യങ്ങൾ വന്നത്. ബോർഡ് ആസ്ഥാനത്തെ സുരക്ഷ ചുമതല സംസ്ഥാന വ്യവസായ സേനയെ ഏൽപിക്കാൻ തീരുമാനിച്ചതും വൈദ്യുതി കാറുകൾ വാങ്ങാൻ ശ്രമിച്ചതും കാറ് ഉപയോഗത്തിന് സംഘടനാ നേതാവിന് പിഴയിട്ടതും സംഘടനകളെ ചൊടിപ്പിച്ചു. ഓഫിസർമാരുടെ സംഘടനാ നേതാക്കൾക്കെതിരെ നടപടി എടുത്തത് പോര് രൂക്ഷമാക്കി. ബോർഡ് ആസ്ഥാനം വളഞ്ഞും ബോർഡ് റൂമിലേക്ക് തള്ളിക്കയറിയും പ്രതിഷേധം നടന്നു. ഡൈസ്നോൺ ബാധകമാക്കിയും കൂട്ട നടപടി ഭീഷണി ഉയർത്തിയും ബോർഡ് ഇതിനെ നേരിട്ടു. മുൻ മന്ത്രി എം.എം. മണിയും സി.ഐ.ടി.യു നേതാക്കളായ ആനത്തലവട്ടം ആനന്ദൻ, എളമരം കരീം എന്നിവരും ചെയർമാനെതിരെ കടുത്ത വിമർശനം ഉയർത്തി. അതേസമയം, നിരവധി നേട്ടങ്ങളുമായാണ് ഡോ. അശോക് പടിയിറങ്ങുന്നത്. നീണ്ട കാലത്തിനു ശേഷം ബോർഡിനെ പ്രവർത്തന ലാഭത്തിലെത്തിച്ചു. സാമ്പത്തിക അച്ചടക്കം കൊണ്ടുവരാൻ നടപടി സ്വീകരിച്ചു. മുടങ്ങിക്കിടന്ന പദ്ധതികൾ പുനരാരംഭിക്കാനും ശ്രമം നടത്തി. രാജ്യം കൽക്കരി ക്ഷാമത്തിൽ ഇരുട്ടിലായപ്പോൾ ശ്രദ്ധേയ ഇടപെടൽ നടത്തി. പലപ്പോഴും പരസ്യമായി അദ്ദേഹം നിലപാടുകൾ പ്രഖ്യാപിക്കാനും തയാറായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.