തല്ലിയും തലോടിയും നിരക്ക് വർധന...; വീടുകളിൽ 250 യൂനിറ്റിൽ കൂടുതലെങ്കിൽ ടി.ഒ.ഡി നിരക്ക്
text_fieldsതിരുവനന്തപുരം: സോളാർ വൈദ്യുതി ലഭ്യത കണക്കിലെടുത്ത് പ്രതിമാസം 250 യൂനിറ്റിന് മുകളിൽ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കളുടെ പകൽ സമയത്തെ നിരക്കിൽ പത്ത് ശതമാനം കുറവുവരുത്തി. അഞ്ച് ലക്ഷത്തോളം ഗാർഹിക ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം ലഭിക്കുമെന്നാണ് വിലയിരുത്തൽ. ചെറുകിട വ്യവസായ മേഖലയിൽ പകൽ സമയത്തെ വൈദ്യുതി നിരക്കിൽ 10 ശതമാനം കുറവുവരുത്തി. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ ഉപയോഗിക്കുന്ന വൈദ്യുതിക്കാണ് കുറവ്. ഇതുവഴി ഒന്നരലക്ഷത്തോളം ചെറുകിട വ്യവസായികൾക്ക് ബില്ലിൽ കുറവുണ്ടാകുമെന്ന് റെഗുലേറ്ററി കമീഷൻ ഉത്തരവിൽ വ്യക്തമാക്കി. വ്യവസായ മേഖലയുടെ താൽപര്യം കണക്കിലെടുത്ത് ശരാശരി ഒന്നുമുതൽ രണ്ട് ശതമാനം നിരക്ക് വർധനമാത്രമേ അംഗീകരിച്ചിട്ടുള്ളൂവെന്നും കമീഷൻ അറിയിച്ചു.
വാണിജ്യ ഉപഭോക്താക്കളെ എനർജി ചാർജ് വർധനവിൽനിന്ന് ഒഴിവാക്കിയതിനൊപ്പം ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കാൻ ഫാം സ്റ്റേകൾക്ക് (കാർഷിക, ഡയറിഫാം പോലുള്ളവ) ഹോം സ്റ്റേ രീതിയിൽ ഗാർഹിക നിരക്ക് ബാധകമാക്കി. സ്വകാര്യ ഹോസ്റ്റലുകളുടെ താരിഫിൽ ശാരാശരി 30 ശതമാനം ഇളവും അനുവദിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കേരളത്തിലെ സർവകലാശാലകൾ നേരിട്ട് നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വൈദ്യുതി നിരക്കുകൾ സർക്കാർ സ്ഥാപനങ്ങളുടെ നിരക്കിലേക്ക് മാറ്റി.
അതേസമയം പ്രതിമാസം 250 യൂനിറ്റിന് മുകളിൽ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കളെ ടി.ഒ.ഡി നിരക്കിലേക്ക് മാറ്റും. ഓഡിറ്റോറിയങ്ങൾ, കല്യാണ മണ്ഡപങ്ങൾ, കൺവെൻഷൻ സെന്ററുകൾ തുടങ്ങിയവക്ക് ആവശ്യമുള്ള സമയങ്ങളിൽ ഫിക്സഡ് ചാർജ് ഒഴിവാക്കി താൽക്കാലിക കണക്ഷൻ നൽകാനും അനുമതി നൽകി.
സിംഗിൾ ഫേസ്: 50 യൂനിറ്റ് വരെ ഫിക്സഡ് ചാർജ് 45 രൂപയാകും
തിരുവനന്തപുരം: പ്രതിമാസം 250 യൂനിറ്റിന് മുകളിൽ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കളെ ടി.ഒ.ഡി മീറ്റർ നിരക്കിലേക്ക് മാറ്റും. 50 യൂനിറ്റ് വരെ ഉപയോഗിക്കുന്ന സിംഗിൾ ഫേസ് ഉപഭോക്താക്കൾക്കുള്ള ഫിക്സഡ് ചാർജ് 2024-25 വർഷം 40ൽനിന്ന് 45 രൂപയായും 2025-26 വർഷം 50 രൂപയായും ഉയരും. 50 യൂനിറ്റുവരെ ഉപയോഗമുള്ള സിംഗിൾ ഫേസ് ഉപഭോക്താക്കളുടെ ഫിക്സഡ് ചാർജ് 2024-25 വർഷം 100ൽനിന്ന് 130 രൂപയായാണ് ഉയരുക. 51 യൂനിറ്റ് മുതൽ 100 യൂനിറ്റ് വരെ സിംഗിൾ ഫേസ് ഫിക്സഡ് ചാർജ് ഈ വർഷം 75 രൂപയും അടുത്തവർഷം 85 രൂപയുമാകും. ഈ വിഭാഗത്തിലെ എനർജി ചാർജ് യഥാക്രമം ഈവർഷം 4.15, അടുത്തവർഷം 4.25 രൂപ എന്നിങ്ങനെയാകും. 51 മുതൽ 100 യൂനിറ്റ് വരെ ത്രീഫേസ് എനർജി ചാർജ് ഇക്കൊല്ലം 160 രൂപയും അടുത്തവർഷം 175 രൂപയുമാകും. ആനുപാതിക വർധന എല്ലാ വിഭാഗത്തിലുമുണ്ടാകും.
അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ: നിരക്ക് മാറില്ല
തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതർക്കും അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ എന്നിവക്കുമുള്ള നിലവിലെ വൈദ്യുതി നിരക്ക് തുടരും. ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങളിൽ കാൻസർ രോഗികളോ സ്ഥിരമായി അംഗവൈകല്യം ബാധിച്ചവരോ ഉണ്ടെങ്കിൽ പ്രതിമാസം 100 യൂനിറ്റ് വരെ ഉപയോഗിക്കുന്നതിന് നിരക്ക് വർധനയില്ല. ഈ ആനുകൂല്യം ലഭിക്കാനുള്ള കണക്ടഡ് ലോഡിന്റെ പരിധി 1000 കിലോവാട്ടിൽനിന്ന് 2000 കിലോവാട്ടാക്കി ഉയർത്തി. നേരത്തേ അപകടങ്ങളിൽ അംഗവൈകല്യം ബാധിച്ചവർക്കും പോളിയോ ബാധിതർക്കും മാത്രമായിരുന്നു ഈ ആനുകൂല്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.