പൊന്മുടിയില് കെ.എസ്.ഇ.ബി ഭൂമി അളക്കാനെത്തിയ റവന്യൂ സംഘത്തെ തടഞ്ഞു
text_fieldsഅടിമാലി: പൊന്മുടി അണക്കെട്ടില്‍ ഹൈഡല്‍ ടൂറിസത്തിന് വൈദ്യുതി വകുപ്പ് പാട്ടത്തിന് നല്കിയ ഭൂമി അളക്കാനെത്തിയ റവന്യൂ സംഘത്തെ തടഞ്ഞു. രാജാക്കാട് സഹകരണ ബാങ്ക് പ്രസിഡന്റും മുന്‍ വൈദ്യുതി മന്ത്രി എം.എം. മണിയുടെ മരുമകനുമായ വി.എ. കുഞ്ഞുമോന്റെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥ സംഘത്തെ തടഞ്ഞത്.
ശനിയാഴ്ച രാവിലെ 10ഓടെയാണ് സംഭവം. ഹൈഡല്‍ ടൂറിസത്തിന് രാജാക്കാട് സഹകരണ ബാങ്ക് പാട്ടത്തിനെടുത്ത ഭൂമിയില്‍ 21ഏക്കര്‍ റവന്യൂ ഭൂമിയുണ്ടെന്ന പരാതിയെത്തുടര്‍ന്നാണ് സര്‍വേ നടത്താന്‍ റവന്യൂസംഘമെത്തിയത്. ഉടുമ്പന്‍ചോല തഹസില്‍ദാറുടെ നിര്‍ദേശപ്രകാരം മൂന്ന് സര്‍വേയർമാരും രാജാക്കാട് വില്ലേജിലെ രണ്ട് ഉദ്യോഗസ്ഥരുമാണ് സര്‍വേക്ക് എത്തിയത്. എന്നാല്‍, കെ.എസ്.ഇ.ബി അധികൃതരുടെ സാന്നിധ്യത്തില്‍ മാത്രമേ പരിശോധന അനുവദിക്കൂവെന്ന നിലപാടാണ് ബാങ്ക് പ്രസിഡന്റ് സ്വീകരിച്ചത്.
എം.എം. മണി വൈദ്യുതി മന്ത്രിയായിരിക്കെയാണ് മരുമകന് പ്രസിഡന്റായ ബാങ്കിന് പൊന്മുടിയില് ഹൈഡല്‍ ടൂറിസത്തിന് ഭൂമി അനുവദിച്ചത്. മാട്ടുപ്പെട്ടി, ചെങ്കുളം, മൂന്നാര്‍, കുണ്ടള അണക്കെട്ടുകളില്‍ ഇതേ മാതൃകയില്‍ ടൂറിസത്തിന് ഭൂമി പാട്ടത്തിന് നല്‍കിയിരുന്നു. ഇതിന്റെ മറപിടിച്ചാണ് പൊന്മുടിയിലും ഭൂമി നല്‍കിയത്. ഇതില്‍ റവന്യൂഭൂമിയും ഉൾപ്പെട്ടതായി ആരോപണം ഉയര്‍ന്നതോടെയാണ് റവന്യൂ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാല്‍, ബാങ്കിനോ കെ.എസ്.ഇ.ബിക്കോ ഔദ്യോഗികമായി അറിയിപ്പ് നല്‍കാതെ പരിശോധന നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ബാങ്ക് ഭരണസമിതി ഉറച്ച് നില്‍ക്കുകയായിരുന്നു.
തുടർന്ന്, ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി നോട്ടീസ് നല്‍കിയശേഷം സര്‍വേ വീണ്ടും നടത്തുമെന്ന് വില്ലേജ് ഓഫിസര്‍ സുരേഷ്കുമാര്‍ പറഞ്ഞു. റവന്യൂ പുറമ്പോക്ക് ഭൂമിയുടെ സ്കെച്ച് പ്രകാരം മുമ്പ് സര്‍വേ നടത്തി സ്ഥാപിച്ചിരുന്ന കല്ലുകള്‍ കണ്ടെത്താനായിരുന്നു സര്‍വേ സംഘത്തിന്റെ നീക്കം. എന്നാല്‍, പ്രാഥമിക പരിശോധന പോലും നടത്താന്‍ സാധിച്ചില്ല. രാജാക്കാട്ട് നിന്ന് വന്‍ പൊലീസ് സേനയും സ്ഥലത്തുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.