28,419 കോടിയുടെ നിക്ഷേപ പദ്ധതിയുമായി കെ.എസ്.ഇ.ബി
text_fieldsതൃശൂർ: അഞ്ച് വർഷത്തിനുള്ളിൽ 28,419 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന പദ്ധതിരേഖ കെ.എസ്.ഇ.ബി, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമീഷന് സമർപ്പിച്ചു. പാതിവഴിയിൽ എത്തിനിൽക്കുന്നതും സ്തംഭിച്ചതും പുതിയതുമായ 14 ചെറുകിട ജലവൈദ്യുതി പദ്ധതികളുടെ നിർമാണം പൂർത്തിയാക്കാനുള്ള വിശദ രൂപരേഖയാണ് സമർപ്പിച്ചത്.
സാധാരണയായി താരിഫ് പെറ്റീഷനോടൊപ്പം സമർപ്പിച്ചിരുന്ന പദ്ധതിരേഖ ഇത്തവണ ആദ്യമായാണ് 'കാപിറ്റൽ ഇൻവെസ്റ്റ്മെന്റ് പ്ലാൻ' (മൂലധന നിക്ഷേപ പദ്ധതി) എന്ന പേരിൽ സമർപ്പിക്കുന്നത്. ചെറുകിട ജലവൈദ്യുതി പദ്ധതികളിലൂടെ അധിക വൈദ്യുതി ഉൽപാദനം എന്നതിൽ ഊന്നിയുള്ള കാഴ്ചപ്പാടാണ് ബോർഡ് പങ്കുവെക്കുന്നത്.
സംസ്ഥാനത്തിന് ആവശ്യമുള്ളതിൽ 30 ശതമാനം വൈദ്യുതി മാത്രമാണ് ഉൽപാദിപ്പിക്കുന്നത്. ഇത് മറികടക്കാൻ 4749.8 കോടി ചെലവിൽ 14 ജലവൈദ്യുതി പദ്ധതികളാണ് അഞ്ച് വർഷത്തിനുള്ളിൽ പൂർത്തിയാകുക. രണ്ട് വർഷത്തിനുള്ളിൽ ഇവയിൽ 185 മെഗാവാട്ടിന്റെ പദ്ധതികൾ കമീഷൻ ചെയ്യും.
അപ്പർ ചെങ്കുളം, പീച്ചഡ്, പടിഞ്ഞാറൻ കല്ലാർ, പെരിയാറിനോട് ചേർന്ന ലാഡ്രം, മർമല, പശുക്കടവ്, വാലന്തോട്, മാരിപ്പുഴ, ചെമ്പൂക്കടവ്-മൂന്നാംഘട്ടം, ചാത്തൻകോട്ടുനട, ഒലിക്കൽ ഷെപ്, പൂവാരംതോട്, മാങ്കുളം, ഇടുക്കി (ഗോൾഡൻ ജൂബിലി) എക്സ്റ്റൻഷൻ സ്കീം എന്നീ വൈദ്യുതി പദ്ധതികളാണ് 2026-27ഓടെ യാഥാർഥ്യമാകുക. രണ്ടെണ്ണം നീർത്തട മാർഗങ്ങളിൽനിന്ന് വൈദ്യുതി ഉൽപാദിക്കുന്നതും ബാക്കി 11 എണ്ണം നദീതട ജലവൈദ്യുതി പദ്ധതികളുമാണ്. ഇതിനായുള്ള നടപടികൾ വിവിധ ഘട്ടങ്ങളിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.