കെ.എസ്.ഇ.ബി സർചാർജിൽ എതിർപ്പുയരും
text_fieldsതിരുവനന്തപുരം: ഉയർന്ന വിലയ്ക്ക് വലിയതോതിൽ വൈദ്യുതി വാങ്ങിയതടക്കം സാമ്പത്തികബാധ്യത മറികടക്കാൻ ഇന്ധന സർചാർജ് വർധിപ്പിക്കാതെ വഴിയില്ലെന്ന് കെ.എസ്.ഇ.ബി. സർചാർജ് യൂനിറ്റിന് 23 പൈസയാക്കണമെന്ന് അഭ്യർഥിച്ച് റെഗുലേറ്ററി കമീഷന് സമർപ്പിച്ച അപേക്ഷയിലാണ് പ്രതിസന്ധിയുടെ കാരണങ്ങളും കണക്കുകളും നിരത്തുന്നത്. 2023 ഒക്ടോബർ മുതൽ 2024 മാർച്ച് വരെയുള്ള ഇന്ധന സർചാർജ് യൂനിറ്റിന് 23 പൈസ വീതം ഈടാക്കാനാണ് അനുമതി തേടിയത്. ജൂലൈ 11ന് നടക്കുന്ന തെളിവെടുപ്പിന് ശേഷമാവും കമീഷൻ തീരുമാനം.
കെ.എസ്.ഇ.ബി ആവശ്യം കമീഷൻ തെളിവെടുപ്പിൽ എതിർക്കാനുള്ള തയാറെടുപ്പിലാണ് ഉപഭോക്തൃ സംഘടനകൾ. വൈദ്യുതി ഉൽപാദനം വർധിപ്പിക്കാതെ കെടുകാര്യസ്ഥതമൂലമുള്ള അധികചെലവ് ഉപഭോക്താക്കളിൽനിന്ന് ഈടാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഡെമോക്രാറ്റിക് ഹ്യൂമൺ റൈറ്റ്സ് ആൻഡ് എൻവയൻമെന്റ് പ്രൊട്ടക്ഷൻ ഫോറം ചെയർമാൻ ഡിജോ കാപ്പൻ ‘മാധ്യമ’ത്തോട് പറഞ്ഞു. ഉപഭോക്താക്കളുടെ ബാധ്യത വർധിപ്പിക്കുമെന്നതിനാൽ കെ.എസ്.ഇ.ബി ആവശ്യപ്പെട്ട വർധന അനുവദിക്കാനിടയില്ലെങ്കിലും നിലവിലെ 19 പൈസയിൽ വർധനക്ക് സാധ്യത തള്ളാനാവില്ല.
ദീർഘകാല കരാറുകൾ വഴി വൈദ്യുതി കിട്ടാത്തത് പ്രതിസന്ധിയുടെ മുഖ്യകാരണങ്ങളിലൊന്നായി കെ.എസ്.ഇ.ബി ചൂണ്ടിക്കാട്ടുന്നു. ഉയർന്ന വൈദ്യുതി ആവശ്യകത, മഴയിലെ കുറവ്, മുൻകൂർ പണം നൽകിയുള്ള വൈദ്യുതി വാങ്ങൽ എന്നിവയും പ്രതിസന്ധിയുടെ ആക്കംകൂട്ടിയതായാണ് വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.