ചൂരല്‍മല ടൗണ്‍ വരെ വൈദ്യുതി എത്തിച്ചതായി കെ.എസ്.ഇ.ബി
text_fieldsകൽപറ്റ: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിലെ ചൂരൽമല മുണ്ടക്കൈ പ്രദേശത്ത്, ദുരന്തഭൂമിയുടെ സമീപം വരെയുള്ള മേഖലയിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചതായി കെ.എസ്.ഇ.ബി. വൈദ്യുതി പുനഃസ്ഥാപനത്തിന് ആവശ്യമായ എ.ബി.സി കേബിളുകളും ട്രാൻസ്ഫോർമറുകളും അനുബന്ധ സാമഗ്രികളും ലഭ്യമാക്കിയിട്ടുണ്ടെന്നും അവശ്യം വേണ്ട തൊഴിലാളികളെയും ജീവനക്കാരെയും നിയോഗിച്ചിട്ടുമുണ്ടെന്നും കെ.എസ്.ഇ.ബി അറിയിച്ചു.
ദുരന്തഭൂമിയായ മേപ്പാടി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മേഖലയിൽ മൂന്ന് കിലോമീറ്ററിലേറെ ഹൈ ടെൻഷൻ ലൈനുകളും എട്ടു കിലോമീറ്ററിലേറെ ലോ ടെൻഷൻ ലൈനുകളും പൂർണമായി തകർന്നിട്ടുണ്ട്. ഉരുൾപൊട്ടലിൽ രണ്ട് ട്രാൻസ്‌ഫോർമറുകൾ ഒഴുകി കാണാതാവുകയും ആറ് ട്രാൻസ്‌ഫോർമറുകൾ തകർന്ന് നിലംപൊത്തുകയും ചെയ്തു. ഈ പ്രദേശത്തെ 1000 ഓളം ഉപഭോക്താക്കൾക്കുള്ള വൈദ്യുതി വിതരണ സംവിധാനം പൂർണമായും തകർന്നിട്ടുണ്ട്. കുറഞ്ഞത് 3 കോടി രൂപയുടെ നാശനഷ്ടങ്ങൾ ഈ മേഖലയിൽ മാത്രം ഉണ്ടായിട്ടുള്ളതായാണ് പ്രാഥമിക വിലയിരുത്തൽ.
ദുരന്തം നടന്നതിനു മറുഭാഗത്തുള്ള രണ്ടായിരത്തോളം വരുന്ന ഉപഭോക്താക്കൾക്ക് വൈദ്യുതി എത്തിക്കണമെങ്കിൽ തകർന്ന ലൈനുകൾ പുനഃസ്ഥാപിച്ചാൽ മാത്രമേ സാധിക്കുകയുള്ളു. രക്ഷാപ്രവർത്തനം പൂർത്തീകരിച്ചാൽ മാത്രമേ ഈ പ്രവർത്തനം ആരംഭിക്കാനാകൂ -കെ.എസ്.ഇ.ബി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.