കണക്ഷൻ ചാർജ് വർധന അനിവാര്യമെന്ന് കെ.എസ്.ഇ.ബി
text_fieldsറെഗുലേറ്ററി കമീഷൻ തെളിവെടുപ്പ് നടത്തി
തിരുവനന്തപുരം: പുതിയ വൈദ്യുതി കണക്ഷനുകൾക്കുള്ള ഫീസ് വർധന അനിവാര്യമാണെന്ന് റെഗുലേറ്ററി കമീഷൻ സിറ്റിങ്ങിൽ കെ.എസ്.ഇ.ബിയുടെ വാദം. ഒടുവിൽ നിരക്ക് നിശ്ചയിച്ച 2019ന് ശേഷം ലേബർ ചാർജിൽ വന്ന വർധന, ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതടക്കം കെ.എസ്.ഇ.ബി ചൂണ്ടിക്കാട്ടി. നിരക്ക് വർധനക്കെതിരെ 15ലേറെ പരാതികൾ വിവിധ സംഘടനകളുടെ ഭാഗത്തുനിന്നും കമീഷൻ പരിഗണനക്ക് വന്നു. ഈ പരാതികളടക്കം പരിഗണിച്ചശേഷമാവും കമീഷൻ തീരുമാനം. 2018ൽ അംഗീകരിച്ച നിരക്ക് പ്രകാരം സിംഗ്ൽ ഫേസ് കണക്ഷന് 1740 രൂപയും പത്ത് കിലോ വാട്സ് വരെയുള്ള ത്രീഫേസ് കണക്ഷന് 4220 രൂപയുമാണ് സർവസ് കണക്ഷൻ നിരക്ക്. ഇത് യഥാക്രമം 3604 ആയും 6935 ആയും വർധിപ്പിക്കണമെന്നാണ് ബോർഡിന്റെ ആവശ്യം.
പോസ്റ്റുകൾ സ്ഥാപിച്ച് ലൈൻ വലിക്കുന്നതിനുള്ള ചാർജ് പുറമേയാണ്. ഇതിന്റെ നിരക്കിലും വർധന വേണമെന്ന ആവശ്യമാണ് ബോർഡ് ഉയർത്തിയത്. പുതിയ പുരപ്പുറ സോളാർ വൈദ്യുതി പദ്ധതിക്ക് രജിസ്ട്രേഷൻ ഫീസ് ഉൾപ്പെടെ ഏർപ്പെടുത്തണമെന്ന കെ.എസ്.ഇ.ബി ആവശ്യത്തിൽ വ്യാഴാഴ്ച റെഗുലേറ്ററി കമീഷൻ തെളിവെടുപ്പ് നടത്തും. 2023 ജനുവരി ഒന്നുമുതൽ മാർച്ച് 31 വരെ വൈദ്യുതി വാങ്ങിയ ഇനത്തിൽ ചെലവുവന്ന തുക സർചാർജായി ഈടാക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് നൽകിയ അപേക്ഷയിൽ ഈമാസം 28നാണ് തെളിവെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.