സ്മാർട്ട് മീറ്റർ വീണ്ടുമെത്തുന്നു; മുൻ പരാജയം വിലയിരുത്താതെ കെ.എസ്.ഇ.ബി
text_fieldsപാലക്കാട്: സ്മാർട്ട് മീറ്റർ ചർച്ചകൾ വീണ്ടും സജീവമാകുമ്പോഴും മുൻ പരാജയ കാരണങ്ങൾ പരിശോധിക്കാൻ തുനിയാതെ കെ.എസ്.ഇ.ബി. സ്മാർട്ട് മീറ്ററിന്റെ തുടക്കക്കാരനെന്ന് വിശേഷിപ്പിക്കാവുന്ന, വിതരണ ട്രാൻസ്ഫോമറുകളുടെയും ഹൈടെൻഷൻ ഫീഡറുകളുടെയും തൽസമയ ലോഡ് അറിയാവുന്ന സംവിധാനത്തിന്റെ പരാജയ കാരണമാണ് പരിശോധിക്കാതിരിക്കുന്നത്. കേന്ദ്ര സർക്കാറിന്റെ ഇന്റഗ്രേറ്റഡ് പവർ ഡെവലപ്മെന്റ് സ്കീമിന് കീഴിൽവരുന്ന പദ്ധതിയായ പവർ ഡെവലപ്മെന്റ് ആൻഡ് റിഫോം പ്രോഗ്രാമിന് (ആർ.എ.പി ഡി.ആർ.പി) കീഴിൽ സംസ്ഥാനത്തെ ട്രാൻസ്ഫോമറുകളിൽ 18,370 മീറ്ററുകൾ (ഡി.ടി.ആർ മീറ്റർ) 2017ൽ സ്ഥാപിച്ചെങ്കിലും ഇപ്പോൾ പ്രവർത്തിക്കുന്നത് 32 എണ്ണം മാത്രം.
നേരിട്ടുള്ള മീറ്റർ റീഡിങ് ഒഴിവാക്കി ഓട്ടോമാറ്റിക് റീഡിങ് സംവിധാനത്തോടെ തത്സമയ ലോഡ് വിവരങ്ങൾ സെക്ഷൻ ഓഫിസുകളിൽ അറിയിക്കാനുള്ള സംവിധാനമായിരുന്നു ഇത്. കെ.എസ്.ഇ.ബി. സ്ഥാപിച്ച 99 ശതമാനം മീറ്ററുകളും ആരും തിരിഞ്ഞുനോക്കുന്നില്ലെന്ന ഗതികേട് സ്മാർട്ട് മീറ്ററിനുമുണ്ടാകുമോയെന്ന ആശങ്ക പലർക്കുമുണ്ട്.
ആകെയുള്ള 86,000 വിതരണ ട്രാൻസ്ഫോമറുകളിൽ, നഗരപ്രദേശങ്ങളിലെ 18370 എണ്ണത്തിൽ സ്ഥാപിക്കപ്പെട്ട ഡി.ടി.ആർ മീറ്ററുകൾ കുറഞ്ഞ മാസങ്ങൾ മാത്രമാണ് പ്രവർത്തിച്ചത്. കൃത്യമായ പരിപാലനം ഇല്ലാത്തതിനാലാണ് പദ്ധതി നിലച്ചത്.
ഈ സംവിധാനത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ഒരു ശ്രമവുമുണ്ടായിട്ടില്ല. ആ കാലഘട്ടത്തിൽ പദ്ധതിയിൽ ആകെ സ്ഥാപിക്കപ്പെട്ട 20,015 മീറ്ററുകളിൽ 317 എണ്ണം മാത്രം പ്രവർത്തിക്കുന്നുണ്ടെന്ന് പദ്ധതിയുടെ പോർട്ടൽ (https://ws.kseb.in/mdas-dash/) വെളിപ്പെടുത്തുന്നു. മീറ്റർ സംവിധാനം കൃത്യമായി പരിപാലിച്ചിരുന്നെങ്കിൽ ട്രാൻസ്ഫോമറുകളുടെയും സബ്സ്റ്റേഷനുകളിലെ ഫീഡറുകളുടെയും കൃത്യമായ തൽസമയ ലോഡ് വിവരങ്ങൾ സെക്ഷൻ ഓഫിസുകളിൽ ലഭ്യമാകുമായിരുന്നു.
ഈ വിവരങ്ങൾ വെച്ച് ഓവർലോഡാകുന്ന ട്രാൻസ്ഫോമറുകൾ കണ്ടെത്താനും പ്രശ്നം പരിഹരിക്കാനുമാകുമായിരുന്നു. നിലവിൽ ജീവനക്കാർ നേരിട്ട് പോയാണ് ഓരോ ട്രാൻസ്ഫോമറുകളുടെയും ലോഡ് രേഖപ്പെടുത്തുന്നത്. ഇത്തരത്തിൽ റീഡിങ് എഴുതിയെടുക്കുന്നതിലെ തെറ്റുകളുടെ നഷ്ടം റീഡിങ് എടുക്കുന്ന ജീവനക്കാരിൽ നിന്ന് ഈടാക്കാറുണ്ട്. മാത്രമല്ല, ജീവനക്കാർ പോകുമ്പോൾ പരമാവധി ലോഡ് ട്രാൻസ്ഫോമറുകൾ ഉണ്ടായിരിക്കണമെന്നില്ല.
അതിനാൽ ട്രാൻസ്ഫോമറുകളുടെ പരമാവധി ലോഡ് എത്ര എന്നറിയാൻ ഇപ്പോഴും സെക്ഷൻ ഓഫിസുകളിലെ ജീവനക്കാർക്ക് നിർവാഹമില്ല. ഓട്ടോമാറ്റിക് റീഡിങ് ആണെങ്കിൽ തെറ്റ് വരാനുള്ള സാധ്യത വളരെ കുറവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.