കെ.എസ്.ഇ.ബി ജീവനക്കാർ നേന്ത്രവാഴകൾ വെട്ടിനശിപ്പിച്ചു
text_fieldsചെന്ത്രാപ്പിന്നി: എടത്തിരുത്തി ചൂലൂരിൽ കെ.എസ്.ഇ.ബി ജീവനക്കാർ നേന്ത്രവാഴകൾ വെട്ടിനശിപ്പിച്ചു. ചൂലൂർ ജുമാ മസ്ജിദിന് എതിർ വശത്തെ സ്ഥലത്ത് കുലച്ച പത്തോളം വാഴകളാണ് വൈദ്യുതി ലൈനിൽ മുട്ടിയെന്ന പേരിൽ വെട്ടിനശിപ്പിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് പന്ത്രണ്ടിനാണ് സംഭവം. തൊഴുത്തും പറമ്പിൽ സന്തോഷും സുഹൃത്തുക്കളും ചേർന്ന് കൃഷി ചെയ്ത വാഴകളാണ് വെട്ടിനശിപ്പിച്ചത്. വൈദ്യുതി ലൈനിലെ ടച്ചിങ്ങ് വെട്ടാനെത്തിയ വലപ്പാട് കെ.എസ്.ഇ.ബി സെക്ഷനിലെ കരാറു ജോലിക്കാരാണ് വാഴകൾ വെട്ടിയത്. പത്ത് വർഷത്തോളമായി ഈ സ്ഥലത്ത് കൂടി പോകുന്ന ലൈനിൽ വൈദ്യുതി പ്രവഹിക്കുന്നില്ലെന്നും ഇവർ പറയുന്നു.
രണ്ട് വർഷം മുമ്പാണ് സന്തോഷും സുഹൃത്തുക്കളും ചേർന്ന് കാട് പിടിച്ചു കിടന്നിരുന്ന സ്ഥലം വൃത്തിയാക്കി വാഴകൃഷി ആരംഭിച്ചത്. പത്ത് മാസം മുമ്പ് നട്ട് ഇപ്പോൾ കുലച്ചു നിൽക്കുന്ന വാഴകളാണ് വെട്ടി നശിപ്പിച്ചത്. കൃഷി മന്ത്രിക്കും, വൈദ്യുതി മന്ത്രിക്കും പരാതി നൽകുമെന്ന് കർഷകർ പറഞ്ഞു. അതേസമയം, ലൈനിലേക്ക് മുട്ടി നിൽക്കുന്ന ഭാഗമാണ് വെട്ടി ഒഴിവാക്കിയതെന്നും ഏതെങ്കിലും കാരണവശാൽ ഇതിലേക്ക് വൈദ്യുതി പ്രവഹിച്ചാൽ അപകടം ഒഴിവാക്കുന്നതിനുള്ള മുൻകരുതലാണ് നടത്തിയതെന്നും കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.