കെ.എസ്.ഇ.ബിയിലെ സംഭരണ പരിഷ്കരണം നീളുന്നു
text_fieldsപാലക്കാട്: സാധന സാമഗ്രികൾ ടെൻഡറിൽ ലഭ്യമാകുന്നില്ലെന്നതുൾപ്പെടെയുള്ള കാരണങ്ങളാൽ കഴിഞ്ഞ ചെയർമാന്റെ കാലത്ത് കൊണ്ടുവന്ന കെ.എസ്.ഇ.ബിയിലെ പുതുക്കിയ സംഭരണ നടപടികൾ ഇനിയും തുടങ്ങിയില്ല.
കഴിഞ്ഞ മാർച്ചിൽ വികേന്ദ്രീകരിച്ച് സംഭരണം നടത്താൻ തീരുമാനിച്ചിരുന്ന പരിഷ്കാരം തുടർച്ചയായി മൂന്നാം തവണയും മൂന്നുമാസത്തേക്ക് മരവിപ്പിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന ഡയറക്ടർമാരുടെ യോഗം തീരുമാനിച്ചു. കെ.എസ്.ഇ.ബിക്ക് ആവശ്യമായ സാമഗ്രികൾ കേന്ദ്രീകൃത സംഭരണം നടത്തുന്ന സൈപ്ല ചെയിൻ മാനേജ്മെന്റ് വിഭാഗത്തിൽ നിന്ന് (എസ്.സി.എം) ഉത്തരവാദിത്തം മാറ്റാനാണ് കഴിഞ്ഞ മാർച്ചിൽ മുൻ ചെയർമാനായിരുന്ന രാജന് ഖോബ്രഗഡേയുടെ നേതൃത്വത്തിൽ മുഴുസമയ ഡയറക്ടർമാരുടെ യോഗം തീരുമാനിച്ചത്.
പകരം ഇനം തിരിച്ച് ഉൽപാദന-പ്രസരണ- വിതരണ വിഭാഗം ഉദ്യോഗസ്ഥർക്ക് സംഭരണച്ചുമതല നൽകുന്ന രീതി നടപ്പാക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ, ജീവനക്കാരിൽ നിന്നുൾപ്പെടെ വ്യാപക എതിർപ്പ് ക്ഷണിച്ചുവരുത്തിയ പരിഷ്കാര നടപടികൾ വൈകാതെ മൂന്ന് മാസത്തേക്ക് നീട്ടിവെച്ച് ഉത്തരവിറങ്ങി. തുടർന്ന് മൺസൂണിന്റെ പേരിൽ വീണ്ടും നീട്ടിവെച്ചു.
ഒടുവിൽ നവംബർ 30വരെ പഴയപടി സംഭരണം നടത്താൻ സെപ്റ്റംബർ 20ന് ചേർന്ന മുഴുസമയ ഡയറക്ടർമാരുടെ യോഗം തീരുമാനിക്കുകയായിരുന്നു. ഇതു സംബന്ധിച്ച ഉത്തരവും കഴിഞ്ഞദിവസമിറങ്ങി.ഓരോ വിഭാഗത്തിലെയും ചീഫ് എൻജിനീയർ മുതൽ അസി. എൻജിനീയർ വരെയുള്ള ഉദ്യോഗസ്ഥർക്ക് അനുവദിച്ച ധനപരിധിക്കനുസരിച്ചാണ് സാധന സാമഗ്രികൾ വാങ്ങിയിരുന്നത്. ഇത് മാറ്റി സംസ്ഥാനത്തേക്ക് ആവശ്യമായത് ഒന്നിച്ച് വാങ്ങാനുള്ള ചുമതല വിവിധ വിഭാഗങ്ങളുടെ ചീഫ് എൻജിനീയർ, ഡെപ്യൂട്ടി സി.ഇ, എക്സി. എൻജിനീയർമാർ എന്നിവർക്കായി വികേന്ദ്രീകരിച്ച് നൽകുന്നതായിരുന്നു പരിഷ്കാരം.
സാധനസാമഗ്രികൾ ടെൻഡറിൽ ലഭിക്കുന്നില്ലെന്ന് പറഞ്ഞാണ് പുതിയ സമ്പ്രദായം കൊണ്ടുവന്നതെങ്കിലും സാധനസാമഗ്രികൾ ലഭിക്കാൻ കൂടുതൽ കാലതാമസമെടുത്തേക്കുമെന്ന് ആശങ്ക ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.