ചർച്ചയിൽ ധാരണ; കെ.എസ്.ഇ.ബി സമരം ഒത്തുതീർന്നു
text_fieldsതിരുവനന്തപുരം: രാഷ്ട്രീയവിവാദങ്ങൾക്കൊടുവിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ഇ.ബിയിലെ തൊഴിലാളി സംഘടനകൾ നടത്തിവന്ന അനിശ്ചിതകാല സമരം മാനേജ്മെന്റുമായുള്ള ചർച്ചയെത്തുടർന്ന് ഒത്തുതീർപ്പായി. അംഗീകൃത യൂനിയൻ, ഓഫിസർ സംഘടന നേതാക്കളുമായി സി.എം.ഡി ഡോ. ബി. അശോക് നടത്തിയ ചർച്ചയിൽ മുന്നോട്ടുവെച്ച അഞ്ച് നിർദേശങ്ങളിൽ ധാരണയായതിനെ തുടർന്നാണ് സമരം പിൻവലിച്ചത്.
വെള്ളിയാഴ്ച മന്ത്രി കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ സംഘടനാനേതാക്കളുമായി നടത്തിയ ചർച്ചയാണ് ശനിയാഴ്ച സി.എം.ഡി തല ചർച്ചയിലേക്കും ഒത്തുതീർപ്പിലേക്കും വഴിതുറന്നത്. വിഷയങ്ങളിൽ തുടർചർച്ചകൾ നടത്താമെന്ന ഉറപ്പ് ലഭിച്ചെന്ന് തൊഴിലാളി സംഘടന ഭാരവാഹികൾ അറിയിച്ചു.
സംസ്ഥാന വ്യവസായ സുരക്ഷാസേന (എസ്.ഐ.എസ്.എഫ്) വിന്യാസം േഡറ്റ സെന്ററിലും ലോഡ് ഡെസ്പാച്ച് സെന്ററിന് സമീപത്തുമായി പരിമിതപ്പെടുത്തുമെന്നതാണ് ഒത്തുതീർപ്പ് ധാരണകളിൽ ഒന്ന്. ഗേറ്റുകൾ, പ്രധാനകവാടം, ചെയർമാന്റെ ഓഫിസ് ഉൾപ്പടെയുള്ള സ്ഥലങ്ങളിൽനിന്ന് എസ്.ഐ.എസ്.എഫിനെ ഒഴിവാക്കും. േഡറ്റ സെന്ററിന് സമീപം എസ്.ഐ.എസ്.എഫിന് സി.സി.ടി.വി കൺട്രോൾ സ്ക്രീനും വിശ്രമ മുറിയും അനുവദിക്കും. സമരം നിരോധിച്ചും പങ്കെടുക്കുന്നവരുടെ പേരിൽ നടപടി ഉണ്ടാകുമെന്നും കാണിച്ച് ഇറക്കിയ സർക്കുലറുകൾ പിൻവലിച്ച് പുതുക്കിയിറക്കും.
സമരം ചെയ്ത കാലയളവിൽ ജീവനക്കാർക്ക് അനുവദനീയമായ അവധി അനുവദിക്കും. തൊഴിലാളി യൂനിയനുകളുമായും ഓഫിസർ സംഘടനകളുമായും എല്ലാമാസവും കോഓഡിനേഷൻ യോഗം നടത്തി മറ്റ് വിഷയങ്ങൾ ചർച്ചചെയ്ത് തീരുമാനിക്കും. ശമ്പള കരാറുമായി ബന്ധപ്പെട്ട വിഷയങ്ങൾ, വ്യവഹാരങ്ങൾ എന്നിവ മാനേജ്മെന്റും യൂനിയനുകളുമായി ചർച്ചചെയ്ത് തീർപ്പാക്കും.
ബോർഡിെന്റയും ജീവനക്കാരുെടയും സൽപേരിന് വിഘാതമായ കാര്യങ്ങളും ഇതിന്റെ ഭാഗമായി നടന്ന പ്രചാരണങ്ങളും തിരുത്താൻ ബോർഡ് മാനേജ്മെന്റും സംഘടനകളും സംയുക്തമായി ഇടപെടും. സി.ഇ.എ കേസിൽ സുപ്രീംകോടതി വിധി അനുകൂലമായ സാഹചര്യത്തിൽ മുടങ്ങിക്കിടന്ന പ്രമോഷനുകൾ എത്രയും വേഗം നടപ്പാക്കാനും തീരുമാനമായി.
ഇടതുസര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഇടത് ട്രേഡ് യൂനിയനുകള്‍ നടത്തുന്ന അനിശ്ചിതകാല പ്രക്ഷോഭം മുന്നണിയുടെ കെട്ടുറപ്പിനെ പോലും ബാധിക്കുന്ന തലത്തിലേക്ക് വളര്‍ന്നതോടെയാണ് സമരം അവസാനിപ്പിക്കാന്‍ സി.പി.എം നേതാക്കൾ ഇടപെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.