കെ.എസ്.ഇ.ബി പഠനം തുടങ്ങി, പകൽ കുറക്കാം
text_fieldsതിരുവനന്തപുരം: വൈകീട്ട് ആറുമുതല് രാത്രി 10 വരെ ഉപയോഗിക്കുന്ന വൈദ്യുതിക്ക് നിരക്ക് ഉയർത്തണമെന്ന ആവശ്യവുമായി കെ.എസ്.ഇ.ബി. കൂടുതൽ വൈദ്യുതി ഉപഭോഗം നടക്കുന്ന ഈ സമയത്തെ നിരക്ക് വർധന സംബന്ധിച്ച സാധ്യതകൾ പഠിക്കാൻ കെ.എസ്.ഇ.ബിയിലെ ധനകാര്യ വിഭാഗത്തെ മാനേജ്മെന്റ് ചുമതലപ്പെടുത്തി. കഴിഞ്ഞ തവണ സമർപ്പിച്ച ശിപാർശയിലും ഫ്ലക്സി സ്വഭാവത്തിലുള്ള നിരക്ക് വർധന കെ.എസ്.ഇ.ബി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, റെഗുലേഷൻ കമീഷൻ പരിഗണിച്ചില്ല. ഈ സാഹചര്യത്തിൽ സാമ്പത്തിക സാധ്യതകളടക്കം പരിശോധിച്ച് അടുത്തതവണ സമഗ്ര ശിപാർശ നൽകാനാണ് കെ.എസ്.ഇ.ബി തീരുമാനം. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ സാധാരണ നിരക്കും വൈകീട്ട് ആറുമുതൽ രാത്രി 10 വരെയുള്ള തിരക്കേറിയ സമയത്ത് കൂടിയ നിരക്കും രാത്രി 10 മുതൽ പുലർച്ച ആറുവരെയുള്ള 'ഓഫ് പീക്' സമയത്ത് നിലവിലുള്ളതിനെക്കാൾ കുറഞ്ഞ നിരക്കും ഈടാക്കലാണ് ലക്ഷ്യം.
ശിപാർശ റെഗുലേഷൻ കമീഷൻ അംഗീകരിച്ചാൽ ഗാർഹിക, വാണിജ്യ ഉപയോക്താക്കളുടെ വൈദ്യുതി ബിൽ ഉയരാൻ ഇടയാകും. അതേസമയം പുതിയ നിരക്ക് സമ്പ്രദായം ഏർപ്പെടുത്തുന്നതിന് നിരവധി കടമ്പകളാണ് കെ.എസ്.ഇ.ബിക്ക് മുന്നിലുള്ളത്. നിരക്ക് വർധന പ്രാബല്യത്തിൽ വന്നിട്ട് ഏതാനും മാസങ്ങളേ ആകുന്നുള്ളൂ. ഉടൻ റെഗുലേറ്ററി കമീഷനെ സമീപിക്കാനാകില്ല.
നിലവിൽ വരുത്തിയ വർധനയുടെ അടിസ്ഥാനത്തിൽ സാമ്പത്തിക സാഹചര്യങ്ങൾ വിലയിരുത്തിയാണ് അടുത്ത ശിപാർശ നൽകാനാകുക.
സമയം നിശ്ചയിച്ചുള്ള വൈദ്യുതി ഉപയോഗം മനസ്സിലാക്കുന്നതിന് സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കണം. ഒരു കോടി വൈദ്യുതി ഉപഭോക്താക്കൾക്ക് സ്മാർട്ട് മീറ്റർ സ്ഥാപിക്കാൻ 12,000 കോടിയോളം രൂപ വേണ്ടിവരും. ഇതിൽ എണ്ണായിരം കോടി നൽകാമെന്ന് കേന്ദ്രം സമ്മതിച്ചിട്ടുണ്ടെങ്കിലും ഇതുവരെ തുക ലഭിച്ചിട്ടില്ല.
ഫലത്തിൽ സ്മാർട്ട് മീറ്റർ സ്ഥാപിച്ചുള്ള പീക്ക് സമയത്തെ വൈദ്യുതി നിരക്ക് കണക്കാക്കൽ സമീപഭാവിയിൽ നടക്കില്ല. അതേസമയം നിലവിൽ സ്ഥാപിക്കുന്ന പുതിയ മീറ്ററുകളിൽ സമയം നിശ്ചയിച്ച് വൈദ്യുതി ഉപയോഗം അളക്കാനാകുമെന്നാണ് കെ.എസ്.ഇ.ബി പറയുന്നത്.
35-40 ശതമാനം മാത്രമാണ് ഇത്തരം സൗകര്യമുള്ള പുതിയ മീറ്ററുകൾ. വൻകിട ഉപയോക്താക്കൾ പുറത്തുനിന്ന് നേരിട്ട് വൈദ്യുതി കൊണ്ടുവരികയും അതുവഴി കെ.എസ്.ഇ.ബിയുടെ പ്രവർത്തനം താളംതെറ്റുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കാൻ കൂടിയാണ് നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.