കെ.എസ്.ഇ.ബി താരിഫ് വർധന നീക്കം; നഷ്ടമേറ്റെടുക്കുമെന്ന സർക്കാർ ഉറപ്പ് മറന്നു
text_fieldsപാലക്കാട്: നഷ്ടം ചൂണ്ടിക്കാട്ടി വൈദ്യുതിനിരക്കിൽ വൻ വർധന വരുത്താനുള്ള ശിപാർശയുമായി കെ.എസ്.ഇ.ബി റെഗുലേറ്ററി കമീഷന് മുന്നിലെത്തുമ്പോൾ മറന്നുപോകുന്നത് 2024-25ൽ കെ.എസ്.ഇ.ബിയുടെ 90 ശതമാനം നഷ്ടവും സംസ്ഥാന സർക്കാർ ഏറ്റെടുക്കുമെന്ന വാഗ്ദാനം. 2023-24 വർഷമുണ്ടായ 90 ശതമാനം നഷ്ടം സർക്കാർ ഏറ്റെടുക്കുമെന്നായിരുന്നു കടമെടുപ്പ് പരിധി അരശതമാനം വർധിക്കാനുള്ള കേന്ദ്രനിബന്ധനയിൽ ഒപ്പുവെച്ചപ്പോൾ കഴിഞ്ഞവർഷം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്.
2021-22 മുതൽ 2024-25 വരെ നാലു വർഷത്തേക്കുള്ള പ്രോത്സാഹന പദ്ധതി നടപ്പാക്കാനാണ് കേന്ദ്രം നിബന്ധനയോടെ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കൂട്ടിയത്. ഇതനുസരിച്ച് 2023-24ൽ നഷ്ടത്തിന്റെ 90 ശതമാനവും അടുത്തവർഷം നഷ്ടം പൂർണമായും സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്നാണ് നിബന്ധന. 2023ൽ കെ.എസ്.ഇ.ബിയുടെ 2021-22ലെ നഷ്ടത്തിന്റെ 75 ശതമാനമായ 767.51 കോടി സംസ്ഥാന സർക്കാർ ഏറ്റെടുത്തിരുന്നു. പകരമായി കേന്ദ്രം അധിക കടമെടുപ്പായ 4263 കോടി രൂപ അനുവദിക്കുകയും ചെയ്തു. ഇതുപോലെ ഈ വർഷം നഷ്ടത്തിന്റെ 90 ശതമാനം വർഷാന്ത്യമെങ്കിലും കിട്ടുമെന്ന പ്രതീക്ഷ കെ.എസ്.ഇ.ബി അധികൃതർക്കുണ്ട്. ദീർഘകാല കരാറുകൾ നഷ്ടമായതിന്റെ പേരിൽ വൈദ്യുതി നിരക്ക് വർധന ഉപഭോക്താക്കൾക്കു മേൽ അടിച്ചേൽപിക്കുന്നത് നഷ്ടക്കണക്കിൽ കുറവ് വരുത്താനുള്ള സംസ്ഥാന സർക്കാറിന്റെ സമ്മർദമാണോ, കൂടുതൽ നീക്കിയിരിപ്പ് ലക്ഷ്യമിട്ടുള്ള കെ.എസ്.ഇ.ബി തന്ത്രമാണോ എന്ന സംശയവുമുയരുന്നുണ്ട്. ഈ സാഹചര്യത്തിൽ അടുത്ത മൂന്നു വർഷങ്ങളിലേക്കായി നേരത്തേ പ്രഖ്യാപിക്കപ്പെട്ട നിരക്കുവർധന ഒഴിവാക്കാവുന്നതാണെന്ന് വൈദ്യുതിരംഗത്തെ വിദഗ്ധർ വിലയിരുത്തുന്നു.
വൈദ്യുതി മേഖലയിലെ ലൈസൻസികൾ നഷ്ടമില്ലാതെയിരിക്കുന്നത് സംസ്ഥാനത്തിന്റെ ആവശ്യമാണെന്നും ഉടൻ സംസ്ഥാനങ്ങൾ ഊർജ കാര്യക്ഷമത വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് അധിക കടമെടുപ്പിന് അനുവാദം നൽകുന്നത്. ഇതിൽ ഒപ്പിട്ടുകഴിഞ്ഞാൽ ലൈസൻസികളുടെ നഷ്ടക്കണക്ക് നികത്താനുള്ള ഉത്തരവാദിത്തം സംസ്ഥാനങ്ങൾക്കാണ്. കെ.എസ്.ഇ.ബിയുൾപ്പെടെ ലൈസൻസികളുടെ നഷ്ടം നിന്നില്ലെങ്കിൽ കേന്ദ്രം സംസ്ഥാനത്തിന് നൽകുന്ന വിഹിതത്തിൽനിന്ന് അധിക കടമെടുപ്പ് തുക പിടിക്കുമെന്ന മുന്നറിയിപ്പും കേന്ദ്രം നൽകിയിരുന്നു. അടുത്ത മൂന്നു വർഷത്തേക്ക് നിരക്ക് വീണ്ടും കൂട്ടണമെന്ന ആവശ്യമുന്നയിച്ച് കെ.എസ്.ഇ.ബി കഴിഞ്ഞ ദിവസമാണ് റെഗുലേറ്ററി കമീഷന് അപേക്ഷ നൽകിയത്. 2024-25 വർഷം യൂനിറ്റിന് ശരാശരി 34 പൈസ കൂട്ടണമെന്നാണ് ആവശ്യം. ഉപഭോഗം കൂടുന്ന ജനുവരി മുതൽ മേയ് വരെ സാധാരണ നിരക്കിനു പുറമെ യൂനിറ്റിന് 10 പൈസ അധികം വേണമെന്നതുൾപ്പെടെയാണ് ഈ നിരക്ക്. കഴിഞ്ഞ വർഷം നവംബറിലാണ് യൂനിറ്റിന് ശരാശരി 20 പൈസ കൂട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.