സാധന സാമഗ്രികൾ ടെൻഡറിൽ ലഭ്യമാകുന്നില്ല; സംഭരണം പുനഃക്രമീകരിച്ച് കെ.എസ്.ഇ.ബി
text_fieldsപാലക്കാട്: സാധന സാമഗ്രികൾ ടെൻഡറിൽ ലഭ്യമാകുന്നില്ലെന്നതുൾപ്പെടെയുള്ള കാരണത്താൽ നിലവിലെ സംഭരണ നടപടിക്രമം കെ.എസ്.ഇ.ബി പരിഷ്കരിച്ചു. കേന്ദ്രീകൃത സംഭരണം നടത്തുന്ന സപ്ലൈ ചെയിൻ മാനേജ്മെന്റ് വിഭാഗത്തിൽ (എസ്.സി.എം) നിന്ന് ഇനം തിരിച്ച് ഉൽപാദന-പ്രസരണ- വിതരണ വിഭാഗം ഉദ്യോഗസ്ഥർക്ക് ചുമതല നൽകുന്നതാണ് പുതിയ പരിഷ്കാരം. നിലവിലെ കേന്ദ്രീകൃത പർച്ചേസ് സംവിധാനം ശക്തിപ്പെടുത്തുന്നതിന് പകരം അതത് വിഭാഗങ്ങളിലെ അമ്പതോളം ചീഫ് എൻജിനീയർമാർക്കും ഡെപ്യൂട്ടി ചീഫ് എൻജിനീയർമാർക്കും ഉൾപ്പെടെ സംഭരണാധികാരം വീതിച്ച് നൽകിയത് ഫീൽഡിലെ ജോലികൾ താളം തെറ്റിക്കാനിടയാക്കിയേക്കുമെന്നാണ് ജീവനക്കാരുടെ ആശങ്ക.
പുതിയ സംഭരണ പുനഃക്രമീകരണത്തിൽ ഏപ്രിൽ 30ന് മുമ്പ് സ്റ്റോക്ക് കണക്കെടുപ്പ് പൂർത്തിയാക്കി നടപടി തുടങ്ങാൻ കെ.എസ്.ഇ.ബി സി.എം.ഡി ഉത്തരവിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ സംവിധാനം ഉടച്ചുവാർക്കുന്നത് പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്നാരോപിച്ച് ജീവനക്കാർ രംഗത്തുവന്നിട്ടുണ്ട്.
നിലവിൽ സെപ്ലെ ചെയിൻ മാനേജ്മെന്റ് വിഭാഗം മുഖേനയാണ് ഉൽപാദന-പ്രസരണ-വിതരണ വിഭാഗങ്ങളുടെ പ്രവർത്തനത്തിനാവശ്യമായ സാധന സാമഗ്രികൾ വാങ്ങുന്നത്. കൂടാതെ ഓരോ വിഭാഗത്തിലെയും ചീഫ് എൻജിനീയർ മുതൽ അസി. എൻജിനീയർ വരെയുള്ള ഉദ്യോഗസ്ഥർക്ക് അനുവദിച്ച ധനപരിധിക്കനുസരിച്ച വാങ്ങലുകളും നടത്തുന്നു.
ഈ സമ്പ്രദായമാണ് ആവശ്യമായത് ഒന്നിച്ച് വാങ്ങാനുള്ള ചുമതല വിവിധ വിഭാഗങ്ങളുടെ ചീഫ് എൻജിനീയർ, ഡെപ്യൂട്ടി സി.ഇ, എക്സി. എൻജിനീയർമാർ എന്നിവർക്കായി വികേന്ദ്രീകരിച്ചത്. എസ്.സി.എം മുഖേനയുള്ള ടെൻഡറുകൾക്ക് ആവശ്യക്കാരെ കിട്ടാത്തതിനാലാണ് പുതിയ സംവിധാനമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
കൃത്യസമയത്ത് സാധന സാമഗ്രികൾ സംഭരിക്കാനാകുന്നില്ല, കരാർ നിബന്ധനകൾക്ക് ഏകീകൃത രൂപമില്ലാത്തത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു, താഴെത്തട്ടിൽ സംഭരിക്കുന്ന ഒരേ ഉൽപന്നം കേന്ദ്രീകൃതമായും നടത്തുന്നു തുടങ്ങിയ കാരണങ്ങൾ ഉത്തരവിൽ എടുത്തുപറയുന്നു.
നിരവധി തവണ വിവിധ ഏജൻസികളെയും വിതരണക്കാരെയും വിളിച്ച് ശിൽപശാലകൾ നടത്തിയിട്ടും പ്രയോജനപ്പെട്ടില്ലെന്നും ചൂണ്ടിക്കാണിക്കുന്നു. എന്നാൽ, ഉത്തരവാദിത്തത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണ് പരിഷ്കാരമെന്നാണ് ഒരു വിഭാഗം ജീവനക്കാരുടെ ആരോപണം. വിവിധ സെക്ഷനുകളിലുള്ള സാധന സാമഗ്രികൾ വ്യത്യസ്ത ഇടങ്ങളിൽ നിന്ന് കേന്ദ്രീകൃതമായി വാങ്ങുന്നത് അധിക ബാധ്യതയാകും. അവശ്യ സാധനങ്ങളുടെ പ്രായോഗികത വിലയിരുത്താൻ ബുദ്ധിമുട്ടാകുമെന്നും ജീവനക്കാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.