അധികഭാരം നൽകി കരാർ മീറ്റർ റീഡർമാരെ വെട്ടിക്കുറക്കാൻ കെ.എസ്.ഇ.ബി
text_fieldsതൃശൂർ: കരാർ മീറ്റർ റീഡർമാരുടെ ജോലിഭാരം വർധിപ്പിച്ചും ജീവനക്കാരെ വെട്ടിക്കുറക്കാൻ ലക്ഷ്യമിട്ടും 'വർക്ക് നോം' (ജോലി മാനദണ്ഡം) പരിഷ്കരിച്ച് കെ.എസ്.ഇ.ബി ഉത്തരവിറക്കി. ആറ് കോർപറേഷനുകളിൽ 'സിറ്റി പരിധി'യെന്ന പുതുമേഖല രൂപവത്കരിച്ച് മീറ്റർ റീഡിങ് നിരക്കിൽ വൻ വെട്ടിക്കുറവ് വരുത്താൻ നിർദേശിച്ചാണ് ഉത്തരവ്. 66 സെക്ഷൻ ഓഫിസുകളിലായി നടക്കുന്ന പരിഷ്കാരത്തിെൻറ ഭാഗമായി 65 കരാർ ജീവനക്കാരെങ്കിലും പുറത്തായേക്കുമെന്നാണ് ആശങ്ക. അർബൻ, സെമി അർബൻ, റൂറൽ, റിമോട്ട് മേഖലകൾ പിളർത്തിയാണ് പുതിയ മേഖല കൂട്ടിച്ചേർത്തത്. ഭൂമിശാസ്ത്ര പ്രത്യേകത, ഉപഭോക്തൃ സാന്ദ്രത എന്നിവ പരിഗണിക്കാതെയായിരുന്നു ഈ മാറ്റം. ഒരു മീറ്റർ റീഡിങ്ങിന് അർബൻ മേഖലയിൽ 5.80 രൂപ, റൂറൽ മേഖലയിൽ 8.10 രൂപ, റിമോട്ട് മേഖലയിൽ 12.10 രൂപ ക്രമത്തിലായിരുന്നു മീറ്റർ റീഡർമാർക്ക് കരാർ നൽകിവന്നിരുന്നത്. എന്നാൽ, 'സിറ്റി' രൂപവത്കരിച്ചപ്പോൾ അതിന് അഞ്ച് രൂപയായി നിജപ്പെടുത്തി.
ഫലത്തിൽ റൂറൽ മേഖലയിൽ 8.10 രൂപയും അർബൻ മേഖലയിൽ 5.80 രൂപയും മീറ്റർ റീഡിങ്ങിന് വാങ്ങിയിരുന്നവർക്ക് സിറ്റി പരിധിയിലെത്തിയപ്പോൾ ഒരു മീറ്റർ റീഡിങ് വരുമാനം അഞ്ച് രൂപയായി ചുരുങ്ങി. ഒരു ദിവസത്തെ മീറ്റർ റീഡിങ് എണ്ണത്തിൽ വർധന വരുത്തുകയും ചെയ്തു. 'സിറ്റി'യിലുൾപ്പെടുന്നവർ 160 മീറ്റർ റീഡിങ് എടുക്കണം. നേരത്തേ 105 റീഡിങ് എടുക്കേണ്ടിയിരുന്ന അർബൻ മീറ്റർ റീഡർ 140 റീഡിങ്ങും 90 മീറ്റർ റീഡിങ് എടുക്കേണ്ടിയിരുന്ന സെമി അർബൻ റീഡർ 120 മീറ്ററും റൂറൽ മേഖലയിൽ 75 മീറ്റർ റീഡിങ് എടുക്കേണ്ടിയിരുന്നയാൾ 100 മീറ്റർ റീഡിങ്ങും എടുക്കണമെന്ന് വർക്ക് ഉത്തരവിൽ പറയുന്നു. തീർത്തും ഉൾപ്രദേശമായ മേഖലയിൽ ദിവസം 70 മീറ്റർ റീഡിങ് എടുക്കണം. നേരത്തേ 50 എണ്ണമേ പ്രതിദിനം എടുക്കേണ്ടി വന്നിരുന്നുള്ളൂ.
എല്ലാ മാസവും 25നകം ജോലി പൂർത്തിയാക്കണം. നേരത്തേ ഇത് 25 പ്രവൃത്തിദിവസത്തിനകം പൂർത്തിയാക്കിയാൽ മതിയായിരുന്നു. ഇതോടെ കരാറുകാർക്ക് 4000 രൂപയുടെയെങ്കിലും കുറവ് വന്നേക്കുമെന്ന് കെ.എസ്.ഇ.ബി കരാർ തൊഴിലാളി ഫെഡറേഷൻ തൃശൂർ ജില്ല സെക്രട്ടറി സി.ജി. സജിത്ത്കുമാർ പറഞ്ഞു. കെ.എസ്.ഇ.ബി അംഗീകരിച്ച സി.ഐ.ടി.യു, എ.ഐ.ടി.യു.സി, യു.ഡി.ഇ.ഇ.എഫ് സംഘടനകളുമായി ചേർന്നാണ് കെ.എസ്.ഇ.ബി ലിമിറ്റഡ് തീരുമാനമെടുത്തത്. മീറ്റർ റീഡർ തസ്തികയിൽ മൊത്തം ജീവനക്കാരുടെ അഞ്ച് ശതമാനമേ സ്ഥിര ജീവനക്കാരായി ഉള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.