കണക്ഷൻ നിരക്ക് കുത്തനെ കൂട്ടാൻ കെ.എസ്.ഇ.ബി; തെളിവെടുപ്പ് 13ന്
text_fieldsപാലക്കാട്: പുതിയ കണക്ഷനായും അതിനായി ലൈൻ നിർമിക്കാനും ട്രാൻസ്ഫോർമർ സ്ഥാപിക്കാനുമായി നിരക്കുകളിൽ വൻ വർധന വരുത്താനുള്ള വൈദ്യുതിവകുപ്പ് നടപടികൾ അന്തിമഘട്ടത്തിൽ. നിരക്ക് പരിഷ്കരിക്കാൻ കെ.എസ്.ഇ.ബി സമർപ്പിച്ച ഹരജിയിൽ വൈദ്യുതി െറഗുലേറ്ററി കമീഷൻ പൊതുതെളിവെടുപ്പ് ഈ മാസം 13ന് നടക്കും. മുമ്പ് നാല് തവണ മാറ്റിവെച്ച തെളിവെടുപ്പാണ് അടുത്ത ബുധനാഴ്ച തിരുവനന്തപുരത്ത് നടക്കുന്നത്.
2018 ൽ അംഗീകരിച്ച നിരക്കനുസരിച്ച് നിലവിൽ ഒരു സിംഗിൾ ഫേസ് സർവിസ് കണക്ഷന് 1740 രൂപയും 10 കിലോവാട്സ് വരെയുള്ള ത്രീ ഫേസ് കണക്ഷന് 4220 രൂപയുമാണ് സർവിസ് കണക്ഷൻ നിരക്ക്. അത് യഥാക്രമം 3604 രൂപയും 6935 രൂപയുമാക്കി ഉയർത്തണമെന്നാണ് കെ.എസ്.ഇ.ബി ആവശ്യം. നിലവിൽ ലൈനുകൾ നിർമിച്ചുനൽകേണ്ട കണക്ഷനുകൾക്ക്, തൂണുകളുടെ എണ്ണം അനുസരിച്ച് ഒരോ കണക്ഷനുകൾക്കും വ്യത്യസ്ത നിരക്കുകളാണ് ഇപ്പോൾ ഈടാക്കുന്നത്.
എന്നാൽ, 200 മീറ്റർ വരെ ലൈൻ വലിച്ച് കണക്ഷൻ നൽകാൻ സിംഗിൾ ഫേസിന് 23,631 രൂപയും ത്രീ ഫേസിന് 37,644 രൂപയുമാക്കി കൂട്ടണമെന്നാണ് കെ.എസ്.ഇ.ബി ആവശ്യം. ഇത് കമീഷൻ അംഗീകരിച്ചാൽ ഒരു പോസ്റ്റ് ഇട്ട് സിംഗിൾ ഫേസ് കണക്ഷൻ എടുക്കുന്നവർക്ക് ഇരട്ടിയിലേറെ ബാധ്യത വരും. നിലവിൽ 35 മീറ്ററിൽ കൂടുതൽ ദൂരം സർവിസ് വയർ വലിച്ച് കണക്ഷനുകൾ നൽകാറില്ല. ഇത്തരം കണക്ഷനുകൾക്ക് പോസ്റ്റ് ഉൾപ്പെടെ സജ്ജീകരിക്കാൻ 10,000 രൂപ ചെലവ് വരാറുണ്ട്. ഈ ചെലവ് 23,631 രൂപയാകും. അതേസമയം, കൂടുതൽ ദൂരം ലൈൻ വലിച്ച് കണക്ഷന് എടുക്കുന്നവർക്ക് ലൈൻ ഏകീകരണത്തിന്റെ പുതിയ മാനദണ്ഡം ലാഭകരമാണ്.
2018 ൽ അംഗീകരിച്ച നിരക്കനുസരിച്ച് നിലവിൽ 10 കിലോവാട്ടിന് മുകളിലുള്ള കണക്ഷന് 14,420 രൂപയാണ് ഈടാക്കുന്നത്. കൂടാതെ ട്രാൻസ്ഫോർമറുകൾ വെക്കേണ്ട കണക്ഷനുകൾക്ക് അതിനുള്ള ചെലവ് ഉപഭോക്താവ് പ്രത്യേകം വഹിക്കേണ്ടിവരുന്നുണ്ട്. ഇതേ കണക്ഷനുകൾക്ക് 19,932 രൂപയും 10 കിലോവാട്ടിന് മുകളിലുള്ള ഓരോ കിലോവാട്ടിനും 1400 രൂപ നിരക്കിലും ഈടാക്കണമെന്നാണ് കെ.എസ്.ഇ.ബിയുടെ പുതിയ ആവശ്യം. ഇവർക്ക് ട്രാൻസ്ഫോർമർ വെക്കേണ്ടി വന്നാൽ അതിനുള്ള ചെലവ് പ്രത്യേകമായില്ല. അത്തരം ഉപഭോക്താക്കൾക്ക് ഇത് ഗുണം ചെയ്യുമെങ്കിലും ചെറുകിടക്കാർക്ക് ഇത് അധികഭാരമാണ്.
നിരക്കുവർധനക്കായി കെ.എസ്.ഇ.ബി െറഗുലേറ്ററി കമീഷന് മുന്നിൽ നിരത്തിയ പല കണക്കുകളും പെരുപ്പിച്ചുകാട്ടിയതാണെന്ന പരാതിയുയരുന്നുണ്ട്. എസ്റ്റിമേറ്റുകളിൽ നൽകിയ പല സാധന സാമഗ്രികളും കെ.എസ്.ഇ.ബി ഫീൽഡിൽ ഉപയോഗിക്കാറില്ല. അതോടൊപ്പം 45 മീറ്റർ ദൂരം വരെ സർവിസ് വയർ വലിച്ച് കണക്ഷൻ നൽകാൻ അനുമതി നൽകിയാൽ നല്ലൊരു പങ്ക് അപേക്ഷകർക്കും ലൈൻ നിർമിക്കാനുള്ള ചാർജ് ഒഴിവാകും. ഇതുൾപ്പെടെയുള്ള കാര്യങ്ങൾ കണക്കിലെടുത്താൽ കെ.എസ്.ഇ.ബി ആവശ്യപ്പെട്ട നിരക്കുകളിൽ വലിയ കുറവ് വരുത്താനാകുമെന്നാണ് ഉപഭോക്തൃ സംഘടനകളുടെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.